Connect with us

National

അസം, മഹാരാഷ്ട്ര, ഹരിയാന മുഖ്യമന്ത്രിമാരെ മാറ്റിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അസം, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഹരിയാനാ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയും മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി. ഹൂഡ ഇന്നലെ രാവിലെ അര മണിക്കൂര്‍ നേരം പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. സോണിയാ ഗന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേലുമായാണ് ചവാന്‍ ചര്‍ച്ച നടത്തിയത്. അസമില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രി ഹിമാന്ത വിശ്വ ശര്‍മ ഇന്ന് ഉന്നത നേതാക്കളെ കാണും. അസമിലും മഹാരാഷ്ട്രയിലും നേതൃമാറ്റം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മഹാരാഷ്ട്രക്ക് പിറകേ ആദ്യമായി നേതൃമാറ്റം വരുന്ന സംസ്ഥാനം അസമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഈ വര്‍ഷം ഒടുവില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ നേതൃമാറ്റം ദുഷ്‌കരമാകും. ഭൂപീന്ദര്‍ ഹൂഡക്ക് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്നാണ് സംസ്ഥാനത്തെ ഒരു പറ്റം നേതാക്കളുടെ പക്ഷം. കേന്ദ്ര നേതാക്കളുമായി നടത്തിയത് പതിവ് കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും നേതൃമാറ്റം ചര്‍ച്ചയായില്ലെന്നും ഹൂഡയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഹരിയാനയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ശക്കീല്‍ അഹ്മദും നേതൃമാറ്റ സാധ്യത നിഷേധിച്ചു. പി സി സി അധ്യക്ഷ സ്ഥാനമോ മുഖ്യമന്ത്രി സ്ഥാനമോ മാറുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തിരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിമാരുടെ മാറ്റവും അന്തരീക്ഷത്തില്‍ നിറയുന്നത്. അസമില്‍ 2016ലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ നിലവിലുള്ള നിയമസഭയുടെ കാലാവധി ഒക്‌ടോബറില്‍ അവസാനിക്കും. മഹാരാഷ്ട്രയില്‍ അത് ഡിസംബറിലാണ്. അസമിലെ ബോഡോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ ഗൊഗോയിക്കെതിരെ വിമര്‍ശമുയര്‍ന്നതാണ്. പാര്‍ട്ടിക്കകത്ത് നിന്നു തന്നെ അദ്ദേഹത്തിന്റെ രക്തത്തിനായി മുറവിളിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം കൂടിയാകുമ്പോള്‍ നേതൃമാറ്റം ഉറപ്പായെന്നാണ് വിലയിരുത്തല്‍. 14 ലോക്‌സഭാ സീറ്റുകളില്‍ മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുള്ളതിനാല്‍ പുതിയ നേതൃത്വത്തിന്‍ കീഴില്‍ നല്ല തയ്യാറെടുപ്പ് നടത്താനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. പക്ഷേ നേതൃമാറ്റം തികഞ്ഞ സമവായത്തിലുടെയാകണമെന്ന് നേതാക്കള്‍ക്ക് നിര്‍ബന്ധമുണ്ട്. അതിന്റെ ഭാഗമായാണ് ഗൊഗോയിയുമായി പല തലങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സംഘത്തെ അസമിലേക്ക് അയക്കാനും സാധ്യതയുണ്ട്.
മഹാരാഷ്ട്രയുടെ കാര്യത്തില്‍ എ കെ ആന്റണിയും ഗുലാം നബി ആസാദും നല്‍കുന്ന റിപോര്‍ട്ടനുസരിച്ചാകും തീരുമാനം. ചവാനെ മാറ്റുമെന്ന് ഉറപ്പാണ്. 48 ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന് ഇവിടെ രണ്ട് സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. സഖ്യകക്ഷിയായ എന്‍ സി പി നേടിയത് നാല് സീറ്റും. ഹരിയാനയില്‍ പത്തില്‍ ഒന്നാണ് കോണ്‍ഗ്രസിന്റെ നില. മുഖ്യമന്ത്രി ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡ മാത്രമാണ് പാര്‍ലിമെന്റ് കണ്ടത്. മുന്‍ കേന്ദ്ര മന്ത്രി കുമാരി സെല്‍ജ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തയിരുന്നു. ഭൂപീന്ദര്‍ ഹൂഡ സ്വമേധയാ രാജി വെക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
ഉത്തര്‍പ്രദേശ് അടക്കം പത്ത് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാരെ മാറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പദ്ധതി.