Connect with us

Ongoing News

ഒരു കോസ്റ്റാറിക്കന്‍ വീരഗാഥ

Published

|

Last Updated

 

ഭയം ഞങ്ങള്‍ നാട്ടില്‍ വെച്ച് പോന്നിരിക്കുകയാണ് – കെയ്‌ലര്‍ നവാസ് (ഷൂട്ടൗട്ടില്‍ കോസ്റ്റാറിക്കയുടെ ഹീറോ ആയ ഗോള്‍കീപ്പര്‍)

ബ്രസീല്‍ ലോകകപ്പിലെ പോരാളികള്‍ ആരെന്ന് ചോദിച്ചാല്‍ ഒരുത്തരം മാത്രം. ജോര്‍ജ് ലൂയിസ് പിന്റോയുടെ കോസ്റ്റാറിക്കന്‍സ്. മരണഗ്രൂപ്പില്‍ ഉറുഗ്വെ, ഇറ്റലി ടീമുകളെ വീഴ്ത്തി ഇംഗ്ലണ്ടിനെ തളച്ച് പ്രീക്വാര്‍ട്ടറിലെത്തിയ കോസ്റ്റാറിക്ക മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഗ്രീസിനെയും വീഴ്ത്തി ലോകകപ്പ് ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറില്‍ ! ക്യാപ്റ്റന്‍ ബ്രയാന്‍ ലൂയിസിന്റെ ഗോള്‍ ആഹ്ലാദം മായും മുമ്പെ കോസ്റ്റാറിക്കയുടെ ആള്‍ ബലം പത്തായി ചുരുങ്ങി. അവസാന മിനുട്ടിലെ അവസാന ശ്വാസത്തില്‍ ഗ്രീസിന്റെ സമനില ഗോള്‍. അധിക സമയത്തും കോസ്റ്റാറിക്ക വഴങ്ങിയില്ല. ഗ്രീക്ക് കോച്ചിന്റെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെയും മുഖത്ത് അപായഭീതി പൊന്തിവന്നു.
ഭയപ്പെട്ടത് സംഭവിച്ചു. കോസ്റ്റാറിക്കയുടെ ഗോളി കെയ്‌ലര്‍ നവാസ് ഷൂട്ടൗട്ടില്‍ ഗ്രീസിന്റെ നാലാം കിക്ക് അത്ഭുതകരമായി തട്ടിമാറ്റി ഹീറോയായി. 5-3ന് ഷൂട്ടൗട്ട് ജയിച്ച് സെന്‍ട്രല്‍ അമേരിക്കന്‍ രാഷ്ട്രം ചരിത്രം സൃഷ്ടിച്ചു. ഒരു പക്ഷേ, ഈ ലോകകപ്പ് കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന പോരാട്ടവീര്യത്തോടെ.
മരണഗ്രൂപ്പെന്ന് വിശേഷണം ലഭിച്ച ഡിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ഉറുഗ്വെയെയും ഇറ്റലിയെയും മലര്‍ത്തിയടിക്കുകയും ഇംഗ്ലണ്ടിന്റെ വിശ്വോത്തര അറ്റാക്കിംഗ് നിരയെ വെറുംകൈയ്യോടെ മടക്കി അയക്കുകയും ചെയ്ത കോസ്റ്റാറിക്കന്‍ വീരഗാഥ ഏറ്റവും തെളിഞ്ഞു കണ്ടത് ഗ്രീസിനെതിരായ പ്രീക്വാര്‍ട്ടറില്‍. അമ്പത്തിരണ്ടാം മിനുട്ടില്‍ ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസിന്റെ ബ്രില്ല്യന്റ് ഗോളില്‍ കോസ്റ്റാറിക്ക മുന്നിലെത്തുമ്പോള്‍ ഗ്രീസ് പകച്ചു നിന്നു. തിരിച്ചടിക്കാനുള്ള യൂറോപ്യന്‍സിന്റെ ശ്രമങ്ങളെല്ലാം അമേരിക്കന്‍ ഭൂഖണ്ഡക്കാര്‍ മുളയിലേ നുള്ളി. അങ്ങനെയിരിക്കെ അറുപത്താറാം മിനുട്ടില്‍ കോസ്റ്റാറിക്കയുടെ ഡിഫന്‍ഡര്‍ ഓസ്‌കര്‍ ഡുവാര്‍തെക്ക് രണ്ടാം മഞ്ഞക്കാര്‍ഡ്, ചുവപ്പ് കാര്‍ഡ് ! ഗ്രീക്ക് കോച്ച് ഫെര്‍നാണ്ടോ സാന്റോസിന്റെ മനസ്സില്‍ ലഡു പൊട്ടി. തുടര്‍ ആക്രമണത്തിന് ടാക്ടിക്കല്‍ ഏരിയയില്‍ നിന്ന് സാന്റോസിന്റെ ആഹ്വാനം.
4-3-3 ശൈലിയില്‍ പന്ത് തട്ടിയ ഗ്രീസ് പൊടുന്നനെ നാല് മുന്നേറ്റക്കാരെ നിരത്തി കോസ്റ്റാറിക്കയെ ശ്വാസം മുട്ടിച്ചു. പക്ഷേ, സാഹചര്യം മനസ്സിലാക്കി കളിച്ച കോസ്റ്റാറിക്ക 3-4-2-1 മാറ്റിപ്പൊളിച്ച് 4-4-1 ലേക്ക് കേന്ദ്രീകരിച്ചു. മധ്യനിരയില്‍ നിന്ന് തന്നെ പ്രതിരോധം തീര്‍ക്കുന്നതില്‍ കോസ്റ്റാറിക്ക വിജയം കാണുകയും ചെയ്തു. എണ്‍പത് മിനുട്ട് പിന്നിട്ടതോടെ ഗ്രീക്ക് പ്രതിരോധത്തില്‍ രണ്ട് പേരെ മാത്രം നിര്‍ത്തി സമ്പൂര്‍ണ ആക്രമണത്തിന് പടയൊരുക്കം നടത്തി. ഇരു വിംഗിലൂടെയും ഇരച്ചു കയറാനുള്ള ശ്രമം. ബോക്‌സിന് മുന്നിലൂടെ ഗോളിലേക്ക് ലോംഗ് റേഞ്ചറുകള്‍ പരീക്ഷിച്ചു. മത്സരത്തിലുടനീളം ഗ്രീസ് 24 ഷോട്ടുകളാണ് പായിച്ചത്. കോസ്റ്റാറിക്കയാകട്ടെ ആറ് ഷോട്ടുകള്‍ മാത്രം.
പത്ത് പേരിലേക്ക് എതിരാളികള്‍ ചുരുങ്ങിയപ്പോഴായിരുന്നു ഗ്രീസിന്റെ വമ്പത്തരം. കരഗൂനിസ്, സമാരിസ്, സാല്‍പിംഗിഡിസ്, സമറാസ്, ക്രിസ്റ്റോഡോപലസ് എന്നിവര്‍ മാറി മാറി ഷോട്ടുകള്‍ പായിച്ചു. പകരമെത്തിയ മിട്രോഗുലുവും ഗെകാസും ലോംഗ് റേഞ്ചറുകള്‍ക്ക് ശ്രമിച്ചു. ഗോളി നവാസ് പക്ഷേ, പലതും മുഴുനീള ഡൈവിലൂടെ രക്ഷിച്ചെടുത്തു. മത്സരം തൊണ്ണൂറ് മിനുട്ട് പൂര്‍ത്തിയാക്കി.
അഡീഷനല്‍ സമയത്തിന്റെ ബോര്‍ഡ് ഉയര്‍ന്നതോടെ ഗ്രീക്ക് പടക്ക് മരണവെപ്രാളം. പ്രത്യാക്രമണത്തിലൂടെ കോസ്റ്റാറിക്ക ഗ്രീസിന്റെ നെഞ്ചിടിപ്പ് കൂട്ടി. ഇഞ്ചുറി ടൈമിലെ ആദ്യ മിനുട്ട് തീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ അതാ വരുന്നു ഗ്രീസിന്റെ ഗോള്‍. ഗോളടിക്കാന്‍ ഗ്രീസ് താരങ്ങള്‍ മുഴുവനായും ഒരുങ്ങിത്തിരിച്ചപ്പോള്‍ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലില്‍ ഡിഫന്‍ഡര്‍ സോക്രട്ടീസ് പാപസ്താപോലോസിന്റെ കാലില്‍ പന്ത് കുരുങ്ങി.
കോസ്റ്റാറിക്കന്‍ ക്യാപ്റ്റന്‍ ബ്രയാന്‍ ലൂയിസ് വലയിലേക്ക് ചെരിച്ചിട്ട പന്ത് തന്റെ ഇടത് ഭാഗത്ത് കൂടി ഉരുണ്ട് പോകുമ്പോള്‍ നിസഹായനായി നിന്ന സോക്രട്ടീസിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം. ആ നിയോഗം ഗോളാക്കി സോക്രട്ടീസ് ഗ്രൗണ്ടില്‍ ആഹ്ലാദത്തള്ളിച്ചയില്‍ ഒഴുകിയൊഴുകി വീണു. പിരമിഡ് തീര്‍ത്ത് സഹതാരങ്ങളുടെ ആവേശാക്രോശങ്ങള്‍. മത്സരം അധിക സമയത്തേക്ക് നീണ്ടതോടെ കോസ്റ്റാറിക്കയുടെ പരാജയം ഏറെക്കുറെ ഉറപ്പായി. പത്ത് പേരുമായി പ്രതിരോധിച്ച് അവര്‍ തളര്‍ന്നിരുന്നു. അവരുടെ കാലുകള്‍ക്ക് വേഗം കുറഞ്ഞിരുന്നു. പക്ഷേ, കീഴടങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല. ആ മനോഭാവം ഗ്രീക്ക് ക്യാമ്പില്‍ ആധി പടര്‍ത്തി. ഗ്രീസ് കോച്ച് ഫെര്‍നാണ്ടോ സാന്റോസ് ബഹളമയം സൃഷ്ടിച്ചപ്പോള്‍ കോസ്റ്റാറിക്കയുടെ കോച്ച് ലൂയിസ് പിന്റോ നിസംഗനായിരുന്നു.
ഷൂട്ടൗട്ടിലേക്ക് പോയാല്‍, കോസ്റ്റാറിക്കക്ക് നഷ്ടമായ മാനസികാധിപത്യം തിരികെലഭിക്കുമെന്ന് പിന്റോ വിശ്വസിച്ചു.
മത്സരം ഷൂട്ടൗട്ടിലേക്ക്. ആദ്യ കിക്ക് കോസ്റ്റാറിക്കയുടെ സെല്‍സോ ബോര്‍ജസിന്. ഗോള്‍ 1-0. ഗ്രീസിന്റെ ആദ്യ കിക്ക് മിട്രോഗ്ലുവിന്റെത്. ഗോള്‍ 1-1. ബ്രയാന്‍ റൂയിസിലൂടെ കോസ്റ്റാറിക്ക 2-1. ഗ്രീസിനായി ലാസറോസും ലക്ഷ്യം കണ്ടു 2-2. കോസ്റ്റാറിക്കയുടെ മൂന്നാം കിക്ക് ജിയാന്‍കാര്‍ലോ ഗോണ്‍സാലസെടുത്തു. ഗോളിക്ക് അവസരം നല്‍കാതെ മധ്യഭാഗത്ത് പന്ത് തുളച്ചു കയറി, 3-2. ഗ്രീസിന്റെ ജോസ് ചോലെവാസും സമാനരീതിയില്‍ വലകുലുക്കി, 3-3. കോസ്റ്റാറിക്കയുടെ നാലാം കിക്കെടുത്തത് യുവ സ്‌ട്രൈക്കര്‍ ജോയല്‍ കാംപെല്‍. ഗോളിയുടെ വലത് ഭാഗത്തൂടെ പന്ത് ഉരുണ്ട് വലയില്‍, 4-3. തിയോഫനിസ് ഗെകാസ് ഗ്രീസിന്റെ നാലാം കിക്കെടുത്തു. നവാസിന്റെ ബ്രില്യന്റ് സേവ്, 4-3. മിഷേല്‍ ഉമാന കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ കോസ്റ്റാറിക്ക ക്വാര്‍ട്ടറില്‍. ഉന്നം പിഴച്ചില്ല, 5-3ന് കോസ്റ്റാറിക്കന്‍ ജയം.