Connect with us

National

മോദി ഉദിച്ചപ്പോള്‍ ആസൂത്രണ കമ്മീഷന്‍ അസ്തമിക്കുമോ?

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ആസൂത്രണ കമ്മീഷന്‍ അസ്തമിക്കുമോ? രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം ചോദിക്കുന്ന ചോദ്യമാണിത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ശൈശവാവസ്ഥയിലായിരുന്ന സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാന്‍ സോവിയറ്റ് യൂനിയനില്‍ നിന്ന് കടമെടുത്ത പഞ്ചവത്സര പദ്ധതിയും ആസൂത്രണ കമ്മീഷനും അര നൂറ്റാണ്ട് ഇപ്പുറം പ്രസക്തമല്ലെന്ന നിലപാടിലാണ് മോദിയും അദ്ദേഹത്തിന്റെ ഉപദേശകരും. അധികാരത്തിലെത്തി ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ആസൂത്രണ കമ്മീഷനോട് മോദിയുടെ സമീപനം വ്യക്തമായിരിക്കുന്നു. 

കമ്മീഷന്റെ എക്‌സിക്യൂട്ടീവ് മേധാവി സ്ഥാനം അദ്ദേഹം ഒഴിച്ചിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ മൂലധന ചെലവ് നിശ്ചയിക്കാനുള്ള കമ്മീഷന്റെ അധികാരവും എടുത്തു കളഞ്ഞു. ധനകാര്യ മന്ത്രാലയത്തിനാണ് അത് നല്‍കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി, കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കമ്മീഷനെ ഒഴിവാക്കി. ഇക്കാലം വരെ ബജറ്റിന്റെ മുഖ്യ അജന്‍ഡകളെല്ലാം നിര്‍ണയിക്കുന്നത് കമ്മീഷനിലെ വിദഗ്ധരാണ്. ജൂലൈ പത്തിനാണ് ബജറ്റ്. കമ്പോളനിയന്ത്രിതമായ സാമ്പത്തിക നയം മേല്‍ക്കൈ നേടിയിട്ടുള്ള ഒരു രാജ്യത്ത് സര്‍ക്കാറിന്റെ ആജ്ഞക്കനുസരിച്ച് സാമ്പത്തിക മുന്‍ഗണനകള്‍ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് മോദിസത്തിന്റെ വക്താക്കള്‍. 1990കളില്‍ ആരംഭിച്ച ഉദാരീകരണ നയം അതിന്റെ പാരമ്യത്തില്‍ എത്തുന്ന മോദി ഭരണത്തില്‍ മുന്‍ഗണനകള്‍ നിശ്ചയിക്കാന്‍ ആസൂത്രണ കമ്മീഷനെപ്പോലെയുള്ള ഒരു സംഘത്തിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍.
ഇന്‍ഡിപെന്‍ഡന്റ് ഇവാല്വേഷന്‍ ഓഫീസ് എന്ന വിദഗ്ധ സംഘം മുന്നോട്ട് വെച്ച അഭിപ്രായ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് ആസൂത്രണ കമ്മീഷനെതിരായ ചര്‍ച്ച കത്തുന്നത്. “ആധുനിക സാമ്പത്തികക്രമത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ചുള്ള പരിഷ്‌കരണ ശ്രമങ്ങളെ ആസൂത്രണ കമ്മീഷന്‍ തടസ്സപ്പെടുത്തുകയാണ്. ആ നിലക്ക് കമ്മീഷന്‍ പിരിച്ചുവിടുന്നതാണ് നല്ലത്” എന്നായിരുന്നു ഐ ഇ ഒയുടെ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം. ഐ ഇ ഒയുടെ റിപോര്‍ട്ടിനെ പിന്തുണച്ച് അരുണ്‍ ഷൂരി അടക്കമുള്ള നിരവധി ബി ജെ പി നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഉദ്യോഗസ്ഥ മേധാവിത്വത്തിനും കുപ്പിക്കഴുത്തുകള്‍ക്കും വഴി വെക്കുകയാണ് കമ്മീഷനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 അനുസരിച്ചാണ് ആസൂത്രണ കമ്മീഷന്‍ രൂപവത്കരിച്ചിരിക്കുന്നത്. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഇത്തരമൊരു സമിതിയുടെ ആവശ്യകത ഊന്നിപ്പറയുന്നു. രാജ്യത്ത് വലിയ വികസന മുന്നേറ്റമുണ്ടാക്കിയ പഞ്ചവത്സര പദ്ധതികള്‍ക്ക് നേതൃത്വം വഹിക്കുന്നത് കമ്മീഷനാണ്. പ്രധാനമന്ത്രിയാണ് കമ്മീഷന്റെ അധ്യക്ഷന്‍. ഉപാധ്യക്ഷന്‍ അതത് കാലത്ത് സര്‍ക്കാര്‍ നിയോഗിക്കുന്ന സാമ്പത്തിക വിദഗ്ധനായിരിക്കും. അദ്ദേഹമായിരിക്കും എക്‌സിക്യൂട്ടീവ് മേധാവി. മൊണ്ടേക് സിംഗ് ആലുവാലിയക്ക് ശേഷം ആ തസ്തിക നികത്താന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം നിശ്ചയിക്കുന്നതിലും കേന്ദ്ര സര്‍ക്കാറിന്റെ മൂലധന ചെലവ് നിര്‍ണയിക്കുന്നതിലും ആസൂത്രണ കമ്മീഷനുള്ള അമിത പ്രാധാന്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. രാജ്യത്തെ മൊത്തത്തില്‍ കണ്ട് കമ്മീഷന്‍ മുന്നോട്ട് വെക്കുന്ന പൊതു സമീപനങ്ങള്‍ പലപ്പോഴും സംസ്ഥാനങ്ങളെ ഒറ്റക്കൊറ്റക്കെടുക്കുമ്പോള്‍ പ്രായോഗികമായിരിക്കില്ല. ദാരിദ്ര്യ രേഖാ നിര്‍ണയത്തില്‍ ഇത് പലപ്പോഴും നിഴലിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പലതും ഏതാനും സംസ്ഥാനങ്ങള്‍ക്ക് മാത്രം പ്രസക്തമായതാണ്. ദിവസം 27 രൂപയോ അതിലധികമോ വരുമാനം ഉള്ളവര്‍ ദരിദ്രരല്ലെന്ന് 2012ല്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. യു പി എ സര്‍ക്കാറിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം അത് ഉപയോഗിച്ചു. ആ സമയത്തു തന്നെയാണ് കമ്മീഷന്‍ ആസ്ഥാനത്തെ രണ്ട് ടോയ്‌ലറ്റുകള്‍ നവീകരിക്കാന്‍ 50,000 ഡോളര്‍ ചെലവിട്ടുവെന്ന വാര്‍ത്ത വന്നതും.
“സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. അതത് പ്രദേശത്തെ വികസന വെല്ലുവിളികളെ അവക്ക് തന്നെയേ നന്നായി കണ്ടെത്താനാകൂ. ആസൂത്രണ കമ്മീഷന്‍ ഇതില്‍ ഇടപെടുമ്പോള്‍ മോശം ഫലമാണ് ഉണ്ടാകുക”യെന്ന് ഐ ഇ ഒ മേധാവി അജയ് ഛിബര്‍ പറയുന്നു. അതുകൊണ്ട് ഇന്നത്തെ ഘടനയില്‍ ആസൂത്രണ കമ്മീഷന്‍ നിലനില്‍ക്കേണ്ടതില്ല. പകരം ഒരു വിദഗ്ധ സംഘം രൂപവത്കരിക്കാം. ഈ സംഘം സര്‍ക്കാറിനെ ഉപദേശിക്കുകയാണ് വേണ്ടത്. അത് ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനം, തീരദേശ മാനേജ്‌മെന്റ് പോലുള്ള ദീര്‍ഘകാല വിഷയങ്ങളില്‍ പഠനം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
മന്ത്രാലങ്ങളെ കൂട്ടിയോജിപ്പിച്ചും കാബിനറ്റ് കമ്മിറ്റികളെ പിരിച്ചു വിട്ടും ഭരണകൂടത്തിന്റെ വലിപ്പം കുറക്കാന്‍ മുതിരുന്ന മോദി കമ്മീഷന്റെ രൂപം മാറ്റുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മിശ്ര സമ്പദ്‌വ്യവസ്ഥയെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വികസന മാതൃക കൂടിയാകും ആസൂത്രണ കമ്മീഷനോടൊപ്പം അസ്തമിക്കുക. ഒപ്പം മന്ത്രാലയങ്ങള്‍ക്കിടയിലും സംസ്ഥാനങ്ങള്‍ക്കിടയിലും ഏകോപനം സാധ്യമാക്കുന്ന ഒരു സംവിധാനവും.