Connect with us

National

മോദിയുടെ അധികാര കേന്ദ്രീകരണ തന്ത്രം: തെളിവായി കാബിനറ്റ് കമ്മിറ്റികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: “മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേര്‍ണന്‍സ്” എന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയം ചെലവ് ചുരുക്കലിനപ്പുറം അധികാര കേന്ദ്രീകരണത്തിനാണെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. മന്ത്രാലയങ്ങള്‍ കൂട്ടിയോജിപ്പിക്കുകയും കാബിനറ്റ് കമ്മിറ്റികളുടെ വലിപ്പം കുറക്കുകയും ചെയ്തത് നരേന്ദ്ര മോദിയുടെ അധികാര കേന്ദ്രീകരണ തന്ത്രമാണെന്ന വിമര്‍ശമാണ് ഉയരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറ് പ്രധാന കാബിനറ്റ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചത്. ഇതില്‍ നാലിന്റെ അധ്യക്ഷനും പ്രധാനമന്ത്രി മോദിയാണ്. ബാക്കി രണ്ടെണ്ണം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും. യു പി എ സര്‍ക്കാരിന്റെ കാലത്തെ നിക്ഷേപം സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി രൂപവത്കരിച്ചിട്ടേയില്ല. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സംബന്ധിച്ചായിരുന്നു ഈ കമ്മിറ്റി.
മോദിയുടെ മന്ത്രിസഭക്ക് കീഴില്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി(സി സി ഇ എ)ക്കാണ് അമിതമായ ജോലിഭാരം വരുന്നത്. കൂടുതല്‍ അധികാരങ്ങളും. ഇത് പ്രയോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വില സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി, യു ഐ ഡി എ ഐ കമ്മിറ്റി തുടങ്ങിയവയെല്ലം മോദി പിരിച്ചു വിട്ടു. ഇവയുടെയെല്ലാം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സാമ്പത്തിക കാബിനറ്റ് കമ്മിറ്റി വരും. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ ചുമതലയും ഇതേ സമിതി നിര്‍വഹിക്കും. ഈ കമ്മിറ്റിയിലെ അംഗങ്ങളെ നോക്കിയാല്‍ അധികാര കേന്ദ്രീകരണത്തിന്റെ സ്വഭാവം മനസ്സിലാകും. സാമ്പത്തിക കാബിനറ്റ് കമ്മിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി എന്നിവര്‍ അംഗങ്ങളാണ്. എന്നുവെച്ചാല്‍ പ്രധാന തീരുമാനങ്ങളെല്ലാം ഈ സംഘം കൈക്കൊള്ളും.
മുന്‍ യു പി എ സര്‍ക്കാറും മുന്‍ എന്‍ ഡി എ സര്‍ക്കാറും ഇത്തരം സുപ്രധാന കമ്മിറ്റിയില്‍ സഖ്യശക്തികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തവണ ആ പതിവും തെറ്റിച്ചു. രണ്ട് പേര്‍ മാത്രമാണ് സി സി ഇ എയില്‍ “പുറത്ത് നിന്ന്” ഉള്ളവര്‍. ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമൃത് കൗര്‍ ബാദല്‍, സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു എന്നിവരാണ് അത്. രാംവിലാസ് പാസ്വാന്‍, അനന്ത് ഗീതെ തുടങ്ങിയവര്‍ പുറത്തായി. കഴിഞ്ഞ വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ശിവസേനക്ക് സി സി ഇ എയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു.
അത്ര തന്നെ പ്രധാനമല്ലാത്ത രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റിയിലാണ് ഘടകകക്ഷികള്‍ക്ക് ഇടമൊരുക്കിയിരിക്കുന്നത്. പാര്‍ലിമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം മുതിര്‍ന്ന മന്ത്രിക്ക് നല്‍കുകയെന്ന യു പി എ മാതൃക മോദി സര്‍ക്കാറും പിന്തുടര്‍ന്നിട്ടുണ്ട്. രാജ്‌നാഥ് സിംഗാണ് അധ്യക്ഷന്‍. രാംവിലാസ് പാസ്വാന്‍ മാത്രമാണ് ഇവിടെ സഖ്യകക്ഷികളുടെ പ്രതിനിധി.
കഴിഞ്ഞ മന്‍മോഹന്‍ സിംഗ് സര്‍ക്കാറില്‍ 12 കാബിനറ്റ് കമ്മിറ്റികളും ഒരു ഡസനോളം മന്ത്രിതല സമിതികളും ഉണ്ടായിരുന്നു. കാബിനറ്റ് കമ്മിറ്റികളുടെ അംഗ സംഖ്യയും മോദി കുറച്ചിട്ടുണ്ട്. സി സി ഇ എയില്‍ യു പി എക്ക് കീഴില്‍ 14 അംഗങ്ങളായിരുന്നു. ഇത്തവണ അത് 11 ആയി. പ്രധാന ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ അവസാന തീരുമാനമെടുക്കുന്ന അപ്പോയിന്‍മെന്‍മെന്റ്‌സ് കാബിനറ്റ് കമ്മിറ്റിയില്‍(എ സി സി) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മാത്രമേ ഇപ്പോഴുള്ളൂ.
യു പി എ സര്‍ക്കാറിന്റെ കാര്യത്തില്‍ ഇത് അതത് മന്ത്രാലയങ്ങളുടെ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു തീരുമാനമെടുത്തിരുന്നത്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി(സി സി എസ്)യില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ മുന്‍ സര്‍ക്കാറുകളെല്ലാം ശ്രദ്ധ വെച്ചിരുന്നു. ഇത്തവണ ഇതില്‍ നാല് അംഗങ്ങളേ ഉള്ളൂ.

---- facebook comment plugin here -----

Latest