Connect with us

Articles

സ്മൃതി ഇറാനി ആരുടെ പ്രതിനിധി?

Published

|

Last Updated

പന്ത്രണ്ടാം ക്ലാസ് മാത്രം പാസ്സായ, കോളജ് വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരു സ്മൃതി ഇറാനി ഇന്ത്യയുടെ മാനവ വിഭവ വികസന വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രശ്‌നം ആദ്യം ഉന്നയിച്ചത് യു പി എയിലെ മന്ത്രിയായിരുന്ന അജയ് മാക്കനായിരുന്നു. തുടര്‍ന്ന് ആ വിവാദം കത്തിപ്പടര്‍ന്നു. അതിനെത്തുടര്‍ന്ന് അവരുടെ മറ്റ് കഴിവുകളെക്കുറിച്ചുള്ള അപദാനങ്ങള്‍ പാടാന്‍ ബി ജെ പി – സംഘപരിവാര്‍ നേതാക്കള്‍ അണിനിരക്കുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ വിദ്യാഭ്യാസ യോഗ്യത ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമായി കാണേണ്ടതുണ്ടോ എന്ന ചിന്തയും ഉയര്‍ന്നുവന്നു.
ആരായിരുന്നു സ്മൃതി ഇറാനി? ഒരു ഫാഷന്‍ മോഡലും “ഏക്താ കപൂര്‍” സീരിയലിലെ നടിയും മാത്രമാണവര്‍ എന്ന് ചിലര്‍. ബി ജെ പി വക്താക്കള്‍ പറയുന്നു: “വളരെ വലിയ ധിഷണാശാലി, ഏത് വിഷയത്തിലും പെട്ടെന്ന് കമന്റ് പറയാന്‍ കഴിവുള്ളയാള്‍, സംവാദത്തിന് തയ്യാറുള്ള സ്ത്രീ”. മുന്‍ഗാമികളായ കപില്‍ സിബലും പള്ളം രാജുവും മുരളീ മനോഹര്‍ ജോഷിയുമൊക്കെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ആയിരുന്നുവെന്നും അങ്ങനെയൊരാളെ വേണം വിദ്യാഭ്യാസ മന്ത്രിപദത്തില്‍ അവരോധിക്കാന്‍ എന്നുമൊക്കെയുള്ള വാദങ്ങളും കേള്‍ക്കുകയുണ്ടായി. അതിനിടയില്‍, ആര്‍ എസ് എസ് – സംഘപരിവാര്‍ പ്രതിനിധിയായാണ് അവര്‍ വന്നത് എന്ന ആരോപണം ശക്തമായി ഉയര്‍ന്നുവന്നു. എന്നാല്‍, ദേശീയ മാധ്യമ വാര്‍ത്തകള്‍ ആ ആരോപണം നിഷേധിക്കുന്നു. ആര്‍ എസ് എസ്സുമായി പ്രത്യക്ഷത്തില്‍ സ്മൃതി ഇറാനിക്ക് യാതൊരു സംഘടനാ ബന്ധവുമുണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ ആണയിടുന്നു. എങ്കില്‍, അവര്‍ ആരുടെ പ്രതിനിധിയായിട്ടാണ് വന്നിരിക്കുന്നത്?
നരേന്ദ്ര മോദി നയിക്കുന്ന, സംഘപരിവാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെയും വിദേശത്തെയും കുത്തകകളുടെ താത്പര്യങ്ങള്‍ താലോലിക്കുന്ന ഒരു കേന്ദ്ര സര്‍ക്കാറില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് അവരോധിപ്പെടുന്ന ഒരാള്‍-വ്യക്തിപരമായി ആരായിരുന്നാലും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രം എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. സ്മൃതി ഇറാനിയുടെ പൂര്‍വകാല ചരിത്രം എന്തുമാകാം, ഇന്ന് അവര്‍ ബി ജെ പി സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ബാധ്യസ്ഥയാണ്. അതില്‍ അവര്‍ എത്രമാത്രം പ്രാഗത്ഭ്യം കാണിക്കുമെന്ന മാനദണ്ഡം മാത്രം നോക്കിയാല്‍ മതി. അതിന്റെ ഏറ്റവും നല്ല ഉദാഹരണം അവര്‍ അധികാരമേറ്റയുടന്‍ നല്‍കിയ നിര്‍ദേശങ്ങളാണ്. എച്ച് ആര്‍ ഡി മന്ത്രാലയത്തോട് അവര്‍ ആദ്യം ആവശ്യപ്പെട്ടത് ഉച്ചഭക്ഷണത്തോടൊപ്പം പാലും നല്‍കണമെന്ന് മാത്രമല്ല; സ്‌കൂള്‍ സിലബസ്സില്‍ പുരാതന ഇന്ത്യാ ചരിത്രം ഉള്‍പ്പെടുത്തിയ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കണമെന്നു കൂടിയാണ്. പൗരാണിക ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച്, ശാസ്ത്രത്തിലും തത്വചിന്തയിലും ഭാഷയിലും ഗണിതത്തിലും അടങ്ങിയിട്ടള്ള “ഹിന്ദു” മാഹാത്മ്യത്തെക്കുറിച്ച് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അവര്‍.
വേദങ്ങളും ഉപനിഷത്തുക്കളും സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കി വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്‍ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങള്‍ എല്ലാം പുനരെഴുത്തിനും പുനഃസൃഷ്ടിക്കും വിധേയമാകാന്‍ പോകുന്നു. “ആധുനികത ഇന്ത്യന്‍ അടിത്തറയില്‍” എന്നതാണ് മുദ്രാവാക്യം.
അങ്ങനെ പുരാതന ഇന്ത്യയുടെ അന്ധവിശ്വാസജഡിലമായ ആശയലോകത്തേക്ക് കുരുന്നുകളെ നയിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസത്തിന്റെ വാണിജ്യ സാധ്യതകള്‍ ആഗോളതലത്തില്‍ പ്രയോജനപ്പെടുത്താന്‍ അമേരിക്കയുമായി ചേര്‍ന്ന് കരുക്കള്‍ നീക്കാനും ഏതാനും ദിവസങ്ങള്‍കൊണ്ട് എം എച്ച് ആര്‍ ഡിയും മന്ത്രിയും ശ്രമിച്ചതിന്റെ ഫലവും വന്നിരിക്കുന്നു. “വാഷിംഗ്ടണ്‍ അക്കോഡ്” (വാഷിംഗ്ടണ്‍ ഉടമ്പടി) എന്ന പതിനേഴ് രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കരാറില്‍ ഇന്ത്യയും ഒരു അംഗരാജ്യമായി ഒപ്പ് വെച്ചുകൊണ്ടാണ് പുത്തന്‍ കാല്‍വെപ്പ് ആരംഭിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ അമേരിക്കന്‍ പങ്കാളിത്തം ഉറപ്പ് വരുത്താന്‍, ഭാരതീയ പൈതൃകത്തിന്റെ പ്രതിനിധികള്‍ നടപടികള്‍ എടുത്തിരിക്കുന്നുവെന്നര്‍ഥം. അമേരിക്കന്‍ പങ്കാളിത്തമെന്നാല്‍, ആഗോളമൂലധന പങ്കാളിത്തം എന്നാണ് മനസ്സിലാക്കേണ്ടത്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ ആഗോള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ നമുക്ക് കഴിയുമെന്നാണ് സ്മൃതി ഇറാനി പറയുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നഗ്നമായ അമേരിക്കന്‍ ബന്ധത്തിന് തുടക്കം കുറിക്കുകയാണവര്‍ ഇതിലൂടെ ചെയ്തത്.
അതോടൊപ്പം, അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കാനും പ്രചരിപ്പിക്കാനും 50 ഡി റ്റി എച്ച് ചാനലുകള്‍ എത്രയും വേഗം ആരംഭിക്കാനും നടപടികളായി. യു പി എ സര്‍ക്കാറാണ് അതിന് തുടക്കമിട്ടത്. ബി ജെ പി സര്‍ക്കാറിന് അത് ഗുണകരമായി. വ്യവസായ പ്രമുഖരെ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് കൊണ്ടുവന്ന യു പി എ സര്‍ക്കാറിന്റെ വിദ്യാഭ്യാസ വാണിജ്യവത്കരണത്തിന്റെ നയം ശക്തമായി തുടരുമെന്ന സൂചനകള്‍ വന്നു കഴിഞ്ഞു. ദേശീയ, അന്തര്‍ദേശീയ മൂലധന ശക്തികളുടെ പങ്കാളിത്തം ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ഊട്ടിയുറപ്പിക്കുന്ന എല്ലാ പ്രൊജക്ടുകളും പൂര്‍വാധികം ശക്തിയോടെ തുടരാന്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കാരണം, അവരാണല്ലോ നരേന്ദ്ര മോദിയെ അധികാരത്തില്‍ എത്തിച്ചത്. മാധ്യമരംഗത്തുള്‍പ്പെടെ പ്രത്യക്ഷവിദേശ നിക്ഷേപം എത്ര വേഗത്തിലാണ് മോദി അനുവദിച്ചത്. ആരോടും ഒന്നും ആലോചിക്കാനില്ല. ഇന്ത്യന്‍ പാര്‍ലമെന്റിനെ മോദിയുടെ തറവാട്ടു സ്വത്ത് പോലെയാണോ കാണുന്നത്? നാടിന്റെ സുപ്രധാന മേഖലകള്‍ ആഗോളകുത്തകകള്‍ക്ക് തുറന്നു കൊടുക്കാനാണോ ജനങ്ങള്‍ ബി ജെ പിയെ അധികാരത്തിലെത്തിച്ചത്?
വിദ്യാഭ്യാസ മേഖലയില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സ്മൃതി ഇറാനിക്ക് വ്യക്തിപരമായി എന്തറിയാം? ഒന്നുമറിയില്ലെങ്കിലും ഈ അജന്‍ഡകള്‍ നടപ്പാക്കപ്പെടും. കാരണം, അവ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയങ്ങളാണ്. സര്‍ക്കാര്‍ പിടിക്കുന്ന കൊടിയുടെ നിറം എന്തു തന്നെയായാലും നയങ്ങള്‍ തീരുമാനിക്കുന്നതും അജന്‍ഡകള്‍ നിര്‍ണയിക്കുന്നതും ഇന്ത്യന്‍ മൂലധന രാജാക്കന്മാരാണല്ലോ.
അതുകൊണ്ട് വിദ്യാഭ്യാസമേഖല ഭീഷണമായ പ്രതിസന്ധികളുടെ കരിനിഴലിലാണ്. മുരളീമനോഹര്‍ ജോഷി മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നേരിട്ടതിനെക്കാള്‍ നഗ്നവും പ്രത്യക്ഷവുമായ ആക്രമണങ്ങള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. വേദകാലഘട്ടത്തിലെ കാഴ്ചപ്പാടുകള്‍ – ബ്രാഹ്മണ മേധാവിത്വത്തിന്റെ വീക്ഷണങ്ങള്‍ – പാഠപുസ്തകങ്ങളിലേക്ക് പകര്‍ത്തിയെഴുതപ്പെടാന്‍ പോകുന്നുവെന്നത് വളരെ ഗൗരവത്തില്‍ തന്നെ കാണണം. രാമനും രാമായണവും മറ്റുമൊക്കെ സാഹിത്യകൃതികള്‍ എന്നതിനപ്പുറം ചരിത്രപാഠങ്ങളായി ക്ലാസ് മുറികളില്‍ അവതരിപ്പിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലെ പൊളിച്ചെഴുത്തിലൂടെ ഇന്ത്യന്‍ ജനതയെ വര്‍ഗീയവത്കരിക്കുക എന്ന അജന്‍ഡയാണ് നടപ്പാക്കാന്‍ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. ഒരു നിമിഷം പാഴാക്കാതെ അതിനവര്‍ ശ്രമം തുടങ്ങിയിരിക്കുന്നു. കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം അതിന് പറ്റിയ രീതിയില്‍ വളയുന്ന ഒരു വകുപ്പുമാണ്. വളക്കാന്‍ ഒരു മന്ത്രി വേണമെന്ന് മാത്രം. അതിനവര്‍ കണ്ടെത്തിയ ഒരാള്‍ – അതാണ് സ്മൃതി ഇറാനി. അതിന് പ്രത്യേകമായി അക്കാദമിക വിദ്യാഭ്യാസം ഒരു നിര്‍ബന്ധമല്ല. മന്ത്രി പദവി നല്‍കിയവരോടുള്ള കടപ്പാടും കൂറും മാത്രം മതി അതിന്. അതവര്‍ ഭംഗിയായി പ്രകടിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. മറ്റെന്തു വേണം?
അപ്പോള്‍ ചര്‍ച്ച വേണ്ടത് മന്ത്രിയുടെ വ്യക്തിഗത യോഗ്യതകളെക്കുറിച്ചല്ല മറിച്ച് അവര്‍ നടപ്പാക്കുന്ന ഭീഷണമായ നയങ്ങളെക്കുറിച്ചാണ്. അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ, സാംസ്‌കാരിക പ്രത്യയശാസ്ത്രത്തെക്കുറിച്ചാണ്. അവ ഇന്ത്യയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മണ്ഡലങ്ങളില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ചര്‍ച്ചകളുടെ കുന്തമുന തിരിക്കേണ്ടത്. അതിനുള്ള സമയമായിരിക്കുന്നു. ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ “ഇട്ടുതരുന്ന” അപ്രധാന വിഷയങ്ങളില്‍ കൊത്തിയാല്‍ വഴി തെറ്റാനേ നമുക്ക് കഴിയൂവെന്ന് ഓര്‍ക്കുക.