Connect with us

National

ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഹജ്ജിന് പോകുന്നവരുടെ സൗകര്യം വര്‍ധിപ്പിക്കുമെന്നും 20 ശതമാനം വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാന്‍ സൗഉദിയോട് ആവശ്യപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍.
ഹജ്ജിന് പോകുന്നവര്‍ക്ക് സൗകര്യങ്ങള്‍ കുറവാണെന്നും കാശ്മീരില്‍ നിന്നുള്ള ഹാജിമാരോട് എയര്‍ ഇന്ത്യ കാണിക്കുന്നത് ഇരട്ടാത്താപ്പണെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കാശ്മീരില്‍ നിന്നുള്ള ഹാജിമാരില്‍നിന്ന് 1.54 ലക്ഷം രൂപയാണ് എയര്‍ ഇന്ത്യ ടിക്കറ്റിനത്തില്‍ വാങ്ങുന്നത്. മറ്റുള്ള സ്ഥലങ്ങളില്‍ ഇത് 62,800 രൂപയാണെന്ന് സുഷമ പറഞ്ഞു. ഹജ്ജ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. താമസ സൗകര്യമാണ് ഹാജിമാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിന് ശാശ്വത പരിഹാരമെന്ന നിലക്ക് ഇന്ത്യ സ്വന്തം താമസ സ്ഥലങ്ങള്‍ മക്കയിലും പരിസര പ്രദേശങ്ങളിലും കണ്ടെത്തും. സൗഉദി സര്‍ക്കാറിന്റെ സഹകരണത്തോടെ ചില കെട്ടിടങ്ങള്‍ നിര്‍മിക്കും. മൂന്ന് മാസം ഹാജിമാര്‍ക്കും പിന്നീട് ഉംറക്കും സിയാറത്തിനും പോകുന്നവര്‍ക്കുമായി ഉപയോഗപ്പെടുത്തുമെന്നും സുഷമ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യക്ക് മക്കയിലും മദീനയിലും ധാരാളം വസ്തുവഹകള്‍ ഉണ്ടായിരുന്നു. ഇന്ന് അവക്ക് എന്ത് സംഭവിച്ചു എന്ന് സര്‍ക്കാര്‍ അന്വേഷിക്കും. ഹാജിമാര്‍ക്കായി ഉപകാരപ്പെടുത്താനായി ഇവ നേടിയെടുക്കാനുള്ള നടപടി ഉടനെ തുടങ്ങും. സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് കരാര്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് പലര്‍ക്കും ഹജ്ജിന് സൗകര്യം ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഹജ്ജ് യാത്ര സൗകര്യപ്രദമായിരിക്കണമെന്നും സുഷമ പറഞ്ഞു. പോകുമ്പോള്‍ പലരും സന്തോഷത്തിലാകും എന്നാല്‍ തിരിച്ചെത്തുന്നത് നിരാശയിലാകുന്നത് കണ്ടിട്ടുണ്ട്. 12 കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹജ്ജ് ആക്ടില്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ തേടി വേണമെങ്കില്‍ ഭേദഗതി വരുത്തുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

---- facebook comment plugin here -----

Latest