Connect with us

International

യുദ്ധക്കുറ്റ അന്വേഷണം: ശ്രീലങ്ക സമ്മര്‍ദത്തില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: യു എന്‍ നടത്തുന്ന യുദ്ധക്കുറ്റ അന്വേഷണം ശ്രീലങ്കന്‍ സര്‍ക്കാറിന് മേല്‍ കനത്ത സമ്മര്‍ദം സൃഷ്ടിക്കുന്നു. നേരത്തെ യു എന്‍ തയ്യാറാക്കിയ റിപോര്‍ട്ടനുസരിച്ച് 40,000 ലധികം സാധാരണക്കാര്‍ 2009ല്‍ നടന്ന യുദ്ധത്തില്‍ അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. കീഴടങ്ങാന്‍ തയ്യാറായ തമിഴ് വിമതരായ പോരാളികളെയും ശ്രീലങ്കന്‍ സര്‍ക്കാര്‍ കൊലപ്പെടുത്തിയെന്നും റിപോര്‍ട്ടിലുണ്ട്. നൊബേല്‍ ജേതാവും മുന്‍ ജഡ്ജിയും ഉള്‍പ്പെട്ട ഒരു സംഘത്തെ അന്വേഷണ സഹായത്തിനായി യു എന്‍ ഹൈക്കമ്മീഷനര്‍ നവി പിള്ള പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇരുഭാഗത്തുമുണ്ടായ അതിക്രമങ്ങളെ കുറിച്ച് ഈ സംഘം അന്വേഷണം നടത്തും. അതേസമയം, തമിഴ് പുലികളെ നേരിടുന്ന സമയത്ത് സാധാരണക്കാരായ ആളുകളെ തങ്ങള്‍ ലക്ഷ്യം വെച്ചിട്ടില്ലെന്നും വിമതര്‍ക്കെതിരെ ക്രൂരമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നുമാണ് ശ്രീലങ്കന്‍ സര്‍ക്കാറിന്റെ വാദം. ഈ അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഒരു ഭീകരവാദി സംഘത്തെ പരാജയപ്പെടുത്തിയതിന്റെ പേരില്‍ മൂന്നാം ലോക രാജ്യമായ ശ്രീലങ്കയെ ക്രൂശിക്കുകയാണെന്നും യു എന്നിലെ ശ്രീലങ്കന്‍ അംബാസഡറും യുദ്ധം നടക്കുന്ന സമയത്തെ വിദേശ കാര്യ സെക്രട്ടറിയുമായിരുന്ന പാലിത കൊഹോന ചൂണ്ടിക്കാട്ടി.
ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരവധി ന്യായങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും യു എന്‍ അന്വേഷണ റിപോര്‍ട്ട് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന രജപക്‌സെ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്. യുദ്ധം അവസാനിച്ചതിന് ശേഷം ഇപ്പോള്‍ അഞ്ച് വര്‍ഷമായി ശ്രീലങ്കയുടെ നേതൃത്വം അദ്ദേഹത്തിന്റെ കരങ്ങളിലാണ്. ഇദ്ദേഹത്തിന്റെ സഹോദരനും പ്രതിരോധ സെക്രട്ടറിയുമായ ഗോതഭയ രാജപക്‌സെയെയും അന്വേഷണം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. തമിഴ് പുലികളുടെ നേതാക്കളെ വധിക്കണമെന്ന് ഇദ്ദേഹം നേരത്തെ ഉത്തരവിട്ടിരുന്നു. 2009ലെ യുദ്ധം അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കെ, തമിഴ് പുലികളുടെ രണ്ട് സമുന്നത നേതാക്കളായ ബാലസിംഗം നടേഷനും എസ് പുലിദേവനും കീഴടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ രണ്ട് പേരും പിന്നീട് കൊല്ലപ്പെട്ടിരുന്നു. കീഴടങ്ങാന്‍ താത്പര്യപ്പെടുന്നവരെ കൊന്നൊടുക്കണമെന്ന് ഉത്തരവാദപ്പെട്ടവര്‍ കല്‍പ്പിച്ചിരുന്നതായുമുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്.

Latest