Connect with us

Business

കുരുമുളകിന് മുന്നേറ്റം; സ്വര്‍ണം താഴ്ന്നു

Published

|

Last Updated

കൊച്ചി: കുരുമുളക് വിപണിയില്‍ വാരാന്ത്യം മുന്നേറ്റം. ഓയില്‍ മില്ലുകാര്‍ കൊപ്ര ശേഖരിക്കാന്‍ മത്സരിക്കുന്നു. ടാപിംഗ് സീസണ്‍ മറയാക്കി ടയര്‍ ലോബി റബ്ബര്‍ വില ഇടിച്ചു. സ്വര്‍ണ വില താഴ്ന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുരുമുളകിനു ആവശ്യക്കാര്‍ എത്തിയതോടെ വാരാവസാനം വിപണി ഉഷാറായി. ഹൈറേഞ്ച് ചരക്കിനു അനുഭവപ്പെട്ട ഡിമാന്‍ഡില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 70,900 രൂപയായി കയറി. ഗാര്‍ബിള്‍ഡ് മുളക് 73,400 ലാണ്. ശ്രീലങ്കയില്‍ നിന്നുള്ള കുരുമുളക് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്ക് എത്തി. കിലോഗ്രാമിനു 675-690 രൂപയിലാണ് ഇടപാടുകള്‍ നടക്കുന്നത്. ഇതിനിടെ വിദേശ ഓര്‍ഡറുകളെത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി സമുഹം. ആഗോള വിപണിയില്‍ ഇന്ത്യന്‍ മുളക് വില ടണ്ണിനു 12,950 ഡോളറാണ്.
ദക്ഷിണേന്ത്യയില്‍ നാളികേര വിളവെടുപ്പ് പുരോഗമിച്ചു. പ്രതികൂല കാലാവസ്ഥ മൂലം ഒട്ടുമിക്ക ഭാഗങ്ങളിലും വിളവ് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. ഇതുമൂലം വിപണികളില്‍ കൊപ്രയുടെ ലഭ്യത കുറഞ്ഞു. ഓയില്‍ മില്ലുകാരുടെ പ്രതീക്ഷക്കൊത്ത് കൊപ്ര വില്‍പ്പനക്ക് എത്തിയില്ല. കൊപ്ര വില 10,300 രൂപയിലും വെളിച്ചെണ്ണ 14,900 രൂപയിലുമാണ്.
ടാപിംഗ് സീസണ്‍ തുടങ്ങിയത് മറയാക്കി ടയര്‍ ലോബി റബ്ബര്‍ വില ഇടിച്ചു. ഷീറ്റിനും ലാറ്റക്‌സിനും പോയ വാരം തിരിച്ചടി നേരിട്ടു. വിപണിയിലെ സ്ഥിതി മനസ്സിലാക്കിയിട്ടും സര്‍ക്കാര്‍ ഏജന്‍സികളുടെ റബ്ബര്‍ സംഭരണം പുനരാരംഭിച്ചില്ല. സംഭരണത്തിനു രണ്ട് ഏജന്‍സികളെയാണ് നേരത്തെ ചുമതലപ്പെടുത്തിയത്. 10,000 ടണ്‍ റബ്ബര്‍ സംഭരിക്കുമെന്ന് അവകാശപ്പെട്ട ഏജന്‍സികള്‍ക്ക് ആയിരം ടണ്‍ പോലും സംഭരിക്കാനായില്ല. മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് റബ്ബര്‍ 14,350 രൂപയിലും അഞ്ചാം ഗ്രേഡ് റബ്ബര്‍ 13,600 ലുമാണ്. രാജ്യാന്തര റബ്ബര്‍ മാര്‍ക്കറ്റും തളര്‍ച്ചയിലാണ്. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളായ ടോക്കോമിലും സിക്കോമിലും റബ്ബറിനു തിരിച്ചടി നേരിട്ടു.
ഉത്തരേന്ത്യയില്‍ മഴ ലഭ്യമായെങ്കിലും ചുക്കിനു പുതിയ ഓര്‍ഡറുകള്‍ എത്തിയില്ല. മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലും മാറ്റമില്ലാതെ നിലകൊണ്ടു.
സ്വര്‍ണ വില പവനു 320 രൂപ കുറഞ്ഞു. പവന്റെ വില 21,200 ല്‍ നിന്ന് 20,880 രൂപയായി. ഒരു ഗ്രാമിന്റെ വില 2610 രൂപ. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിനു 1321 ഡോളറാണ്.

Latest