Connect with us

Articles

പൊതുവിദ്യാഭ്യാസരംഗം എങ്ങോട്ട്?

Published

|

Last Updated

കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ബാഹ്യ രേഖാചിത്രം അസ്വസ്ഥജനകമായ സൂചകങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ വലിച്ചുകൊണ്ടുപോകുന്ന ഒരു അധ്യയന വര്‍ഷാരംഭമാണിത്. ആകെയുള്ള പൊതുവിദ്യാലയങ്ങളില്‍ 40 ശതമാനത്തിന് മുകളില്‍ “അനാദായകരമായിരിക്കുന്നു”. 16,638 സ്‌കൂളുകളാണ് നമുക്ക് ആകെയുള്ള പൊതുവിദ്യാലയ സമ്പത്ത്. അവയില്‍ 5137 വിദ്യാലയങ്ങള്‍ ലാഭകരമല്ലായെന്ന് ഡി പി ഐ കണ്ടെത്തിയിരിക്കുന്നു. പൊതുവിദ്യാലയങ്ങളെ ലാഭകരമായവയെന്നും അല്ലാത്തവയെന്നും വിഭജിക്കുന്നത് നൈതികമോ എന്ന ചോദ്യം പ്രധാനപ്പെട്ടതാണ്, ചര്‍ച്ച ചെയ്യേണ്ടതുമാണ്. അതിലേക്കു വരുന്നതിന് മുമ്പ് മറ്റൊന്നുണ്ട്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതിന്റെ കാരണമെന്തെന്ന് നിശിതമായ മാനദണ്ഡനങ്ങളുപയോഗിച്ച് പഠിക്കുകയും പരിഹാരനിര്‍ദേശങ്ങള്‍ കണ്ടെത്തുകയുമെന്ന പ്രധാനപ്പെട്ട നടപടി.

കണക്കുകള്‍ താഴെപ്പറയും പ്രകാരമാണ്. 2012 – 2013 അധ്യയന വര്‍ഷം അനാദായകരമെന്ന പട്ടികയിലുള്‍പ്പെട്ട വിദ്യാലയങ്ങളുടെ എണ്ണം 5,137. 2011-2012 അധ്യയന വര്‍ഷം ആകെ 4,614 സ്‌കൂളുകളായിരുന്നു ഈ ഗണത്തിലുണ്ടായിരുന്നത്. അവയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ 2,413 ഉം എയ്ഡഡ് 2,724ഉം ആണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമല്ല എയ്ഡഡ് വിദ്യാലയങ്ങളും ഇങ്ങനെ അനാകര്‍ഷമായി പോകുന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. എന്നുമാത്രമല്ല, പൊതുവിദ്യാലയങ്ങളുടെ ഭാവിയെക്കുറിച്ച് അസ്വസ്ഥതകള്‍ ഏറ്റുന്ന മറ്റൊരു കാര്യവുമുണ്ട്. സ്‌കൂള്‍ അടിസ്ഥാനത്തില്‍ അമ്പതില്‍ താഴെ വിദ്യാര്‍ഥികളുള്ള വിദ്യാലയങ്ങളുടെ എണ്ണമെടുക്കുമ്പോള്‍ 1,217 സര്‍ക്കാര്‍ സ്‌കൂളുകള്‍ കണ്ടെത്താനായി. ആ കണക്കിലും എയ്ഡഡ് വിദ്യാലയങ്ങള്‍ തന്നെ മുന്നില്‍. 1,360 എണ്ണം. അശുഭകരമായ സൂചനകളാണ് ഈ കണക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ നിലവാരത്തകര്‍ച്ച പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഭാഷയില്‍പ്പറയുന്ന “അനാദായകരമായ” സ്‌കൂളുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.

എന്തായാലും, ഈ അധ്യയന വര്‍ഷം 2,577 വിദ്യാലയങ്ങളില്‍ 50 കുട്ടികളുടെ എണ്ണം തികക്കാന്‍ കഴിഞ്ഞിട്ടില്ല. 10 കുട്ടികളില്‍ താഴെയുള്ള വിദ്യാലയങ്ങള്‍ 109 എണ്ണമുണ്ട്. ഒരു കുട്ടി മാത്രമുള്ള നാല് സ്‌കൂളുകളും ലിസ്റ്റില്‍ കണ്ടു. കുട്ടികള്‍ ആരുമില്ലാത്ത ആറ് എല്‍ പി സ്‌കൂളുകള്‍ മരണശയ്യയിലാണ്.കുട്ടികള്‍ കുറഞ്ഞ വിദ്യാലയങ്ങളുടെ ആകെ പട്ടിക പരിശോധിക്കുമ്പോള്‍ 90 ശതമാനവും ലോവര്‍ പ്രൈമറി സ്‌കൂളുകളാണ് എന്ന് കാണാന്‍ കഴിയും. അതിനുള്ള പ്രധാന കാരണമായി എല്‍ പി സ്‌കൂളുകളില്‍ വേണ്ടത്ര മികവാര്‍ന്ന ബോധനം നടക്കുന്നില്ലെന്ന പരാതിയാണ് രക്ഷിതാക്കള്‍ അവതരിപ്പിക്കുന്നത്. അക്ഷരജ്ഞാനം കുട്ടികളില്‍ ഉറക്കാനുതകുന്ന ശാസ്ത്രീയമായ ബോധനസമ്പ്രദായമല്ല കുറേ വര്‍ഷങ്ങളായി നമ്മുടെ വിദ്യാലയങ്ങളില്‍ അനുവര്‍ത്തിക്കുന്നത്. ഗണിത ബോധനത്തിലും ഗുരുതരമായ പാളിച്ചകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സംഖ്യാ ബോധം പോലും താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അതിന് കുട്ടികളെ പഴി ചാരാനാകുമോ? അധ്യാപകന്റെ കഴിവില്ലായ്മയാണത് എന്ന് പൊതുവില്‍ പറഞ്ഞ് ഒഴിയാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. എന്നാല്‍, അതിനുമപ്പുറം ബോധന സമ്പ്രദായങ്ങളില്‍ തന്നെ അടിസ്ഥാനപരമായി എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടോ എന്ന പരിശോധനക്കു സമയമായിരിക്കുന്നു. നടന്ന അധ്യാപക പരിശീലനങ്ങള്‍ക്ക് കൈയും കണക്കുമില്ല. അതിനു വേണ്ടി കഴിഞ്ഞ 2006 മുതല്‍ ചെലവഴിച്ച തുകയും സമയവുമെത്ര എന്ന കണക്കുകള്‍ പരിശോധിച്ചാല്‍ അത്ഭുതപ്പെട്ടു പോകും. വെക്കേഷന്‍ കാലത്തും ശനിയാഴ്ചകളിലും പ്രത്യേകപരിശീലനങ്ങള്‍ എത്രയോ നടന്നു കഴിഞ്ഞു. എസ് എസ് എ ഫണ്ടിന്റെ 25 ശതമാനവും അത്തരം കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിച്ചിട്ടുള്ളത്. അപ്പോള്‍ പ്രശ്‌നം പരിശീലനത്തിന്റെതു മാത്രമല്ലെന്ന് പറയേണ്ടി വരുന്നു. എന്നു മാത്രമല്ല പുതിയ പാഠ്യപദ്ധതിയുടെ ഏറ്റവും ശക്തരായ വക്താക്കള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലാണല്ലോ അനാദായകരമായ ഏറ്റവുമധികം സ്‌കൂളുകളുടെ എണ്ണം കണ്ടെത്തിയത്; 731 സ്‌കൂളുകള്‍. അതിന് എന്ത് ഉത്തരമാണ് പറയാനുണ്ടാകുക?

പൊതുവിദ്യാലയങ്ങളിലെ ഈ നിലവാരത്തകര്‍ച്ചക്കു കാരണം നിലവിലുള്ള പാഠ്യപദ്ധതിയും പരീക്ഷാ സമ്പ്രദായവുമാണെന്ന വിമര്‍ശം വിദ്യാഭ്യാസ വിദഗ്ധര്‍ എത്രയോ കാലങ്ങളായി ഉന്നയിക്കുന്നുണ്ട്. കൂടാതെ അന്വേഷണങ്ങളും പഠനങ്ങളും റിപോര്‍ട്ടുകളുമെല്ലാം ബോധന സമ്പ്രദായങ്ങളുടെ പോരായ്മകളിലേക്കു വെളിച്ചം വീശുന്നുമുണ്ട്. 2012ല്‍ പാര്‍ലിമെന്റിന്റെ വിദ്യാഭ്യാസ കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി നടത്തിയ പഠന റിപോര്‍ട്ടിലാണ് പാഠ്യപദ്ധതി പരിഷ്‌കാരം നടന്ന സംസ്ഥാനങ്ങളിലെ ഭാഷാ- ഗണിത ശേഷികളില്‍ കുട്ടികള്‍ പിന്നാക്കമാണെന്ന് കണ്ടെത്തിയത്. റിപോര്‍ട്ടില്‍ പറയുന്നു. “”അഞ്ചാം ക്ലാസ്സിലെ 53.2 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ വായിക്കാനറിയില്ല. മൂന്നാം ക്ലാസിലെ 61.3 ശതമാനം കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലെ പാഠഭാഗങ്ങള്‍ വായിക്കാന്‍ കഴിയുന്നില്ല. 46.5 ശതമാനം വരുന്ന അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കു രണ്ടക്ക സംഖ്യയിലെ ലളിത ഗണിത പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാനറിയില്ല. അഞ്ചാം ക്ലാസിലെ തന്നെ 75.2 ശതമാനം കുട്ടികള്‍ക്ക് ചതുഷ്‌ക്രിയകള്‍ ചെയ്യാനറിയില്ല.”” പാഠ്യപദ്ധതി ഫലത്തെക്കുറിച്ച് സമ്പൂര്‍ണ പുനഃപരിശോധന നടത്താന്‍ ഈ പഠന റിപോര്‍ട്ട് തന്നെ ധാരാളം.
ഉദാരമായ പരീക്ഷാ സമ്പ്രദായവും അതിനേക്കാള്‍ ഉദാരമായ മൂല്യനിര്‍ണയവും വിജയ ശതമാനം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അക്കാദമികവും വൈജ്ഞാനികവുമായ തലങ്ങളില്‍ മഹാഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടുപോകുന്നു.
പ്രത്യേക ശ്രദ്ധയും ട്യൂഷനും ലഭിക്കാനിടയാക്കുന്ന അപൂര്‍വം വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതിയുടെ പരിമിതികളെ മറികടന്നു മുന്നേറുന്നുണ്ട് എന്നത് സന്തോഷകരമാണ്. അപൂര്‍വമായ തിളക്കം സംഭവിക്കുന്നുണ്ട്. പക്ഷേ, ഒരു തലമുറയെ വാര്‍ത്തെടുക്കാനാണല്ലോ പൊതുവിദ്യാലയങ്ങള്‍. മഹത്തായ മാനവാദര്‍ശങ്ങള്‍, അത്യന്താധുനികമായ ലോകവിജ്ഞാനം, ശാസ്ത്രീയമായ ചിന്താശേഷി, അപഗ്രഥനത്തിനുള്ള സിദ്ധിവിശേഷങ്ങള്‍, യുക്തിവിചാരം, അച്ചടക്കം, ചിട്ട, മൂല്യബോധം അങ്ങനെയെന്തെല്ലാമാണ് സ്‌കൂളുകളില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ആധുനിക സ്‌കൂളുകള്‍-സ്വാശ്രയ സ്‌കൂളുകളാകട്ടെ പൊതുവിദ്യാലയങ്ങളാകട്ടെ – വിദ്യാഭ്യാസത്തിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു.
ലക്ഷങ്ങള്‍ ഫീസും കോഴയും വാങ്ങുന്ന സ്‌കൂളുകള്‍ സാങ്കേതിക വൈദഗ്ധ്യം പകര്‍ന്നു കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ട്. വിവരസാങ്കേതിക വിദ്യയിലും മുന്നിലാണ്. പക്ഷേ, മനുഷ്യന്റെ സമഗ്രവികാസത്തിന് അടിത്തറ പാകാന്‍ കഴിയുന്നുണ്ടോയെന്ന കാര്യം പരിശോധനാര്‍ഹമാണ്. അതുകൊണ്ടു തന്നെ ബൗദ്ധികരംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ പുതിയ പഠന സമ്പ്രദായങ്ങളിലൂടെ കടന്നുവരുന്ന നല്ലൊരു ശതമാനത്തിനും കഴിയുന്നില്ലായെന്ന വസ്തുതകൂടി പരിഗണിച്ചുകൊണ്ടു വേണം അടിസ്ഥാന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സന്നിഗ്ധ ഘട്ടമാണ്. പൊതു വിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചക്കു പരിഹാരം കാണുക എന്നതിനാണ് മുന്‍ഗണന. അധ്യാപന നിലവാരം ഉയരണം. പഠനസമ്പ്രദായങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യമായ പൊളിച്ചെഴുത്തുകള്‍ നടത്തണം. പാഠപുസ്തകങ്ങളുടെ നിലവാരം വര്‍ധിപ്പിക്കണം. പരീക്ഷ ശാസ്ത്രീയമാകണം. മൂല്യനിര്‍ണയത്തിലെ ഉദാരസമീപനങ്ങള്‍ അവസാനിപ്പിക്കണം. അങ്ങനെ വളരെ സുപ്രധാനമായ മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആര്‍ജവം കാണിക്കുമെങ്കില്‍, അടുത്ത അധ്യയന വര്‍ഷം ഒരു പൊതു വിദ്യാലയവും കേരളത്തില്‍ പൂട്ടേണ്ടി വരില്ല. വിദ്യ കൊണ്ട് പ്രബുദ്ധരാകുവാന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ നമുക്ക് അന്വര്‍ഥമാക്കാം, പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിലൂടെ.

 

Latest