Connect with us

National

റെയില്‍വേ ബജറ്റ് നാളെ: ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിനുകളിലെ തകരാറുകള്‍ കണ്ടെത്താന്‍ ട്രാക്കുകളില്‍ എക്‌സ് റേ സംവിധാനമൊരുക്കുന്ന പദ്ധതി നാളെ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന മറ്റ് നിരവധി പദ്ധതികളും ബജറ്റിന്റെ പ്രത്യേകതയായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. യാത്രാ കൂലിയും ചരക്ക് കൂലിയും കുത്തനെ കൂട്ടിയത് വഴി ഉയര്‍ന്ന ജനരോഷം തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഈ പ്രഖ്യാപനങ്ങള്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ പുതിയ അക്കാദമി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മന്ത്രി സദാനന്ദ ഗൗഡ നടത്തിയേക്കും.
എന്‍ജിന്‍, കോച്ചുകള്‍, വാഗണുകള്‍ തുടങ്ങിയവയില്‍ ഇളകിയതോ അടര്‍ന്നതോ ആയ ഭാഗങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും വിധം ഒളിഞ്ഞു കിടക്കുന്നുണ്ടെങ്കില്‍ കണ്ടെത്തുകയാണ് ട്രാക്ക്‌സൈഡ് എക്‌സ്‌റേ സിസ്റ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. ട്രാക്കുകളില്‍ ഉചിത മായ ഇടങ്ങളില്‍ ഈ സംവിധാനം സ്ഥാപിക്കും. ചക്രങ്ങള്‍, ബ്രേക്ക് ഡിസ്‌കുകള്‍, ബെയറിംഗുകള്‍ തുടങ്ങിയവയില്‍ അതി ഊഷ്മാവുണ്ടെങ്കില്‍ അതും കണ്ടെത്താന്‍ ഈ സംവിധാനം ഉപയോഗിക്കാം.
സുരക്ഷിത യാത്ര സംബന്ധിച്ച കക്കോദ്കര്‍ കമ്മിറ്റി ശിപാര്‍ശകള്‍ പലതും ബജറ്റില്‍ ഇടം നേടിയേക്കാം. കാവല്‍ക്കാരില്ലാത്ത ലവല്‍ ക്രോസുകള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കുകയെന്ന കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കാനുള്ള പുതിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടം പിടിക്കും. ഇത്തരം 12,000 ലെവല്‍ ക്രോസുകള്‍ ഇന്ത്യയിലുണ്ട്. ആകെയുണ്ടാകുന്ന ട്രെയിന്‍ ദുരന്തങ്ങളുടെ 40 ശതമാനവും ഇത്തരം ക്രോസിംഗുകളിലാണ്. മഞ്ഞു മൂടിയ കാലാവസ്ഥകളില്‍ ട്രെയിന്‍ വൈകുന്നത് ഒഴിവാക്കാന്‍ ആധുനിക സങ്കേതങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ഗൗഡ പ്രഖ്യാപിക്കും. തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ ബാഗേജുകളുടെ പരിശോധനക്ക് സി സി ടി വി, എക്‌സ്‌റേ മെഷീനുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കും. അതീവ സുരക്ഷാ പ്രശ്‌നങ്ങളുള്ളവയുടെ പട്ടികയില്‍ 202 സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ 93 സ്റ്റേഷനുകളിലേ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുള്ളൂ.

Latest