Connect with us

Business

കുരുമുളക് കുതിക്കുന്നു; സ്വര്‍ണത്തിന് 'തിളക്കം' കൂടി

Published

|

Last Updated

കൊച്ചി: കുരുമുളക് വില വീണ്ടും കുതിച്ചു കയറി. വിദേശ റബ്ബര്‍ മാര്‍ക്കറ്റുകള്‍ മുന്നേറിയിട്ടും ഇന്ത്യന്‍ വ്യവസായികള്‍ നിരക്ക് ഉയര്‍ത്തിയില്ല. നാളികേരോത്പന്നങ്ങളുടെ നിരക്ക് കയറി. ആഭരണ വിപണികളില്‍ പവനു തിളക്കമേറി. കാര്‍ഷിക മേഖലയില്‍ നിന്നുള്ള കുരുമുളക് നീക്കം ചുരുങ്ങിയത് വിപണി നേട്ടമാക്കി. അന്തര്‍ സംസ്ഥാന വ്യാപാരികളും കയറ്റുമതിക്കാരും രംഗത്തുണ്ട്.
പ്രമുഖ വിപണികളിലേക്കുള്ള ചരക്ക് വരവ് ഗണ്യമായി ചുരുങ്ങിയതിന്റെ പിന്‍ബലത്തില്‍ കുരുമുളക് വില ക്വിന്റലിന് 3400 രൂപ വര്‍ധിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് കുരുമുളകിനു അന്വേഷണങ്ങളുണ്ട്. എന്നാല്‍ മലബാര്‍ മുളക് വില ഇതര ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നു നില്‍ക്കുന്നത് കരാറുകള്‍ക്ക് തടസ്സമായി. ആഗോള വിപണിയില്‍ ഇന്ത്യന്‍ വില ടണ്ണിനു 12,600-12,750 ഡോളറാണ്. ഇതിനിടയില്‍ വിലക്കയറ്റം കൂടുതല്‍ ശക്തമാകുമെന്ന നിഗമനത്തില്‍ സ്‌റ്റോക്കിസ്റ്റുകള്‍ ഉത്പന്നം വില്‍പ്പനക്ക് ഇറക്കാതെ പിടിക്കുകയാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 69,000 രൂപയിലും ഗാര്‍ബിള്‍ഡ് 72,000 രൂപയിലും ക്ലോസിംഗ് നടന്നു.
സംസ്ഥാനത്ത് റബ്ബര്‍ ടാപിംഗ് ഇനിയും സജീവമല്ല. ടയര്‍ കമ്പനികള്‍ മുഖ്യ വിപണികളില്‍ നിലയുറപ്പിച്ചിരുന്നെങ്കിലും ഷീറ്റു വില ഉയര്‍ത്താന്‍ അവര്‍ തയ്യാറായില്ല. നാലാം ഗ്രേഡ് റബ്ബര്‍ വില 14,600 രൂപയാണ്. അഞ്ചാം ഗ്രേഡ് റബ്ബര്‍ 14,100 ല്‍ നിന്ന് 14,000 ലേക്ക് താഴ്ന്നു. കൊച്ചിയില്‍ 800 ടണ്‍ റബ്ബറിന്റെ കൈമാറ്റം നടന്നു.
ടോക്കോമിലും സിക്കോമിലും റബ്ബര്‍ വിലയില്‍ ഉണര്‍വ് കണ്ടെങ്കിലും അത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചില്ല. തായ്‌ലന്‍ഡ് കര്‍ഷകരില്‍ നിന്ന് സംഭരിച്ച രണ്ട് ലക്ഷം ടണ്‍ റബ്ബര്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂവെന്ന് വ്യക്തമാക്കിയതാണ് ഏഷ്യയിലെ പ്രമുഖ വിപണികള്‍ക്ക് നേട്ടമായത്.
നാളികേര വിളവെടുപ്പിനെ മഴ ബാധിച്ചതിനാല്‍ കൊപ്ര സംസ്‌കരണം സ്തംഭിച്ച അവസ്ഥയിലാണ്. കൊപ്ര വാങ്ങാന്‍ ഓയില്‍ മില്ലുകാര്‍ പരക്കം പാഞ്ഞതോടെ നിരക്ക് 9550 ല്‍ നിന്ന് 10,000 ലേക്ക് കുതിച്ചു. ഇതിനിടയില്‍ വെളിച്ചെണ്ണ വില 14,100 ല്‍ നിന്ന് 14,600 ലേക്ക് ഉയര്‍ന്നു. ചുക്കിനു ഒരു മാസമായി തുടരുന്ന തളര്‍ച്ച വിട്ടുമാറിയില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ലഭ്യമായ സാഹചര്യത്തില്‍ അവിടെ നിന്ന് ചുക്കിനു ഓര്‍ഡറുകള്‍ പ്രതീക്ഷിക്കാം. അതേ സമയം കയറ്റുമതി ഓര്‍ഡറുകള്‍ ഇനിയും എത്തിയിട്ടില്ല. മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്.
സ്വര്‍ണ വില പവനു 680 രൂപ വര്‍ധിച്ചു. പവന്‍ 20,520 രൂപയില്‍ നിന്ന് 21,200 ലേക്ക് കയറി. ഒരു ഗ്രാമിന്റെ വില 2565 രൂപയില്‍ നിന്ന് 2650 രൂപയായി. ലണ്ടനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിനു 1276 ഡോളറില്‍ നിന്ന് 1300 ലെ തടസ്സം കടന്ന് 1321 ഡോളറായി.

Latest