Connect with us

Religion

യാത്രയും നോമ്പും

Published

|

Last Updated

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ഒരു കോള്‍. ഹിശാമാണ്; മുറ്റത്തുണ്ട്.”ഈ വരവ് ഒരിക്കലും പ്രതീക്ഷിച്ചതല്ല. തലേന്ന് കോളജില്‍ നിന്ന് കണ്ട് പിരിഞ്ഞിട്ടേയുള്ളൂ. എന്നിട്ടും അവന്‍ വന്നിരിക്കുന്നു. ഈ അര്‍ധരാത്രിയില്‍. പത്ത് വര്‍ഷത്തെ സ്‌നേഹമസൃണമായ ശിഷ്യപ്പെടലിന്റെ വിരഹ വേദനയുമായി. ഒരു പാട് യാത്ര പറച്ചിലുകള്‍ക്ക് ശേഷം വീണ്ടും യാത്ര പറയാന്‍. നുസ്‌റത്തിലെ മുഖ്തസര്‍ കോഴ്‌സ് കഴിഞ്ഞ് ഉപരി പഠനത്തിന് വേണ്ടി ഇന്ന് രാവിലെ യമനിലെ ദാറുല്‍ മുസ്തഫ യൂനിവേഴ്‌സിറ്റിയിലേക്ക് പോകുകയാണവന്‍. ഈമാനും ഫിഖ്ഹും യമനിലേതാണെന്ന് തിരുവരുളുണ്ട്. കേരളത്തിന്റെ ആത്മീയ നവോത്ഥാനത്തിന്റെ വേരുകള്‍ അവിടെ ആഴ്ന്നുകിടക്കുന്നു.

അല്‍ഹംദുലില്ലാഹ്. ജ്ഞാനത്തിന്റെ പുതിയ ആകാശവും ഭൂമിയും തേടിയുള്ള നിന്റെ യാത്ര സഫലമാകട്ടെ.”യാത്രയെക്കുറിച്ച് അവന് ഒരുപാട് അറിയണമെന്നുണ്ടായിരുന്നു.
അല്ലാഹു മനുഷ്യന് അനുവദിച്ചു നല്‍കിയ അനുഗ്രഹമാണ് യാത്ര. ഭൂമിയിലൂടെ സഞ്ചരിക്കാന്‍ ഖുര്‍ആന്‍ തന്നെ കല്‍പ്പിക്കുന്നുണ്ട്. യാത്രക്ക് കുറേ മര്യാദകളുണ്ട്. വ്യാഴാഴ്ചയാണ് ഏറ്റവും ഉത്തമം. അല്ലങ്കില്‍ തിങ്കള്‍. ഏത് ദിവസവുമാകാം. പുലര്‍ച്ചെയാണ് നല്ലത്. യാത്രയുടെ രണ്ട് റക്അത്ത് നിസ്‌കാരം സുന്നത്താണ്. ഒന്നാം റക്അത്തില്‍ കാഫിറൂനയും രണ്ടാമത്തേതില്‍ ഇഖ്‌ലാസും ഓതല്‍ സുന്നത്തുണ്ട്. സുബ്ഹി നിസ്‌കരിച്ച ശേഷം സൂര്യനുദിച്ച് 20-25 മിനിട്ട് കഴിയുന്നത് വരെയും അസ്‌റ് നിസ്‌കരിച്ച ശേഷം അസ്തമയം വരെയും വെള്ളിയാഴ്ച അല്ലാത്ത ദിവസങ്ങളില്‍ നട്ടുച്ചക്കും ഈ നിസ്‌കാരം പാടില്ല. സലാം വീട്ടിയ ഉടനെ ആയത്തുല്‍ കുര്‍സിയ്യും സൂറത്ത് ഖുറൈശും ഓതല്‍ സുന്നത്താണ്. ശേഷം ദുആ ചെയ്യുക. ബന്ധുമിത്രാദികളോട് യാത്ര ചോദിക്കണം. പരസ്പരം ദുആ കൊണ്ട് വസിയ്യത്ത് ചെയ്യണം. എന്തെങ്കിലും സ്വദഖ ചെയ്യണം. നിസ്‌കരിച്ച് എഴുന്നേല്‍ക്കുമ്പോഴും വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പും ശേഷവും യാത്രയയക്കുമ്പോഴും വാഹനത്തില്‍ കയറുമ്പോഴും പ്രത്യേകം ദുആകള്‍ സുന്നത്തുണ്ട്.
ജംഉം ഖസ്‌റുമാക്കി നിസ്‌കരിക്കല്‍ അനുവദനീയമായ വഴിദൂരം (ഉദ്ദേശം 132 കി.മി)ഹലാലായ യാത്ര ചെയ്യുന്നവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാം. എങ്കിലും അനുഷ്ഠിക്കുന്നതാണ് ഉത്തമം. എസ് വൈ എസിന്റെ പ്രൊഫഷനല്‍ മീറ്റില്‍ അഞ്ചുമുക്കില്‍ നിന്ന് ഒരു സംശയം ചോദിച്ചു.
നോമ്പ് തുറക്കാന്‍ പത്ത് മിനിട്ട് ബാക്കിയുള്ളപ്പോള്‍ മൂന്ന് മണിക്കൂര്‍ സമയ വ്യത്യാസമുള്ള നാട്ടിലേക്ക് ഒരാള്‍ വിമാനം കയറുന്നു. അയാള്‍ എപ്പോഴാണ് നോമ്പ് തുറക്കുക? സൂര്യാസ്തമയത്തിന്റെ സമയത്ത് മാത്രമേ ആര്‍ക്കും നോമ്പ് തുറക്കാവൂ; ചിലര്‍ക്ക് പകല്‍ ദീര്‍ഘമാകും. ചിലര്‍ക്ക് കുറയും. 24 മണിക്കൂറോ അതിലധികമോ പകലുളളവര്‍ക്ക് നിസ്‌കാരവും നോമ്പും സമയം കണക്കാക്കി ചെയ്യാവുന്നതാണ്.