Connect with us

National

മോദിയെ തേടി പാശ്ചാത്യ പ്രതിനിധികള്‍;ലക്ഷ്യം വന്‍ കരാറുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിരോധ കരാറുകളില്‍ കണ്ണുവെച്ച് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയിലേക്ക്. പ്രതിരോധ വ്യവസായ മേഖല പൂര്‍ണമായും വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനവുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കോടിക്കണക്കിന് ഡോളറുകളുടെ കരാറുകള്‍ ലക്ഷ്യമിട്ട് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തുന്നത്. ഫ്രാന്‍സ്, യു എസ് എ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത നേതാക്കള്‍ വരുന്ന പത്ത് ദിവസങ്ങള്‍ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) നൂറ് ശതമാനമാക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. വന്‍തോതില്‍ പ്രതിരോധ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ഘട്ടം ഘട്ടമായി ഏറ്റവും വലിയ ആയുധ ഉത്പാദന രാജ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് മോദി ലക്ഷ്യമിടുന്നത്.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ്, യു എസ് സെനറ്റ് അംഗം ജോണ്‍ മക്കെയ്ന്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് തുടങ്ങിയവരാണ് ഇന്ത്യയിലേക്ക് വരുന്നത്. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടായ ധാരണ പ്രകാരം ആയുധ കരാറുകളില്‍ ഏര്‍പ്പെടുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നാണ് പറയുന്നത്. ഇതോടൊപ്പം പാശ്ചാത്യ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള കാര്യങ്ങളിലും ധാരണയിലെത്തുക ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. സാങ്കേതിക വിദ്യ കൈമാറാത്ത കമ്പനികള്‍ക്ക് 49 ശതമാനവും സാങ്കേതിക വിദ്യ കൈമാറാന്‍ തയ്യാറായ കമ്പനികള്‍ക്ക് 74 ശതമാനവും അത്യാധുനിക സാങ്കേതികവിദ്യ കൊണ്ടുവരികയാണെങ്കില്‍ നൂറ് ശതമാനവും എഫ് ഡി ഐ അനുവദിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചില പ്രതിരോധ പദ്ധതികള്‍ക്ക് നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശം നല്‍കുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ എഫ് ഡി ഐ പരിധി ഉയര്‍ത്തുന്ന നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളുടെ സന്ദര്‍ശനം. പാക്കിസ്ഥാന് എം ഐ- 35 ആക്രമണ ഹെലിക്കോപ്റ്ററുകള്‍ വില്‍ക്കാനുള്ള റഷ്യയുടെ തീരുമാനത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ വില്‍പ്പന നടത്തുകയും ബ്രിട്ടനും അമേരിക്കയും ലക്ഷ്യമിടുന്നുണ്ട്.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് ആണ് ആദ്യം ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്. 126 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കുന്നതിനുള്ള കരാറുണ്ടാക്കുകയാണ് ഫാബിയസിന്റെ പ്രധാന ലക്ഷ്യം. 1500 കോടി ഡോളറിന്റെ ഇടപാടാണിത്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന ഫാബിയസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ള കാബിനറ്റ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. കരാര്‍ ഒപ്പിടുന്ന കാര്യങ്ങള്‍ ജെയ്റ്റ്‌ലിയുമായുള്ള ചര്‍ച്ചയില്‍ ഉയരും.
യു എസ് സെനറ്റ് അംഗം ജോണ്‍ മക്കെയ്‌നും അടുത്ത ആഴ്ച ഇന്ത്യയിലെത്തുന്നുണ്ട്. പ്രതിരോധ മേഖലയിലെ സാമഗ്രികള്‍ നിര്‍മിക്കുന്ന ബോയിംഗ്, റെയ്തിയോണ്‍ തുടങ്ങിയ കമ്പനികള്‍ സ്ഥിതി ചെയ്യുന്ന അരിസോണയില്‍ നിന്നുള്ള സെനറ്റ് അംഗമാണ് മക്കെയ്ന്‍. ഇത്തരം കമ്പനികളുടെ ലോബീയിംഗിനു വേണ്ടിയാണ് മക്കെയ്‌നിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ സൈനിക ആധുനികവത്കരണത്തില്‍ യു എസ് പങ്കാളിയാകണമെന്ന് മക്കെയ്ന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ മേഖലയില്‍ നിക്ഷേപം നടത്താന്‍ യു എസ് തയ്യാറാകണമെന്നാണ് മക്കെയ്‌നിന്റെ നിലപാട്.
ഈ മാസം രണ്ടാം വാരത്തോടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും ധനമന്ത്രി ജോര്‍ജ് ഒസ്‌ബോണും ഇന്ത്യ സന്ദര്‍ശിക്കും. ടൈഫൂണ്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ബ്രിട്ടന്റെ ലക്ഷ്യം. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഉണ്ടാക്കിയ ചുരുക്കപ്പട്ടികയില്‍ ബ്രിട്ടീഷ് കമ്പനിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഫ്രാന്‍സുമായി കരാര്‍ ഈ വര്‍ഷം തന്നെ ഒപ്പിടുമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വന്‍തോതില്‍ പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അറുനൂറ് കോടി ഡോളറിന്റെ ആയുധങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യ ഇറക്കുമതി ചെയ്തത്. നാല് വര്‍ഷം മുമ്പ് വരെ റഷ്യയില്‍ നിന്നാണ് ഭൂരിഭാഗം ആയുധങ്ങളും ഇന്ത്യ വാങ്ങിയിരുന്നത്.