Connect with us

Kerala

കോഴിക്കോട്ട് ഹര്‍ത്താല്‍ പൂര്‍ണം

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് പലയിടത്തും സംഘര്‍ഷത്തിന് കാരണമായി. അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ഡി വൈ എഫ് ഐ ടൗണ്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കുതിരവട്ടം ചേനോളിപറമ്പില്‍ വടോളിമീത്തല്‍ ബിജു, ഡി വൈ എഫ് ഐ നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റി അംഗം ഒ കെ ശ്രീജേഷ്, ടൗണ്‍ മേഖലാ കമ്മിറ്റി അംഗം ഹര്‍കിഷന്‍ സുര്‍ജിത്ത്, ചാലപ്പുറം മേഖലാ കമ്മിറ്റി അംഗം വൈശാഖ് എന്നിവരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. നൂറോളം പേര്‍ക്കെതിരെ അക്രമവുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
സി പി എം കൗണ്‍സിലര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ ധര്‍ണക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്നലെ രാവിലെ ആറ് മുതല്‍ വൈകുന്നേകം നാല് മണിവരെയായിരുന്നു ഹര്‍ത്താല്‍. കടകളും സ്ഥാപനങ്ങളും നഗരപ്രദേശങ്ങളില്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളും ദീര്‍ഘദൂര ബസുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. ജില്ലയില്‍ ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. യാത്രക്കാരെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം അരങ്ങേറിയതോടെ പോലീസെത്തിയാണ് പലയിടത്തും രംഗം ശാന്തമാക്കിയത്.

Latest