Connect with us

Kerala

മുല്ലപ്പെരിയാര്‍: കേരളം പുനഃപരിശോധനാ ഹരജി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. തമിഴിനാടുമായുള്ള 1986ലെ ജലം പങ്കുവെക്കല്‍ കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അണക്കെട്ടിലെ പരമാവധി വെള്ളപ്പൊക്ക സാധ്യത കോടതി പരിഗണിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് കേരളത്തിന വേണ്ടി ഹാജരായത്. നേരത്തെ കേസ് പരിഗണിച്ച അതേ ബെഞ്ച് തന്നെയാവും പുനഃപരിശോധനാ ഹരജിയും പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ വാദം അംഗീകരിക്കപ്പെട്ടാല്‍ അത് വലിയ നേട്ടമാവും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ട് മെയ് ഏഴിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. കോടതി വിധിയെത്തുടര്‍ന്ന് ജലനിരപ്പ് ഇയര്‍ത്താനുള്ള നടപടി തമിഴ്‌നാട് ആരംഭിച്ച സാഹചര്യത്തിലാണ് കേരളം പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹരജി തള്ളിയാല്‍ കേസ് വലിയ ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് കേരളം ആവശ്യപ്പെട്ടേക്കും. പ്രശ്‌നത്തില്‍ രാഷ്ട്രപതിയുടെ ഇടപെടലിനുള്ള സാധ്യതയും കേരളം തേടുന്നുണ്ട്.

 

Latest