Connect with us

Articles

പഞ്ചസാരയുടെ തീരുവ കൂട്ടുമ്പോള്‍ ആര്‍ക്കാണ് നേട്ടം?

Published

|

Last Updated

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം ജനദ്രോഹ നയങ്ങളുടെ ഘോഷയാത്ര ആരംഭിച്ചിരിക്കുകയാണ്. യു പി എ സര്‍ക്കാര്‍ സൃഷ്ടിച്ച വിലക്കയറ്റവും അഴിമതിയുമുള്‍പ്പെടെയുള്ള ജനദ്രോഹ നയങ്ങളില്‍ നിന്ന് രക്ഷ പ്രതീക്ഷിച്ച് മോദിയെ അധികാരത്തിലെത്തിച്ചവര്‍ക്ക് ഒരു സൈദ്ധാന്തിക രാഷ്ട്രീയ പഠനത്തിന്റെയും പിന്‍ബലമില്ലാതെ മോദിയാരാണെന്ന് അനുഭവത്തിലൂടെ മനസ്സിലായിക്കൊണ്ടിരിക്കയാണ്. റെയില്‍വേ ചാര്‍ജ് വര്‍ധിപ്പിച്ച് സമസ്ത ചരക്കുകളുടെയും വിലക്കയറ്റത്തിനാണ് മോദി സര്‍ക്കാര്‍ വഴിമരുന്നിട്ടിരിക്കുന്നത്. ഡീസലിന്റെ വില വര്‍ധിപ്പിക്കാനും പെട്രോളിനെന്നപോലെ വിലനിയന്ത്രണം എടുത്തുകളയാനും തീരുമാനമുണ്ടായി. പാചക വാതകത്തിന് പ്രതിമാസം 50 വീതം വര്‍ധിപ്പിക്കാനും ക്വരീസ് പരീഖ് കമ്മിറ്റി ശിപാര്‍ശ ചെയ്തപോലെ പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി പൂര്‍ണമായി എടുത്തുകളയാനുമുള്ള നീക്കങ്ങളിലാണ് മോദി സര്‍ക്കാര്‍.
തങ്ങളെ അധികാരത്തിലെത്തിച്ച കോര്‍പറേറ്റ് മൂലധന താത്പര്യങ്ങള്‍ക്കാവശ്യമായ രീതിയില്‍ സമസ്ത മണ്ഡലങ്ങളിലും പരിഷ്‌കാരങ്ങള്‍ തീവ്രഗതിയിലാക്കുകയാണ്. സാര്‍വദേശീയ, ദേശീയ കുത്തകകളുടെ ലാഭതാത്പര്യങ്ങളെ നന്നായി സേവിക്കുമെന്ന പ്രഖ്യാപനമാണ് ഓരോ നടപടിയിലും മുഴങ്ങിക്കേള്‍ക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രചാരണ തന്ത്രങ്ങളാണ് മോദിക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
ഏറ്റവുമൊടുവില്‍ പഞ്ചസാരയുടെ ഇറക്കുമതിച്ചുങ്കം 40 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനമുണ്ടായി. 15 ശതമാനത്തില്‍ നിന്നാണ് ഒറ്റയടിക്ക് 40 ശതമാനമാക്കുന്നത്. ഇതോടെ പഞ്ചസാര വില കിലോക്ക് ചുരുങ്ങിയത് മൂന്ന് രൂപയെങ്കിലും വര്‍ധിക്കും. പഞ്ചസാര വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനെന്ന പേരിലാണ് കേന്ദ്ര പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍ ഇങ്ങനെയൊരു വ്യാജ പ്രഖ്യാപനം നടത്തിയത്. പഞ്ചസാര വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച ഉന്നത തല സമിതിയുടെ തീരുമാനമനുസരിച്ചാണ് തീരുവ കൂട്ടിയത്. ഒറ്റയടിക്ക് ഇറക്കുമതി തീരുവ 25 ശതമാനം വര്‍ധിപ്പച്ചത് ആഭ്യന്തര പഞ്ചസാര വ്യവസായത്തെ സംരക്ഷിക്കാനാണെന്നാണ് ന്യായീകരണം.
കരിമ്പ് കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ ഇറക്കുമതി തീരുവ കൂട്ടുന്നത് യഥാര്‍ഥത്തില്‍ പഞ്ചസാര മില്ലുടമകളെ സഹായിക്കാനാണ്. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് വഴി മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ കരിമ്പ് കൃഷിക്കാര്‍ക്ക് ഒരു നേട്ടവുമുണ്ടാകില്ല. കര്‍ഷകരില്‍ നിന്ന് കരിമ്പ് ശേഖരിച്ച് പഞ്ചസാരയാക്കി മാറ്റുന്ന മില്ലുടമകളെ മാത്രമാണ് അത് സഹായിക്കുക. വിദര്‍ഭ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരില്‍ വലിയൊരു വിഭാഗം കരിമ്പ് കര്‍ഷകരാണ്. കര്‍ഷകരില്‍ നിന്ന് വളരെ തുച്ഛമായ വിലക്കാകും മില്ലുടമകള്‍ കരിമ്പ് ശേഖരിക്കുന്നത്. കരിമ്പ് കൃഷിക്കാര്‍ക്ക് ഒരിക്കലും യഥാസമയം പണവും നല്‍കാറില്ല. 11,000 കോടിയോളം രൂപ കൃഷിക്കാര്‍ക്ക് കുടിശ്ശികയുണ്ട്. ഈ തുക നല്‍കി കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ ഒരു നടപടിയും, യു പി എ സര്‍ക്കാറിനെ പോലെ മോദി സര്‍ക്കാറും സ്വീകരിച്ചിട്ടില്ല. എത്രയോ കാലമായി ഉത്തരേന്ത്യന്‍ കരിമ്പ് കൃഷിക്കാര്‍ ഈ ആവശ്യം ഉയര്‍ത്തി പ്രക്ഷോഭത്തിലാണ്.
വന്‍കിട മുതലാളിമാര്‍ നയിക്കുന്ന പഞ്ചസാര ലോബി എല്ലാ സര്‍ക്കാറുകളിലും നല്ല സ്വാധീനം ചെലുത്തുന്നവരാണ്. കര്‍ഷകര്‍ക്ക് നല്‍കാനെന്ന പേരില്‍ മില്ലുടമകള്‍ സര്‍ക്കാറില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു. കുടിശ്ശിക കിട്ടാനായി കര്‍ഷകര്‍ സമരം നടത്തിയതോടെ തങ്ങള്‍ക്ക് 6,600 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിക്കണമെന്ന ആവശ്യവുമായി മില്ലുടമകള്‍ രംഗത്തെത്തി. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ 4,400 കോടി രൂപ മില്ലുടമകള്‍ക്ക് പലിശരഹിത വായ്പ നല്‍കാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ കുടിശ്ശിക തുക യഥാസമയം നല്‍കാത്ത പഞ്ചസാര മുതലാളിമാര്‍ക്ക് ഇരട്ട ലാഭമുണ്ടാക്കിക്കൊടുത്തിരിക്കയാണിത്.
കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കാതെ മില്ലുടമകള്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നത് കോര്‍പറേറ്റ് കൊള്ളക്ക് അവസരമൊരുക്കാനാണ്. മഹാരാഷ്ട്രയിലെ ബി ജെ പി, ശിവസേനാ സഖ്യത്തിന് പണം പമ്പ് ചെയ്യുന്നത് ഈ പഞ്ചസാര ലോബിയാണ്. കരിമ്പ് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം ആദ്യം 3300 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ടണ്‍ കരിമ്പിന് 3,500 രൂപ കിട്ടണമെന്ന കര്‍ഷകരുടെ ആവശ്യത്തെ തള്ളിക്കൊണ്ടാണ് മില്ലുടമകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു ടണ്‍ കരിമ്പിന് 2,200 രൂപയാണ് കൃഷിക്കാര്‍ക്ക് കിട്ടുന്നത്. വര്‍ധിച്ചുവരുന്ന ചെലവ് പരിഗണിച്ചാല്‍ കൃഷിക്കാര്‍ക്ക് വലിയ നഷ്ടമാണ് ഇത് ഉണ്ടാക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയാണ് ഇന്ത്യന്‍ കാര്‍ഷിക പ്രതിസന്ധിയുടെ പ്രധാന കാരണം.
മില്ലുടമകള്‍ക്ക് വന്‍ ലാഭവും കൃഷിക്കാര്‍ക്ക് വന്‍ നഷ്ടവും സര്‍വതലസ്പര്‍ശിയായ പാപ്പരീകരണവുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കരിമ്പിന്റെ ഉപോത്പന്നങ്ങളില്‍ നിന്ന് മില്ലുടമകള്‍ക്ക് വന്‍ വരുമാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എഫ്‌നോള്‍, കരിമ്പ് ചണ്ടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വളം എന്നീ ഉപോത്പന്നങ്ങള്‍ മുതലാളിമാര്‍ക്ക് വന്‍ ലാഭം ഉണ്ടാക്കുന്നതാണ്. പുതിയ തീരുമാനം പഞ്ചസാര ഉത്പന്നങ്ങളുടെ വില വര്‍ധിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കാനാണ് അവസരമുണ്ടാക്കുക. കൃഷിക്കാര്‍ക്ക് ഒരു ഗുണവും ചെയ്യുകയുമില്ല.
മന്ത്രിയുടെ പ്രഖ്യാപനം വന്ന ജൂണ്‍ 23 ഓടെ പഞ്ചസാര കമ്പനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നു. പഞ്ചസാര കുത്തകളായ ബജാജ്, ഹിന്ദുസ്ഥാന്‍, ശ്രീരേണുക ഷുഗേഴ്‌സ്, ബല്‍റാംപൂര്‍ ചീനി ഓര്‍ഗനൈസേഷന്‍സ് തുടങ്ങിയ കുത്തക കമ്പനികളുടെ ഓഹരി വിലയാണ് ഉയര്‍ന്നത്. പഞ്ചസാര മില്ലുടമകളുടെ സംഘടനയായ ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ വലിയ ആഹ്ലാദമാണ് പ്രകടിപ്പിച്ചത്. ഇപ്പോള്‍, 20-25 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലുണ്ടെന്നും തീരുവ വര്‍ധന വിദേശ ഇറക്കുമതിയെ പരിമിതപ്പെടുത്തുമെന്നും അത് വന്‍തോതില്‍ വിലവര്‍ധനവിനു സഹായകരമാകുമെന്നുമാണ് അസോസിയേഷന്‍ കണക്കുകൂട്ടുന്നത്. ജനങ്ങള്‍ക്ക് വിലക്കയറ്റം സമ്മാനിക്കുന്ന മോദി സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ കുത്തകകള്‍ക്ക് വന്‍ കൊള്ളക്കുള്ള അവസരമായി മാറുകയാണ്. പഞ്ചസാരയുടെ തീരുവ കൂട്ടുമ്പോള്‍ കോര്‍പറേറ്റുകളുടെ പണപ്പെട്ടിയിലേക്ക് പണമൊഴുകിയെത്തുകയാണ്. അതാണ് ഷുഗര്‍ മില്‍ അസോസിയേഷന്റെ സന്തോഷത്തിന് കാരണം.

---- facebook comment plugin here -----

Latest