Connect with us

Articles

ജി ഡി പി തിന്നുതീര്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ !

Published

|

Last Updated

വിദേശ പണം പറ്റി രാജ്യത്ത് വിവിധ വിഷയങ്ങളിലിടപെട്ട് വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരായ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വ്യാപകമായ ചര്‍ച്ചകള്‍ നടന്നു വരികയാണ്. എന്നാല്‍ ഇതിന് പിന്നിലെ ഇന്റലിജന്‍സ് ബ്യൂറോയുടെ താത്പര്യത്തെ പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്. രാജ്യത്തിന്റെ വികസനത്തെ മുന്‍നിര്‍ത്തിയുള്ള ഐ ബിയുടെ ഈ റിപോര്‍ട്ട് ആര്‍ക്കു വേണ്ടി പടച്ചതാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം പരിസ്ഥിതി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ എതിര്‍പ്പ് ഉയര്‍ന്ന പദ്ധതികളിലൊന്നിലും (ഇവയില്‍ പലതും രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായവയാണെങ്കില്‍ പോലും) നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ഈ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന കുത്തക കമ്പനികളുടെ താത്പര്യങ്ങള്‍ മാത്രമാണ്.
ഇത്തരം സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്ത മിക്ക പ്രക്ഷോഭങ്ങളിലും രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും താത്പര്യത്തിനപ്പുറം ബഹുരാഷ്ട്ര കുത്തകകളുടെ താത്പര്യങ്ങളാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോയും കേന്ദ്ര സര്‍ക്കാറും ഈ നീക്കത്തിലൂടെ സന്നദ്ധ സംഘടനകളെ ലക്ഷ്യമിടുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന ചോദ്യം പ്രസക്തമാകുന്നത്. എന്നാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സന്നദ്ധ സംഘടനകളും രാജ്യതാത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇത് അര്‍ഥമാക്കുന്നില്ല. സന്നദ്ധ സംഘടനകളുടെ കൂട്ടത്തില്‍ വിദേശ പണം പറ്റി രാജ്യതാത്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ചില കള്ള നാണയങ്ങളുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇതിനെ മറയാക്കി മുഴുവന്‍ സന്നദ്ധ സംഘടനകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഐ ബി യുടെ നീക്കം കേന്ദ്ര സര്‍ക്കാറിന് വേണ്ടിയുള്ള വിടുപണിയാണെന്ന ആരോപണത്തില്‍ തെറ്റ് പറയാനാകില്ല. കാരണം സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലാണെങ്കിലും ജനകീയ ചെറുത്തുനില്‍പ്പ് തുടരുന്ന ഇത്തരം പദ്ധതികളുടെയെല്ലാം യഥാര്‍ഥ ഗുണഭോക്താക്കള്‍ ബഹുരാഷ്ട്ര കുത്തകകളാണെന്നതാണ് യാഥാര്‍ഥ്യം.
കഴിഞ്ഞ ജൂണ്‍ മാസം മൂന്നിനാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാറിന് ഈ റിപോര്‍ട്ട് കൈമാറിയത്. കാനഡ, ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ രാജ്യത്തിന്റെ വികസനോന്മുഖ പ്രവര്‍ത്തനങ്ങളെ പിറകോട്ടടിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് റിപോര്‍ട്ട്. കൂടംകൂളം ആണവവിരുദ്ധ സമര നേതാവ് എസ് പി ഉദയകുമാറിനെ പേരെടുത്ത് വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ആഗോളതാപനം, പരിസ്ഥിതി ശോഷണം, ജനിതക വൈകല്യം, വായു- ജല- കര മലിനീകരണം, ജനകീയ ആരോഗ്യ പ്രശ്‌നങ്ങള്‍, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമാണ്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം മൂലം രാജ്യത്തിനുണ്ടായത് 45 ലക്ഷം കോടി രൂപയാണെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ സമര്‍ഥിക്കുന്നത്. ഒപ്പം രാജ്യത്തിന്റെ ദേശീയോത്പാദനത്തില്‍ (ജി ഡി പി) പ്രതിവര്‍ഷം രണ്ട് മുതല്‍ മൂന്ന് വരെ ശതമാനം കുറവ് അനുഭവപ്പെടുന്നെന്നും റിപോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ പഞ്ചവത്സരപദ്ധതിക്ക് ചെലവഴിക്കുന്നതിനേക്കാളേറെ വരുന്ന ഈ തുക രാജ്യത്തിന് നഷ്ടമുണ്ടാക്കിയ സന്നദ്ധസംഘടനകള്‍ വിദേശ രാജ്യങ്ങളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഐ ബിയുടെ പ്രധാന കണ്ടെത്തല്‍.
സന്നദ്ധ സംഘടനകളില്‍ കേന്ദ്ര സര്‍ക്കാറും ഐ ബിയും പ്രധാനമായും ലക്ഷ്യമിടുന്നത് ഗ്രീന്‍ പീസിനെയാണ്. ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സാമ്പത്തികാഭിവൃദ്ധിക്ക് വേണ്ടി അവരില്‍ നിന്ന് പണം പറ്റി സന്നദ്ധ സംഘടനയെന്ന വ്യാജേന ഇന്ത്യപോലുള്ള വികസ്വര, അവികസിത രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെന്നാണ് ഗ്രീന്‍ പീസിനെ ഐ ബി പരിചയപ്പെടുത്തുന്നത്. വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പഠന റിപോര്‍ട്ടുകളും രേഖകളും ചമച്ച് വികാരതീവ്രതയോടെയുള്ള പ്രചാര വേലകള്‍ സംഘടിപ്പിച്ച് ജനങ്ങളില്‍ ഒരു വിഭാഗത്തെ വികസനോന്മുഖ പദ്ധതികള്‍ക്കെതിരെ തിരിച്ചുവിടുന്നവെന്നാണ് ഇത്തരം സംഘടനകളെക്കുറിച്ച് ഐ ബി റിപോര്‍ട്ടിലെ പരാമര്‍ശം. പ്രക്ഷോഭത്തിന്റെ ഭാഗമായി സന്നദ്ധസംഘടനകള്‍ വഴി ഓരോ പ്രദേശത്തിന്റെയും റിപ്പോര്‍ട്ട് തയ്യാറാക്കി വാങ്ങി വിദേശ രാജ്യങ്ങള്‍ അത് തങ്ങളുടെ വിദേശ നയം രൂപവത്കരിക്കാനുള്ള ഡാറ്റയായി ഉപയോഗിക്കുന്നുവെന്നും ഐ ബി ആരോപിക്കുന്നു.
അതേസമയം വികസനമെന്ന പേരില്‍ ഭരണാധികാരികള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അടിസ്ഥാന സ്വഭാവവും പ്രാദേശിക തലത്തില്‍ ഇതിനോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളും പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാകും. വന്‍കിട ആണവോര്‍ജ പദ്ധതികള്‍, സുപ്രധാന ജലവൈദ്യുത പദ്ധതികള്‍, കല്‍ക്കരി അധിഷ്ഠിത വൈദ്യുത പദ്ധതികള്‍, നദികളും കാടുകളും കൈയേറിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, യുറേനിയം ഖനികള്‍, വടക്കുകിഴക്കന്‍ മേഖലയിലെ എണ്ണയുടെയും ചുണ്ണാമ്പ് കല്ലിന്റെയും ഖനനം തുടങ്ങിയവക്ക് എതിരായാണ് കൂടുതലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നിരന്തര പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. തമിഴ്‌നാട്ടിലെ കൂടംകുളം, മഹാരാഷ്ട്രയിലെ ജൈത്താപ്പൂര്‍, മധ്യപ്രദേശിലെ ചുഡ്കാര്‍, ഹരിയാനയിലെ ഫത്തേബാദ്, ആന്ധ്രാപ്രദേശിലെ കവ്വാഡ, കര്‍ണാടകയിലെ കൈഗ, രാജസ്ഥാനിലെ റാവുട്ടാഹോട്ട് തുടങ്ങിയ ആണവ പദ്ധതികള്‍ക്കെതിരെയും ആന്ധ്രപ്രദേശ്, ഝാര്‍ഖണ്ഡ്, മേഘാലയ എന്നിവിടങ്ങളിലെ യുറേനിയം ഖനന പദ്ധതികള്‍ക്കെതിരെയും ഒഡീഷയിലെ പോസ്‌കോ ഇരുമ്പയിര് പദ്ധതി, വേദാന്ത ബോക്‌സൈറ്റ് ഖനന പദ്ധതി തുടങ്ങിയവക്കെതിരെയും ജനിതകമാറ്റ കാര്‍ഷികോത്പന്നങ്ങള്‍ക്കെതിരെയും നിലവില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നുണ്ട്. ഒപ്പം ഓംകാരേശ്വര പദ്ധതിയുടെയും മധ്യപ്രദേശിലെ ഇന്ദിര സാഗര്‍ പദ്ധതിയുടെയും ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജല സത്യാഗ്രഹം, നര്‍മദാ ബച്ചാവോ ആന്തോളന്‍ പ്രക്ഷോഭം തുടങ്ങിയവയും ഭരണാധികാരികളുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയ സമരമുഖങ്ങളാണ്. എന്നാല്‍ ഈ പ്രദേശങ്ങളിലെയെല്ലാം ജനകീയ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാനോ അവരുടെ ആശങ്കകള്‍ ദൂരീകരിക്കാനോ നില്‍ക്കാതെ നിര്‍ബന്ധബുധ്യാ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ ഈ സമരങ്ങളെ നേരിടുന്നത് എന്നതാണ് ഏറെ സംശയം ജനിപ്പിക്കുന്നത്. ഒരു പ്രദേശത്ത് നടത്തുന്ന വികസന പ്രവൃത്തിയുടെ ആവശ്യകതയും പ്രാധാന്യവും പ്രദേശത്തുകാരെ ബോധ്യപ്പെടുത്താതെ അവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലമായി നടപ്പിലാക്കുമ്പോള്‍ ഇത് ആര്‍ക്കുവേണ്ടി എന്ന ചോദ്യം വീണ്ടും പ്രസക്തമാകുകയാണ്.
അതേസമയം, സര്‍ക്കാറിന് നേരിടാന്‍ കഴിയാത്ത ജനകീയ സമരങ്ങളില്‍ സമരമുഖത്ത് നില്‍ക്കുന്ന നേതാക്കളെ ഒറ്റ തിരിഞ്ഞ് പിടികൂടാനുള്ള ഭരണാധികാരികളുടെ നീക്കങ്ങളും നേരത്തെ ഉയര്‍ന്ന സംശയങ്ങളെ ശരിവെക്കുന്നതാണ്. നാഷനല്‍ അലയന്‍സ് ഓഫ് ആന്റിന്യൂക്ലിയര്‍ മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന്റെ പേരില്‍ കൂടംകുളത്ത് നടത്തിയ ആണവവിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ ഡോ. എസ് പി ഉദയകുമാര്‍, തൂത്തുക്കുടിയിലെ ഫാ. ആംബ്രോയിസ് എന്നിവര്‍ക്കെതിരെ ഭരണകൂടം നടത്തിയ നീക്കങ്ങള്‍ ഇതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു.
ഉദയകുമാറിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് ഇയാളെ സമരമുഖത്ത് നിന്ന് ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭീകരമായ ആരോപണങ്ങളാണ് ആദ്യഘട്ടത്തില്‍ ഉന്നയിച്ചത്. ഇതിനു പിന്നില്‍ ആരായിരുന്നു എന്ന ചോദ്യം ഐ ബിയുടെ ഇപ്പോഴത്തെ റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രസക്തമാകുന്നുണ്ട്. ഉദയകുമാറിന് അമേരിക്കയിലെയും ജര്‍മനിയിലെയും ചിലരുമായി ആഴത്തില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍, അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഉപദേശകനായി ചേരുന്നതിന് ലഭിച്ച കോണ്‍ട്രാക്റ്റാണ് ഇതിനായി ഉയര്‍ത്തിക്കാട്ടിയത്. ഈ കരാറില്‍ 2011 ജൂണ്‍ വരെ അദ്ദേഹത്തിന് 21,120 ഡോളറും, 2012 വരെ അവര്‍ക്ക് സമര്‍പ്പിച്ച ദൈ്വവാര റിപോര്‍ട്ടുകളുടെ പേരില്‍ 17,260 ഡോളറും അദ്ദേഹം കൈപ്പറ്റിയെന്നുമാണ് ഐ ബി റിപോര്‍ട്ട് പറയുന്നത്. അങ്ങനെയാണെങ്കില്‍ വിദേശ യൂനിവേഴ്‌സിറ്റികളില്‍ ഉപദേശകരും ഗസ്റ്റുകളുമാകുന്നവരെല്ലാം രാജ്യദ്രോഹികളാണെന്നാണ് ഐ ബി ഉദ്ദേശിക്കുന്നത്. ഒപ്പം സംഘടനയുടെ പേരില്‍ ഇരുവരും വിദേശത്ത് നിന്നെത്തിയ ഫണ്ടുകളുടെ കണക്ക് കാണിച്ചാണ് ആരോപണങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത്. 2006 മുതല്‍ 2011 വരെ 80 കോടി രൂപയുടെ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഐ ബി പറഞ്ഞ കണക്ക്. ഇതിന്റെ യാഥാര്‍ഥ്യമെന്തായാലും നേതാവിന്റെ വിശ്വാസ്യതയില്‍ കളങ്കം ചാര്‍ത്തി അണികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി സമരം പൊളിക്കുകയെന്ന തന്ത്രമാണ് ഐ ബിയും കേന്ദ്ര സര്‍ക്കാറും ഇതിലൂടെ പ്രയോഗിക്കുന്നത്. സമാനമായ ആരോപണങ്ങളും പ്രചാരവേലകളും നര്‍മദാ ബച്ചാവോ ആന്തോളന്‍ നേതാവായ മേധാ പട്കറിനെതിരെയും ഭരണകൂടം ഉന്നയിച്ചിരുന്നു.
അതേസമയം ജനവിരുദ്ധമായ കാര്യങ്ങള്‍ അവരുടെ എതിര്‍പ്പ് മറികടന്ന് അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെതിരെ സമരരംഗത്ത് വരുന്നവരെ ഒതുക്കാന്‍ റിപോര്‍ട്ടുകള്‍ സ്വയം പടച്ചെടുക്കുകയും അത് അവര്‍ തന്നെ ചോര്‍ത്തി നല്‍കുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് ആദ്യമൊന്നുമല്ല. എന്നാല്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി ജനവികാരങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയെ കണ്ടില്ലെന്ന് നടിക്കാനാകില്ല.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest