Connect with us

Kerala

വികസനവും പരിസ്ഥിതി സംരക്ഷണവും ഒത്തുചേര്‍ന്നു പോകണമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍

Published

|

Last Updated

കോട്ടയം: വികസനവും പരിസ്ഥിതി സംരക്ഷണവും ഒത്തുചേര്‍ന്നു പോകണമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടത്തെ ആകെ വലയം ചെയ്യുന്ന ഒരു വികസന മാതൃക രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരളാ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച കാര്‍ഷിക-പരിസ്ഥിതി സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികസനം-ചിന്താഭദ്രമായ സംരക്ഷണം എന്നതായിരിക്കണം പുതിയ വികസന മാതൃക.
വികസനത്തിന്റെയും സംരക്ഷണത്തിന്റെയും കാര്യത്തില്‍ തദ്ദേശീയ ജനസമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം കൂടി ഉറപ്പാക്കണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉണ്ടായ വിമര്‍ശനങ്ങള്‍ തെറ്റിദ്ധാരണ മൂലമാണ്. പല നിക്ഷിപ്ത താത്പര്യങ്ങളും മുന്‍നിര്‍ത്തി പലരും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് നടത്തിവരുന്നത്. ഉത്പാദനത്തില്‍ മാത്രമുള്ള വികസനം കാണിച്ച് വികസന അജന്‍ഡ നിശ്ചയിക്കരുത്. സംഘടിത വ്യവസായ മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള കാഴ്ചപ്പാടാണ് മൊത്തം ഉത്പാദനമാക്കി വികസനം ആക്കുന്നത്. രാജ്യത്തിന്റെ മൊത്തം ഉത്പാദനം വര്‍ധിപ്പിക്കുന്നതിലല്ല, ജനങ്ങളുടെ ആഹ്ലാദം വര്‍ധിപ്പിക്കുന്നതിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. തൊഴിലാളി കേന്ദ്രീകൃത വികസനമാണ് ആവശ്യം. പരിസ്ഥിതി സംരക്ഷണം എന്നത് ഭരണകൂടങ്ങളുടെ പരിസ്ഥിതി അനുമതി പത്രങ്ങളായി ദുര്‍വ്യാഖ്യാനിക്കുകയാണെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ശാസ്ത്രീയമായ ചര്‍ച്ച അനിവാര്യമാണെന്ന് ഗാഡ്ഗില്‍ കമ്മിറ്റി അംഗം ഡോ. വി എസ് വിജയന്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്കെതിരായ ഒരു വാക്കു പോലും റിപ്പോര്‍ട്ടിലില്ല. അതേസമയം കര്‍ഷക പക്ഷത്തു നിന്നുള്ള ഒട്ടേറെ നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കിലും അത് ചര്‍ച്ചക്കു വരുന്നില്ല. കര്‍ഷക നന്മക്ക് തനതു വിത്ത്, ഘട്ടം ഘട്ടമായി വിളമാറ്റം വഴിയുണ്ടാവുന്ന നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വക ധനസഹായം തുടങ്ങിയ ധാരാളം നല്ല കാര്യങ്ങളുണ്ട്. ഇതുവഴി നഷ്ടം വരുന്നത് രാസവള കമ്പനിക്കാണ്. കൃഷി, നിര്‍മാണം, ഡാം ഡീ-കമ്മീഷനിംഗ്, മൈനിംഗ്,തുടങ്ങി ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഡോ. വിജയന്‍ പറഞ്ഞു.
കര്‍ഷകരുടെ പരിസ്ഥിതി സേവനം ഗാഡ്ഗില്‍ കമ്മിറ്റി പഠിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയ്‌സന്‍ ജോര്‍ജ് മോഡറേറ്ററായിരുന്നു. ജോയ്‌സ് ജോര്‍ജ് എം പി, രാജു എബ്രഹാം എം എല്‍ എ, വി സുരേന്ദ്രന്‍ പിള്ള, ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍, തോമസ് കുന്നപ്പള്ളി സംസാരിച്ചു.

Latest