Connect with us

Kerala

കോളജുകളുടെ സ്വയംഭരണ പദവി ഈ വര്‍ഷം നടപ്പാകില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാന്‍ യു ജി സി ശിപാര്‍ശ ലഭിച്ചെങ്കിലും ഈ അധ്യയന വര്‍ഷം കോളജുകള്‍ക്ക് സ്വന്തം കോഴ്‌സുകള്‍ തുടങ്ങാനാകില്ല. സ്വയംഭരണ പദവിക്ക് യു ജി സി ശിപാര്‍ശ ലഭിച്ചെങ്കിലും നിയമപ്രകാരം ഇതിന് അനുമതി നല്‍കേണ്ടത് സര്‍വകലാശാലകളാണെന്നതിനാല്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ല.
തിരുവനന്തപുരം മാര്‍ ഇവാനിയോസ്, കൊല്ലം ഫാത്വിമ മാതാ, ചങ്ങനാശ്ശേരി എസ് ബി, എറണാകുളം സെന്റ് തേരേസാസ്, തേവര സേക്രഡ് ഹാര്‍ട്ട്, കളമശ്ശേരി രാജഗിരി, തൃശൂര്‍ സെന്റ് തോമസ് എന്നീ കോളജുകള്‍ക്കാണ് നിലവില്‍ സ്വയംഭരണ പദവി നല്‍കാന്‍ യു ജി സി ശിപാര്‍ശ ലഭിച്ചത്. പതിമൂന്ന് കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും മഹാരാജാസ്, യൂനിവേഴ്‌സിറ്റി സര്‍ക്കാര്‍ കോളജുകള്‍ക്ക് വൈകി സ്വയംഭരണം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ഥികളുടെയും അധ്യാപക സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ഇവയുടെ അനുമതി വൈകുന്നതെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന ആരക്ഷേപമുയര്‍ന്നിട്ടുണ്ട്. യു ജി സി സംഘത്തെ സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് മാനേജുമെന്റ് കോളജുകള്‍ക്ക് സ്വയംഭരണ ശിപാര്‍ശ ആഗസ്റ്റില്‍ നല്‍കാനും യു ജി സി തീരുമാനമായിട്ടുണ്ട്.
സ്വയംഭരണ ശിപാര്‍ശകള്‍ ലഭിച്ച കോളജുകള്‍ സര്‍വകലാശാലകളിലെ അക്കാദമികവും ഭരണപരവുമായ ബന്ധം ഉപേക്ഷിക്കുകയും സര്‍വകലാശാലകളില്‍ നിന്ന് ഇവയെ വേര്‍പ്പെടുത്തുകയും വേണം. പുതിയ അക്കാദമിക് വര്‍ഷവും ക്ലാസുകളും ആരംഭിച്ചതിനാലാണ് നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷം സാങ്കേതികമായി പുതിയ കോഴ്‌സുകളും തുടങ്ങാന്‍ കഴിയാത്തത്. ഈ കോളജുകളെ വേര്‍പെടുത്തിക്കൊണ്ടുള്ള സര്‍വകലാശാലകളുടെ വിജ്ഞാപനം ഇറങ്ങിയാലേ ഭരണപരമായ സ്വയംഭരണമാകൂ. കോളജുകളും സര്‍വകലാശാലകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പരിശോധന കഴിഞ്ഞതിന് ശേഷമേ വിജ്ഞാപനമിറക്കാന്‍ കഴിയൂ.

Latest