Connect with us

Health

പനിച്ചു വിറക്കുന്ന നാടും പ്രതിരോധ മാര്‍ഗങ്ങളും

Published

|

Last Updated

മഴ കഴിഞ്ഞ ദിവസം വന്നെത്തിയതേയുള്ളൂ. എത്ര പെട്ടെന്നാണ് പകര്‍ച്ചപ്പനികള്‍ പാഞ്ഞെത്തിയിരിക്കുന്നത്. പഴയ കാലത്തൊന്നും ഇതായിരുന്നില്ല അവസ്ഥ. വസ്തുതകള്‍ ഇവിടെയെത്തിയ സ്ഥിതിക്ക് വലിയ പുനര്‍വിചിന്തനങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. വര്‍ഷ കാലം കേരളീയരെ സംബന്ധിച്ചിടത്തോളം പേടിക്കേണ്ട കാലമായി മാറി എന്നതാണിന്നത്തെ അവസ്ഥ. മഴക്കാലം വന്നതോടുകൂടി കേരളത്തില്‍ പനിഭീതിയും അതിനോടനുബന്ധിച്ച പല വിഷമങ്ങളും ഉണ്ടായതില്‍ അത്ഭുതമില്ല. പൊതുവെ ദുര്‍ബല; പോരാത്തതിന് ഗര്‍ഭിണിയും എന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലെ എച്ച്1 എന്‍1 പനിയുടെ (പന്നിപ്പനി) വരവുകൊണ്ടുണ്ടായിട്ടുള്ളത്. വൈറസുകള്‍ക്ക്, ബാക്ടീറിയകളെ പോലെ സെല്‍ഭിത്തികള്‍ ഇല്ല. അതുകൊണ്ട് അവ ഓരോ കാലഘട്ടത്തിലും രൂപവും ഭാവവും മാറ്റി അവതരിക്കുകയും വൈവിധ്യമാര്‍ന്ന രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കാലാകാലങ്ങളില്‍ അത് വൈറ്റ് പ്ലേഗായും പക്ഷിപ്പനിയായും ചിക്കന്‍ ഗുനിയയായും പന്നിപ്പനിയായും പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. വാസ്തവത്തില്‍ അത് കോശങ്ങളിലെ ആറ്റമുകളുമായി ബന്ധപ്പെടുന്നതിന്റെ കണക്ക് പ്രകാരമാണ് എച്ച്1 എന്‍1 എന്ന പേര്‍ വന്നത്. 16 തരം എച്ച് (എച്ച്1 -എച്ച്16)ഉം ഒമ്പത് തരം എന്‍ (എന്‍1-എന്‍9) ഉം ഉണ്ട്. പന്നിപ്പനി എച്ച്5 എന്‍1 ആണ്. ഈ പനി ആദ്യമായി പന്നിയില്‍ നിന്ന് വന്നതായിരിക്കാമെങ്കിലും ഇപ്പോള്‍ അതിന് പന്നിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇങ്ങനെയെല്ലാം പകരാം

ഇന്ന് എച്ച്1 എന്‍1 പകരുന്നത് മനുഷ്യനില്‍ നിന്ന് അയാളുടെ കഫത്തിലും ഉമിനീരിലും മറ്റുമുള്ള വൈറസുകള്‍ മറ്റൊരാളുടെ ശ്വാസകോശത്തിലെത്തിച്ചേരുമ്പോഴാണ് (ഉഞഛഉഘഋഠ കചഎഋഇഠകഛച). ഇത് വായുവില്‍ കൂടിയാണ് പകരുന്നത്. നമ്മള്‍ ചുമയ്ക്കുമ്പോള്‍ ഒരു മീറ്റര്‍ ദൂരം വരെ അണുവിന് സഞ്ചരിക്കാന്‍ സാധിക്കും. അതിനാല്‍ കൂട്ടം കൂടി നില്‍ക്കുന്നതുകൊണ്ടും പൊതുയോഗങ്ങള്‍, വിമാനയാത്രകള്‍, സിനിമാ തിയറ്ററുകള്‍, മാളുകള്‍, ആളുകള്‍ കൂടുന്ന ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം രോഗം പകരുന്നു. തുപ്പലില്‍ നിന്ന് അടുത്തുള്ള പ്രതലങ്ങളില്‍ ഒട്ടിപ്പിടിക്കാനും മൂന്ന് മണിക്കൂര്‍ വരെ അവിടെ കഴിഞ്ഞുകൂടുാനും ഈ തുപ്പല്‍ അവശിഷ്ടത്തിന് സാധിക്കും. അതുകൊണ്ട് ഇത്തരം പ്രതലങ്ങള്‍ തൊട്ടതിന് ശേഷം അശ്രദ്ധമായി കൈ മുഖത്തേക്ക് കൊണ്ടുപോയാല്‍ അണുബാധയുണ്ടായി എന്നു വരാം. ഇന്ത്യയില്‍ ഇന്നു കാണുന്ന എച്ച്1 എന്‍1 ബാധ ബഹുഭൂരിഭാഗവും പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതാണ്.
ലക്ഷണങ്ങള്‍
സാധാരണ വൈറല്‍ ഫഌവറിന്റെ രോഗലക്ഷണങ്ങള്‍ തന്നെയാണ് പന്നിപ്പനിക്കും കാണുന്നത്. പനി, ജലദോഷം, മൂക്കൊലിപ്പ്, ചുമ, ദേഹത്തിലും സന്ധികളിലും വേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചിലപ്പോള്‍ ഛര്‍ദിയും വയറിളക്കവും കാണാറുണ്ട്. ബ്ലഡ് പ്രഷര്‍ താഴുന്നതും നഖങ്ങള്‍ക്ക് നീലനിറം കാണുന്നതും കടുത്ത രോഗലക്ഷണങ്ങളാണ്.

ചികിത്സ:
പന്നിപ്പനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശാവഹമായ കാര്യങ്ങള്‍ രണ്ടാണ്. ഒന്നാമത്, ഇത് എല്ലാവരും കരുതുന്നതുപോലെ അത്ര മാരകമായ രോഗമൊന്നുമല്ല. ഒരു ശതമാനം പേര്‍ മാത്രമേ മരിച്ചുപോകാറുള്ളൂ. അതുതന്നെ അധികവും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളും വൃദ്ധരും മറ്റേതെങ്കിലും ക്രോണിക് രോഗങ്ങള്‍ ഉള്ളവരും ആകാനാണ് സാധ്യത. രണ്ടാമത്തെ കാര്യം, സാധാരണ ഗതിയില്‍ വൈറസുകള്‍ക്ക് ആന്റിബയോട്ടിക്കുകളൊന്നും ഫലപ്രദമാകാറില്ലെങ്കിലും അടുത്ത കാലത്തായി ഈ രോഗം മാറ്റാന്‍ ചില ഔഷധങ്ങള്‍ (ടാമി ഫഌ) ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. പക്ഷേ, ഈ മരുന്നുകള്‍ വിലയേറിയവയാണ്. ഏതായാലും ഇന്ന് പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ഇത് ലഭ്യമാക്കുന്നുണ്ട്.

പനിക്കെതിരായ യുദ്ധം

വൈറല്‍ പനികളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒന്നാമതായി മനസ്സിലാക്കേണ്ടത് നമുക്ക് വൈറസുകളൊന്നുമില്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ സാധ്യമല്ല എന്നുള്ളതാണ്. അതിനെതിരായി നിര്‍മിച്ചിട്ടുള്ള വാക്‌സിന്‍ വില കൂടിയതാണ്, വേണ്ടത്ര ലഭ്യവുമല്ല. മാത്രമല്ല ഇത് ആര്‍ക്കെങ്കിലും പ്രത്യേകമായി കൊടുത്തതുകൊണ്ട് പ്രയോജനമില്ല. 110 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ഈ വാക്‌സിന്‍ സാര്‍വത്രികമായി കൊടുക്കാന്‍ സാധ്യമല്ല. അതുകൊണ്ട് നാം പ്രതിരോധത്തിന് ഊന്നല്‍ കൊടുത്തേ തീരൂ.
പ്രതിരോധത്തിന്
1. മുന്‍കരുതലുകള്‍ എടുക്കുമ്പോള്‍ തന്നെ യാതൊരു ഭീതിക്കും അവകാശമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
2. പരിസരം ശുചിയാക്കി വെക്കുന്നതോടൊപ്പം സ്വയം ശുചിത്വം കാത്തുസൂക്ഷിക്കുക.
3. യാത്രകള്‍, പ്രത്യേകിച്ചും വിദേശയാത്രകള്‍ കഴിവതും ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുക.
4. കൈകൊണ്ട് നിങ്ങളുടെ മുഖം (മൂക്കും വായയും) തൊടാതിരിക്കുക.
5. ഇടക്ക് സോപ്പിട്ട് കൈ കഴുകുക.
6. ചുമക്കുമ്പോള്‍, അല്ലെങ്കില്‍ മൂക്ക് ചീറ്റുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മുഖം തൂവാല കൊണ്ട് മറയ്ക്കുക.
7. സുഖമില്ലെങ്കില്‍ സ്‌കൂളില്‍ പോകാതിരിക്കുക.
8 പനി വന്നാല്‍ ഡോക്ടറെ കാണുക. 90 ശതമാനം പനികളും സാരമുള്ളവയല്ല. അത് ഡോക്ടര്‍ തീരുമാനിക്കട്ടെ.
9. വേണമെങ്കില്‍ ടെസ്റ്റുകള്‍ നടത്തുക.
10. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ കഴിക്കുക.

പഴമ തന്നെ പരിഹാരം

അടുത്ത രണ്ട് കാര്യങ്ങള്‍ പഴമയിലേക്ക് മടങ്ങാനുള്ള ആഹ്വാനങ്ങളാണ്. ആദ്യമായി ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. പനിയുള്ളപ്പോള്‍ പൊടിയരി കഞ്ഞി, പുഴുക്ക് (ചെറുപയര്‍ പുഴുക്കാണുത്തമം) എന്നിവ മാത്രം കഴിക്കുക. മത്സ്യമാംസങ്ങളും എരിവും പുളിയും അധികമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഒരു കാലത്ത് ഇതായിരുന്നു നമുക്ക് ഭക്ഷണത്തിന്റെ മുഖ്യ ഭാഗം. അതു മാറ്റി പിസയും ഹംബര്‍ഗറും ഫാസ്റ്റ് ഫുഡും കോളയും ചിപ്‌സും എല്ലാം നമുക്ക് മുഖ്യ ആഹാരമായിത്തീര്‍ന്നതോടെയാണ് പല രോഗങ്ങളും (പനിയുള്‍പ്പെടെ) ഇത്രയേറെ പരന്നുപിടിക്കാനിടയായത്. പനിയുള്ള സമയത്ത് ധാരാളം വെള്ളവും കുടിക്കണം.
പനി ഉണ്ടാകുമ്പോള്‍ ഭാരിച്ച ജോലികള്‍ ഒന്നും ചെയ്യരുത്. ധാരാളം വിശ്രമിക്കണം. ബെഡ് റെസ്റ്റ് തന്നെയാണ് നല്ലത്. കൊതുക് കടിയില്‍ നിന്ന് രക്ഷനേടാന്‍ പരിസരം ശുചിയായി സൂക്ഷിക്കുന്നതിനൊപ്പം കൊതുകുവലയും മറ്റും ഉപയോഗിക്കുന്നത് നന്ന്.

വീണ്ടും വീണ്ടും പനി എന്തുകൊണ്ട്?

കേരളത്തിന്റെ ഭൂപ്രകൃതിയും കാലവസ്ഥയും കാരണം വര്‍ഷത്തില്‍ വളരെയേറെക്കാലം വെള്ളം കെട്ടിക്കിടക്കുകയും ചതുപ്പുകളും മറ്റും ഉണ്ടാകുകയും ചെയ്യുന്നു. ഇത് കൊതുക് വളര്‍ച്ചക്കും ശ്വാസകോശ രോഗങ്ങളും ഫഌവും വര്‍ധിക്കാനും കാരണമാകുന്നു. റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന ചിരട്ടകള്‍, അനാവശ്യമായി ഉണ്ടാക്കപ്പെട്ട ലീച്ചുപീറ്റുകള്‍, പ്ലാസ്റ്റിക് വേസ്റ്റ് എന്നിവയെല്ലാം ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മലേറിയയെ നാം കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്തതായിരുന്നു. പക്ഷേ, കുറച്ച് അനോഫിലീസ് കൊതുകുകള്‍ അപ്പോഴും ഇവിടെയുണ്ടായിരുന്നു. കേരളീയര്‍ക്ക് അധ്വാനമുള്ള ജോലികള്‍ ചെയ്യാനുള്ള മടികൊണ്ട്, ഒറീസയില്‍ നിന്നും ബീഹാറില്‍ നിന്നും ജോലിക്കാരെ കൊണ്ടുവന്നതോടു കൂടി മലേറിയ ഉള്ള ഒരു റിസര്‍വോയറും കൂടി നാം ഏറ്റെടുത്തു. അതുകൊണ്ടാണ് കേരളത്തില്‍ മലേറിയക്ക് പുനര്‍ജന്മം ഉണ്ടായത്.
ഒരു കാര്യം കൂടി ഇവിടെ പറയട്ടെ. പനി സീസണ്‍ വന്നാല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അസംബ്ലികള്‍ വേണ്ടെന്നും പനി ഉണ്ടായാല്‍ അവര്‍ സ്‌കൂളിലേക്ക് വരരുതെന്നും വിദ്യാഭ്യാസ വകുപ്പധികൃതര്‍ നിര്‍ദേശിക്കാറുണ്ട്. പക്ഷേ, ഇതിനെക്കാളെല്ലാം നല്ല നിര്‍ദേശം മറ്റൊന്നുണ്ട്; വെക്കേഷന്‍ മാര്‍ച്ചിലും ഏപ്രിലിലും കൊടുക്കുന്നതിനു പകരം ജൂണിലും ജൂലൈയിലും കൊടുത്താല്‍ കുട്ടികള്‍ മഴ നനഞ്ഞു സ്‌കൂളില്‍ പോയി പനി പിടിക്കാനിടവരാതിരിക്കും. വടക്കെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഈ സമയത്താണ് വെക്കേഷന്‍ എന്ന് ഓര്‍ക്കുക. വേനല്‍ക്കാലത്ത് കുട്ടികള്‍ക്കു സ്‌കൂളില്‍ വരുന്നതിന് ഒരു വിഷമവുമില്ല. വെയിലുകൊള്ളാതെ ക്ലാസുകളില്‍ ഇരിക്കുന്നത് നല്ലതാണു താനും. തിരുവാതിര ഞാറ്റുവേലയിലാണ് വെക്കേഷന്‍ വേണ്ടത്.

(കോഴിക്കോട് മെഡി.കോളജ് റിട്ട. പ്രിസന്‍സിപ്പലാണ് ലേഖകന്‍)