Connect with us

Ongoing News

തിരുത്താതെ മുന്നോട്ട് പോകാനാകില്ല: കാരാട്ട്

Published

|

Last Updated

തിരുവനന്തപുരം: തോല്‍വികളുടെ പശ്ചാത്തലത്തില്‍ സംഘടനാ തലത്തില്‍ സമഗ്രമായ തിരുത്തലിന് നിര്‍ദേശം നല്‍കി മൂന്ന് ദിവസം നീണ്ട സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ സമാപിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയത്. പശ്ചിമ ബംഗാളിലും കേരളത്തിലും തിരുത്തലുകള്‍ വരുത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചക്ക് മറുപടി നല്‍കവെ കാരാട്ട് പറഞ്ഞു. നേതൃത്വത്തിന്റെ രീതിയും ശൈലിയും മാറണമെന്ന് ആവശ്യമുയര്‍ന്നു. നേതൃത്വത്തിന്റെ ശൈലി മാറാതെ പുതുതലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകില്ല. നിലവിലെ ശൈലി ജനങ്ങളെയും സഖാക്കളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നതാണെന്നും വിമര്‍ശമുയര്‍ന്നു. എന്നാല്‍, എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ചാണ് എടുത്തതെന്നും സ്വന്തമായി ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് ഫലത്തില്‍ ചെറിയ നേട്ടമുണ്ടായിട്ടുണ്ടെങ്കിലും അനുകൂല സാഹചര്യത്തില്‍ ഈ ഫലം തീരെ തൃപ്തികരമല്ല. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം പാര്‍ട്ടിക്ക് ലഭിച്ചി ല്ല. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഷൊര്‍ണൂരിലെ വിമത നേതാവ് എം ആര്‍ മുരളിയെയും കൂട്ടരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കും. ഇവരുടെ പ്രവര്‍ത്തന മണ്ഡലം ബ്രാഞ്ച് ഘടകമായിരിക്കും.
നമോ വിചാര്‍ മഞ്ചില്‍ നിന്ന് സി പി എമ്മിലേക്ക് വന്ന ഒ കെ വാസുവിനും അനുകൂലികള്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സംഘടനാ ഒരുക്കങ്ങള്‍ ആരംഭിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംബന്ധിച്ച നയരേഖക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സൂക്ഷ്മമായി നിരീക്ഷിക്കണം. വാര്‍ഡ് വിഭജനത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണം.
സി പി എമ്മിന് താഴെത്തട്ടിലുണ്ടായിരുന്ന സ്വാധീനം ഇല്ലാതായതായി സംസ്ഥാന സമിതി വിലയിരുത്തി. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും പാര്‍ട്ടിക്ക് നേടാനായ വോട്ടുകളും പരാജയ കാരണങ്ങളും യോഗം അവലോകനം ചെയ്തു.
വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യം ഗൗരവമായി കാണണമെന്നും പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ടായിട്ടും ഒരു മണ്ഡലമൊഴികെ തെക്കന്‍ കേരളം പൂര്‍ണമായി കൈവിട്ടത് തിരിച്ചടിയാണെന്നും അഭിപ്രായമുയര്‍ന്നു. മധ്യ കേരളത്തില്‍ രണ്ട് സീറ്റുകള്‍ ലഭിച്ചത് യു ഡി എഫിന്റെ പിഴവ് മൂലമാണെന്നും അത് പാര്‍ട്ടിയുടെ നേട്ടമായി കരുതേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നു. ആര്‍ എസ് പി മുന്നണി വിട്ടത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനെ ബാധിച്ചു. കൊല്ലത്ത് സി പി എം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുകയായിരുന്നെന്നും യോഗം വിലയിരുത്തി.

 

Latest