Connect with us

National

ഇന്ത്യ- യു എസ് ആണവകരാര്‍: ഐ എ ഇ എക്ക് കൂടുതല്‍ പരിശോധനക്ക് വഴിയൊരുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്തോ- യു എസ് ആണവ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ സിവില്‍ ആണവ കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക്(ഐ എ ഇ എ) കൂടുതല്‍ പരിശോധനക്ക് സൗകര്യമൊരുക്കും. ആണവ നയത്തില്‍ മാറ്റം വരുത്താന്‍ മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി. അഡീഷനല്‍ പ്രോട്ടോകോളിന് പുതിയ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇക്കാര്യം വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ എ ഇ എയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആണവ സംവിധാനങ്ങളെ ഐ എ ഇ എയുടെ സുരക്ഷിതത്വ മാനദണ്ഡങ്ങളുടെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള കരാറില്‍ 2008ല്‍ ഒപ്പ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 2009 മാര്‍ച്ചില്‍ അഡീഷനല്‍ പ്രോട്ടോകോളിന് ഐ എ ഇ എ അംഗീകാരം നല്‍കി.
ഈ കരാര്‍ സിവിലിയന്‍ ആണവ രംഗത്ത് 45 അംഗ ആണവ വിതരണ ഗ്രൂപ്പു(എന്‍ എസ് ജി)മായി വാണിജ്യ ബന്ധം സ്ഥാപിക്കാന്‍ വഴിയൊരുക്കി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെച്ചിട്ടില്ലാത്ത ആണവായുധ രാജ്യമെന്ന നിലയില്‍ ഇത്തരമൊരു കരാര്‍ അനിവാര്യമായിരുന്നു. പ്രോട്ടോകോളിന് അംഗീകാരം നല്‍കിയതിലൂടെ ഇന്തോ- യു എസ് ആണവ കരാറുമായി ഗൗരവപൂര്‍വം മുന്നോട്ട് പോകാനാണ് തന്റെ സര്‍ക്കാറിന്റെ നീക്കമെന്ന സന്ദേശമാണ് മോദി നല്‍കിയിരിക്കുന്നത്. അടുത്ത സെപ്തംബറില്‍ നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ഈ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്.

Latest