Connect with us

National

ബീഹാറില്‍ എന്‍സിഫലൈറ്റിസ് പടരുന്നു; മരണം 92

Published

|

Last Updated

പാറ്റ്‌ന: തലച്ചോറില്‍ പഴുപ്പ് ബാധിക്കുന്ന രോഗമായ എന്‍സിഫലൈറ്റിസ് ബീഹാറില്‍ പടരുന്നു. രോഗം ബാധിച്ച് പതിനഞ്ച് കുട്ടികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരിച്ചത്. ഇതോടെ ഈ രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം 92 ആയതായി അധികൃതര്‍ സ്ഥിരീകരിച്ചു. അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം (എ ഇ എസ്) ബാധിച്ചാണ് ഞായറാഴ്ച പതിമൂന്ന് കുട്ടികള്‍ മരിച്ചത്. രണ്ട് പേര്‍ ഇന്നലെയാണ് രോഗം ബാധിച്ച് മരിച്ചത്.
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ മാത്രമാണ് ആദ്യം ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്തെ പകുതിയിലധികം ജില്ലകളില്‍ നിന്ന് ഈ രോഗം ബാധിച്ച് കുട്ടികള്‍ ചികിത്സ തേടിയിട്ടുണ്ട്. രോഗം സംസ്ഥാനമാകെ പടരുകയാണെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദീപക് കുമാര്‍ പറയുന്നു. വൈശാലി, സമസ്ത്പൂര്‍, ഷിയോഹര്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമഢി, ബെഗുസരായ്, ഗയ, പാറ്റ്‌ന ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി രാംധാനി സിംഗ് പറഞ്ഞു.
രോഗത്തിന് കാരണമായ അണുക്കള്‍ കൊതുകുകള്‍ വഴിയാണ് പരക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം പടരുന്നത് തടയുന്നതിനായി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതി ഈ വര്‍ഷം ആദ്യം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു.

 

Latest