Connect with us

Kerala

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു രോഗി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണനാണ് (50) മരിച്ചത്. ഇയാള്‍ക്കൊപ്പം മര്‍ദ്ദനമേറ്റ ചെങ്കല്‍ചൂള സ്വദേശി സുദര്‍ശന്‍ (55) അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം.

കടയ്ക്കല്‍ എസ് ഐ വഴിയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന മണിലാല്‍ എന്ന രോഗിയാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു. ഇയാള്‍ മദ്യപാനിയായിരുന്നു. അതില്‍ നിന്ന് മോചിതനാകാനുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും വിടാനായെങ്കിലും പോകാനൊരിടം ഇല്ലാത്തതിനാല്‍ ഇവിടെ കഴിയുകയായിരുന്നു മണിലാല്‍. കഴിഞ്ഞ മാര്‍ച്ചില്‍ നെയ്യാറ്റിന്‍കര നിന്നും അയല്‍വാസികള്‍ കൊണ്ടുവന്നയാളാണ് കൃഷ്ണന്‍. ഇന്നലെ രാത്രി കൃഷ്ണനും സുദര്‍ശനനും മണിലാലും കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ കൃഷ്ണന്‍ മണിലാലിന്റെ അമ്മയെ മോശമായി ചിത്രീകരിച്ച് എന്തോ പറഞ്ഞുവത്രേ.

20 വര്‍ഷം മുമ്പ് മരിച്ചുപോയ അമ്മയെക്കുറിച്ച് പറഞ്ഞത് സഹിക്കാനാവാതെ മണിലാല്‍ കൃഷ്ണനെ മര്‍ദ്ദിച്ചു. കഴുത്തിന് പിടിച്ച് ഞെക്കുകയും വയറ്റില്‍ ചവിട്ടുകയുമായിരുന്നുവത്രേ. ഇത് കണ്ട് പിടിച്ചുമാറ്റാനെത്തിയതായിരുന്നു സുദര്‍ശനന്‍. അയാള്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് നഴ്‌സുമാരും ജീവനക്കാരും ഓടിയെത്തി ഇവരെ പിടിച്ചുമാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8 മണിയോടെയാണ് കൃഷ്ണന്‍ മരിച്ചത്.

മണിലാലിന് മാനസികരോഗമുണ്ടോ എന്ന് ഇതിനിടെ പരിശോധിച്ചെങ്കിലും അത്തരത്തിലൊരു രോഗമില്ലെന്നായിരുന്നു കണ്ടെത്തിയത്. എങ്കിലും അക്രമം കാട്ടിയ പശ്ചാത്തലത്തില്‍ ഇന്ന് സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ തുടരുകയാണ്. കൃഷ്ണന്റെ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

Latest