Connect with us

Editorial

വൈദ്യുതി: പുതിയ മാര്‍ഗങ്ങള്‍ തേടണം

Published

|

Last Updated

ജൂണ്‍ അവസാനിക്കാറായിട്ടും കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ദുര്‍ബലമായ കാലവര്‍ഷം, കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ലെ കുറവ്, അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത, ജലവൈദ്യുത നിലയങ്ങള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടേണ്ടി വന്നത് തുടങ്ങിയവയാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഈ മാസം 837 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമെങ്കിലും സംഭരണികളില്‍ എത്തുമെന്നായിരുന്നു വൈദ്യുത ബോര്‍ഡിന്റെ പ്രതീക്ഷ. നൂറ് ദശലക്ഷം യൂനിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്.
പ്രതിദിനം 3,700 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ള സംസ്ഥാനത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത് 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. ഉത്പാദനത്തിലെ ഗണ്യമായ കുറവ് മുലമാണ് കെ എസ് ഇ ബി മുക്കാല്‍ മണിക്കൂര്‍ പ്രഖ്യാപിത ലോഡ് ഷെഡിംഗും പലപ്പോഴായി അപ്രഖ്യാപിത ലോഡ് ഷെഡിംഗും നടത്തുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കേരളം തമിഴ്‌നാടിനെയാണ് ഉറ്റുനോക്കുന്നത്. കാറ്റില്‍ നിന്ന് തമിഴ്‌നാട് അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിന് നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തെഴുതിയിരക്കയാണ്. മുമ്പ് തമിഴ്‌നാട്ടില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോള്‍ കേരളമാണ് സഹായിച്ചത്. അന്ന് കെ എസ് ഇ ബിയുമായി തമിഴ്‌നാട് ഉണ്ടാക്കിയതുപോലുള്ള കരാര്‍ നടപ്പിലാക്കണമെന്നതാണ് കേരളത്തിന്റെ നിര്‍ദേശം. തമിഴ്‌നാട് കനിഞ്ഞില്ലെങ്കില്‍ ലോഡ്‌ഷെഡിംഗും സംസ്ഥാനത്തെ വൈദ്യുത ഉപഭോക്താക്കളുടെ ദുരിതവും ഇനിയും ഏറെ നാള്‍ തുടരും.
അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അയല്‍ സംസ്ഥാനങ്ങളെയാണ് നാം ആശ്രയക്കുന്നത്. ഇപ്പോള്‍ വൈദ്യുതിക്കും അവരെ സമീപിക്കേണ്ടി വന്നത് ഊര്‍ജോത്പാദനം വര്‍ധിപ്പിക്കാനുള്ള വഴികളെക്കുറിച്ചു ഗൗരവപൂര്‍വം ആലോചിക്കാനും പദ്ധതികളാവിഷ്‌കരിക്കാനും സംസ്ഥാനത്തെ നിര്‍ബന്ധിതമാക്കിയിരിക്കയാണ്. 1990ന് മുമ്പത്തെ ഊര്‍ജാവശ്യം പരിഹരിക്കാനാവശ്യമായ ഉത്പാദനശേഷിയേ ഇന്നും സംസ്ഥാനത്തിനുള്ളൂ. അക്കാലത്ത് ആവിഷ്‌കരിച്ച ചില പദ്ധതികള്‍ക്കു ശേഷം സംസ്ഥാനത്ത് കാര്യമായ പുതിയ വൈദ്യുതി ഉത്പാദന സംരംഭങ്ങള്‍ ആരംഭിച്ചിട്ടില്ല. മുഖ്യമായും മഴയെ ആശ്രയിക്കുന്ന പദ്ധതികളെയാണ് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനം നടപ്പിലാക്കിയത്. നിലവില്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് കേരളം ഉത്പാദിപ്പിക്കുന്നത് 2000 മെഗാവാട്ട് വൈദ്യുതിയാണ.് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യകത 3700 മെഗാവാട്ടും. ഉത്പാദനവും ആവശ്യകതയും തമ്മിലുള്ള ഈ വിടവ് നികത്താന്‍ പരമ്പരാഗത കാഴ്ചപ്പാടുകളും ആശയങ്ങളും മാറ്റിവെച്ചു സംസ്ഥാനത്തിന്റെ വികസനത്തിന് അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തുകയും സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സോളാര്‍, ജൈവ ഊര്‍ജ സ്രോതസ്സുകള്‍, കാറ്റ്, ഹൈഡ്രജന്‍ ഇന്ധനം തുടങ്ങിയ മാര്‍ഗങ്ങളിലാണ് ഇനി പ്രതീക്ഷ. സൗരോര്‍ജം ധാരാളം ലഭ്യമാകുന്ന സംസ്ഥാനത്ത് സൗരോര്‍ജ്ജ വൈദ്യുതി നിര്‍മാണത്തിന് സാധ്യത ഏറെയാണ്. സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഖരമാലിന്യ സംസ്‌കരണം വലിയൊരു പ്രശ്‌നമായി അവശേഷിക്കുകയാണ്. അവ ഉപയോഗിച്ചു വൈദ്യുതിയും വാതകവും നിര്‍മിച്ചാല്‍ ഊര്‍ജ പ്രതിസന്ധിക്കൊപ്പം മാലിന്യ സംസ്‌കരണത്തിനും പരിഹാരമാകും. തമിഴ്‌നാടും ഗുജറാത്തും കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് അവരുടെ ഊര്‍ജ പ്രതിസന്ധി പരിഹരിച്ചത്. നേരത്തെ തമിഴ്‌നാടും കേരളവും കാറ്റില്‍ നിന്ന് ഉത്പാദിപ്പിച്ചിരുന്നത് രണ്ട് മെഗവാട്ട് വൈദ്യുതിയായിരുന്നെങ്കില്‍ ഇന്ന് തമിഴ്‌നാടിന്റെ ഈ മാര്‍ഗേണയുള്ള ഉത്പാദനം 6000 മെഗാവാട്ടായി ഉയര്‍ന്നു. കേരളത്തിന്റെത് 32 മെഗാവാട്ട് മാത്രവും. കാറ്റില്‍ നിന്ന് കേരളത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിരപ്പള്ളി പദ്ധതി, ഒറീസയിലെ കല്‍ക്കരിപ്പാടത്ത് നിന്നും കേരളത്തിന് അനുവദിച്ച കല്‍ക്കരി ഉപയോഗപ്പെടുത്തിയുള്ള ചീമേനി സൂപ്പര്‍ താപനിലയം, അനുമതി കാത്തുകിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയവ കൂടി പൂര്‍ത്തീകരിച്ചാല്‍ സംസ്ഥാനത്തിന്റെ ഊര്‍ജ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാനാകും.

Latest