Connect with us

Sports

ഡെല്‍ ബോസ്‌കിന് ഒന്നും അറിയില്ലായിരുന്നു; വിയ്യ വിരമിക്കുന്നത് പോലും

Published

|

Last Updated

 കുരിടിബ: സ്‌പെയിന്‍ കോച്ച് വിസെന്റ് ഡെല്‍ ബൊസ്‌കിന്റെ തന്ത്രങ്ങളാണ് ലോകചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായതെന്ന് ആസ്‌ത്രേലിയക്കെതിരായ മത്സരം അടിവരയിട്ടു. ഫിറ്റ്‌നെസുള്ളവരെ ആദ്യലൈനപ്പിലുള്‍പ്പെടുത്തുന്നതില്‍ ഡെല്‍ ബൊസ്‌ക് വരുത്തിയ വീഴ്ച ഹോളണ്ടിനെതിരെയും ചിലിക്കെതിരെയും പ്രകടമായിരുന്നു. ആസ്‌ത്രേലിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്‌പെയിന്‍ ജയിച്ചു കയറിയത് ഡേവിഡ് വിയ, ജുവാന്‍ മാറ്റ, ടോറസ് എന്നിവരുടെ ഗോളുകളില്‍. ഇവരാകട്ടെ, ഡെല്‍ ബൊസ്‌കിന്റെ സൈഡ് ബെഞ്ച് കളിക്കാര്‍. പ്രധാന സ്‌ട്രൈക്കറായി കോച്ച് അവരോധിച്ചത് മുടന്തി നടന്ന ഡിയഗോ കോസ്റ്റയെ. ടിക്കി-ടാക്ക ശൈലിയുമായി പൊരുത്തപ്പെടാന്‍ കോസ്റ്റക്ക് സാധിക്കില്ലെന്ന് ഡെല്‍ ബൊസ്‌ക് തിരിച്ചറിയാന്‍ വൈകുകയും ചെയ്തു.

പരുക്കിന്റെ അലട്ടല്‍ ഇല്ലാത്ത വിയയും ടോറസും അവസരം ലഭിച്ചപ്പോള്‍ ഗോളടിച്ചു കാണിക്കുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ കോക്കെയും കസോളയും ആദ്യലൈനപ്പില്‍ ഇടം പിടിച്ചത് ഇനിയെസ്റ്റക്ക് കുറേക്കൂടി സഹായകരമായി.
അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി സീസണില്‍ തിളങ്ങിയ കോക്കെയും ആഴ്‌സണലിന്റെ മിഡ്ഫീല്‍ഡിലെ പ്രധാനിയായ കസോളയും രണ്ടാം നിരയിലായത് ഡെല്‍ ബൊസ്‌കിന്റെ സെലക്ഷന്‍ പാളിച്ചയാണ്. അതിലും രസകരം തന്റെ സ്‌ക്വാഡിനെ സംബന്ധിച്ചു ഡ്രസിംഗ് റൂം വിവരങ്ങളെ കുറിച്ചും ഡെല്‍ ബൊസ്‌കിന് വലിയ അറിവില്ലായിരുന്നുവെന്നതാണ്. ഇത് തന്റെ അവസാന ലോകകപ്പാണെന്നും ബ്രസീലിലെ അവസാന മത്സരത്തോടെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്നും ഡേവിഡ് വിയ പ്രഖ്യാപിച്ചത് ലോകം മുഴുവന്‍ അറിഞ്ഞു. പക്ഷേ, കോച്ച് അറിഞ്ഞില്ലത്രേ. അതറിയുമായിരുന്നെങ്കില്‍ വിയയെ മുഴുവന്‍ സമയവും കളിക്കാന്‍ അനുവദിക്കുമായിരുന്നുവെന്ന് ഡെല്‍ ബൊസ്‌ക്. അമ്പത്തേഴാം മിനുട്ടില്‍ കോച്ച് തിരിച്ചുവിളിച്ചപ്പോള്‍ വിയയുടെ മുഖത്ത് നിരാശ പടര്‍ന്നു.
യാത്രാമൊഴി നല്‍കി വിയ വിതുമ്പിയപ്പോള്‍ സഹതാരങ്ങള്‍ ആശ്വസിപ്പിച്ചു. മുപ്പത്താറാം മിനുട്ടില്‍ വിയയുടെ ഗോളിലാണ് സ്‌പെയിന്‍ ലീഡെടുത്തത്. ഉപ്പൂറ്റിക്കൊണ്ട് വലയിലേക്ക് വലിച്ചിട്ട ആ ഗോള്‍ വിയയിലെ ബുദ്ധിമാനായ സ്‌ട്രൈക്കറെ കാണിച്ചു തന്നു. പകരമെത്തിയ ജുവാന്‍ മാറ്റ എണ്‍പത്തിരണ്ടാം മിനുട്ടിലും ടോറസ് അറുപത്തൊമ്പതാം മിനുട്ടിലും ലക്ഷ്യം കണ്ടു. സാന്റി കസോളക്ക് പകരം ഫാബ്രിഗസ് ഗ്രൗണ്ടിലെത്തുമെന്നത് പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കോച്ചുമായി ഉടക്കിയിരുന്നു ഫാബ്രിഗസ്. ലോകകപ്പില്‍ വേണ്ടത്ര അവസരം നല്‍കാതിരുന്നതിലുള്ള ചൊടി പരിശീലനസെഷനില്‍ പ്രകടിപ്പിച്ചതാണ് കാരണം. സ്‌പെയ്‌നിനൊപ്പം ലോകകപ്പും യൂറോ കപ്പുമൊക്കെ നേടാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നു. പിന്തുണയേകിയ സഹതാരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫുകള്‍ക്കുമെല്ലാം നന്ദി – വിയ പറഞ്ഞു. അടുത്ത സീസണില്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ വിയയെ കാണാം.
നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടറിയിക്കാം തന്റെ ഭാവിതീരുമാനമെന്ന് കോച്ച് ഡെല്‍ബൊസ്‌കും അറിയിച്ചു.

Latest