Connect with us

Ongoing News

ലോക കപ്പ് സ്മരണക്കായി എല്ലാ ജില്ലകളിലും ബ്രസൂക്ക ഫുട്‌ബോള്‍ ഗ്രൗണ്ടുകളെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ബ്രസീലില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോളിന്റെ സ്മരണക്കായി കേരളത്തിലെ ഓരോ ജില്ലയിലും ബ്രസൂക്ക എന്ന പേരില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ സ്ഥാപിക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 35ാമത് ദേശീയ ഗെയിംസിന്റെ തീയതി പ്രഖ്യാപനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് വൈകുന്നേരം അഞ്ചിന് നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷന്‍ എന്‍ രാമചന്ദ്രന്റെയും സാന്നിധ്യത്തില്‍ കേന്ദ്ര കായിക മന്ത്രി ഷര്‍ബാനന്ദ സോനോവാള്‍ തീയതി പ്രഖ്യാപിക്കും.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ കായിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് ജില്ലകള്‍ തോറും ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ സ്ഥാപിക്കുന്നത്. ഫുട്‌ബോളിന് നല്ല പ്രചാരമുള്ള കേരളത്തില്‍ ഓരോ ജില്ലയിലും കളിക്കുന്നതിനാവശ്യമായ ഗ്രൗണ്ടുകള്‍ പരിമിതമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ഒരു ഇവന്റിന്റെ സ്മരണക്കായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് രാജ്യത്ത് ആദ്യമായാെണന്നും മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റിന്റെയും സാമ്പത്തിക സഹായത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ദേശീയ ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്ത് സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിന് മാത്രമായി 1,035 കോടി രൂപയാണ് ചെലവഴിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്യവട്ടം യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ സ്റ്റേഡിയമുള്‍പ്പെടെ എട്ട് പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചു. ഒപ്പം 16 സ്റ്റേഡിയങ്ങള്‍ നവീകരിച്ചു. ബ്രസൂക്ക ഗ്രൗണ്ടുകളുള്‍പ്പെടെ പുതിയ സ്റ്റേഡിയങ്ങളുടെ നടത്തിപ്പിനും പരിപാലനത്തിനും മറ്റും പ്രത്യേക മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കും. ദേശീയ ഗെയിംസിനോടനുബന്ധിച്ച് നിര്‍മാണ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Latest