Connect with us

International

ന്യൂസ് ഓഫ് ദ വേള്‍ഡിലെ ഫോണ്‍ ചോര്‍ത്തല്‍: ആന്‍ഡി കോള്‍സണ്‍ കുറ്റക്കാരന്‍

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലണ്ടിലെ മാധ്യമ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ മാധ്യമ കുലപതി റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ശൃംഖലയുടെ ഭാഗമായിരുന്ന ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സണ്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അതേസമയം, മറ്റൊരു എഡിറ്റര്‍ റബേക്ക ബ്രൂക്‌സിനെ വെറുതെ വിട്ടു.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ രാഷ്ട്രീയ ഉപദേശകന്‍ കൂടിയായിരുന്ന കോള്‍സണ്‍ ഫോണ്‍ ചോര്‍ത്താന്‍ ഗൂഢാലോന നടത്തിയതായി ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി ജൂറി ഐകകണ്‌ഠ്യേന കണ്ടെത്തി. ഈ ആരോപണത്തിന് പുറമെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തുവെന്നും പോലീസിനെ തടസ്സപ്പെടുത്തിയെന്നും ആരോപണം നേരിട്ടിരുന്ന ബ്രൂക്‌സിനെ വെറുതെ വിടുകയായിരുന്നു. തെളിവുകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതിന് പിടിയിലായ ബ്രൂക്‌സിന്റെ ഭര്‍ത്താവ് ചാള്‍സ്, മുന്‍ സെക്രട്ടറി ചെറില്‍ കാര്‍ട്ടര്‍, ന്യൂസ് ഇന്റര്‍നാഷനല്‍ സുരക്ഷാ മേധാവി മാര്‍ക് ഹന്ന എന്നിവരെയും വെറുതെ വിട്ടിട്ടുണ്ട്. ന്യൂസ് ഓഫ് ദ വേള്‍ഡ് മുന്‍ മാനേജിംഗ് എഡിറ്റര്‍ സ്റ്റുവര്‍ട്ട് കട്ട്‌നര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കോള്‍സണും മുന്‍ റോയല്‍ എഡിറ്റര്‍ ക്ലീവ് ഗുഡ്മാനും എതിരെയുള്ള മറ്റ് രണ്ട് ആരോപണങ്ങളില്‍ കൂടി അടുത്ത ദിവസങ്ങളില്‍ ജൂറി വിധി പറയും. നൂറ്റാണ്ടിന്റെ വിചാരണയെന്നാണ് അഭിഭാഷകന്‍ വിശേഷിപ്പിച്ചത്.
എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ ലഭിക്കുന്നതിന് ന്യൂസ് ഓഫ് ദ വേള്‍ഡ് വര്‍ഷങ്ങളോളം ചോര്‍ത്തല്‍ നടത്തിയതായി എട്ട് മാസത്തോളം നീണ്ടുനിന്ന വിചാരണക്കിടെ വെളിപ്പെട്ടിരുന്നു. സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും കുറ്റവാളികളുടെ പോലും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ത്തല്‍ പതിവായിരുന്നു. 2000- 2006 കാലയളവിലാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നത്. 2007- 11 കാലയളവിലാണ് കോള്‍സണ്‍, കാമറൂണിന്റെ മാധ്യമവിഭാഗം മേധാവിയായത്. വിവാദത്തെ തുടര്‍ന്ന് 168 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് ഓഫ് ദ വേള്‍ഡ് അടച്ചുപൂട്ടേണ്ടി വന്നു. നിരവധി മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അഴിക്കുള്ളിലുമായി. 2002ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 13കാരനായ മില്ലി ഡൗളറുടെ ശബ്ദ സന്ദേശങ്ങള്‍ ന്യൂസ് ഓഫ് ദ വേള്‍ഡ് ചോര്‍ത്തിയ വാര്‍ത്ത ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ ചോര്‍ത്തലിന് ഇരകളായവര്‍ക്ക് കോടികളാണ് നഷ്ടപരിഹാരമായി നല്‍കിയത്.

Latest