Connect with us

Ongoing News

സംസ്ഥാനത്ത് അരി വില കൂടും

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ പൊതുവിതരണ സംവിധാനം തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന സൂചനകള്‍ ലഭിച്ചതായി മുഖ്യമന്ത്രി. റെയില്‍വേ ചരക്ക് കൂലി ഉയര്‍ത്തിയത് സംസ്ഥാനത്തെ അരി വില വര്‍ധിക്കാനിടയാക്കുമെന്ന് ഭക്ഷ്യ മന്ത്രിയും പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഇരുവരും.
കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം തീരുമാനങ്ങള്‍ ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ചര്‍ച്ചക്ക് തയാറാണെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച പ്രതിപക്ഷം പതിവ് വാക്കൗട്ടിന് മുതിര്‍ന്നില്ല. പ്രതിപക്ഷവുമായി കൂടിയാലോചിച്ച് ചര്‍ച്ചക്കുള്ള സമയം നിശ്ചയിക്കാമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു.
പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന സൂചനകള്‍ ഭക്ഷ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തത്കാലം ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുന്നില്ല. ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. ചരക്കുകൂലി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതും. പാചകവാതക, ഡീസല്‍ വില വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളെ മറന്നുകൊണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സീസണ്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് നിശ്ചിത വരുമാനക്കാരെ ബാധിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടി വേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ഇത്തരം നടപടികളുടെ ആഘാതം ഏല്‍ക്കേണ്ടി വരുന്നത് പാവപ്പെട്ടവരാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്രത്തിന് കത്തെഴുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍വേ ചരക്ക് കൂലി വര്‍ധിപ്പിച്ച നടപടി വിപണിയില്‍ പ്രതിഫലിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കേരളത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളില്‍ 15 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ 95 ശതമാനവും ലോറി മുഖേനയാണ്. എന്നാല്‍ ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയുടെ 90 ശതമാനവും റെയില്‍വേ മുഖേനയാണ്, പ്രത്യേകിച്ച് ആന്ധ്രയില്‍ നിന്നുള്ള അരി ഇറക്കുമതി. അതുകൊണ്ട് അരി വില വര്‍ധിക്കാനുള്ള സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ ഈ നിലപാട് അംഗീകരിക്കാനാകില്ല. ജനങ്ങളുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ എന്‍ ഡി എ കടുത്ത ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിലക്കയറ്റത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും സര്‍ക്കാര്‍ പരിശോധന നടത്തി വരികയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാത്തവര്‍ക്ക് എതിരെയും കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
റെയില്‍വേ നിരക്ക് വര്‍ധനക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരണമെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച എളമരം കരീം ആവശ്യപ്പെട്ടു. എല്ലാ അവശ്യവസ്തുക്കളുടെയും വില വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും എളമരം കരീം പറഞ്ഞു.

Latest