Connect with us

Ongoing News

ബ്രസീലിന് യുദ്ധം

Published

|

Last Updated

ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ജര്‍മനിയെ നേരിടും – രാത്രി 1.30ന് സോണി സിക്‌സില്‍

ബെലോ ഹൊറിസോന്റെ: ബ്രസീല്‍ ജനതയുടെ ശ്വാസഗതിയില്‍ വ്യത്യാസം വന്നിട്ട് മണിക്കൂറുകളാകുന്നു….നെയ്മറിന്റെ പുറത്താകല്‍ ഒരു നാടോടിക്കഥ പോലെ കാനറിയുടെ നാട്ടുകാര്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞു. നിരാശയുടെ മുഖപടം മാറ്റാതെ വയ്യ. ഇന്ന് ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ജര്‍മനിയെ നേരിടുകയാണ് രാഷ്ട്രം. നെയ്മറില്ലാത്ത ബ്രസീലിനെ കുറിച്ചവര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെങ്കിലും, സ്വന്തം മണ്ണില്‍ ലോകകിരീടം എന്ന സ്വപ്‌നസാഫല്യം ഓരോ ബ്രസീലുകാരന്റെയും മനസ്സിലുണ്ട്. സ്‌കൊളാരിയുടെ ആവനാഴിയില്‍ അത്ഭുതമുണ്ടാകും. ഇതാണ് ബ്രസീല്‍ ജനതയുടെ വിശ്വാസം.
2002 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് ഇന്നത്തെ സെമിപോരാട്ടം. അന്ന് ഒലിവര്‍ ഖാന്‍ എന്ന വിഖ്യാത ഗോള്‍കീപ്പറെ കീഴടക്കി റൊണാള്‍ഡോ നേടിയ രണ്ട് ഗോളുകള്‍ ബ്രസീലിനെ അഞ്ചാം വട്ടം ലോകചാമ്പ്യന്‍മാരാക്കി. ജര്‍മനിയുടെ സാങ്കേതിക മിടുക്കുള്ള ഗെയിമിനെ വീഴ്ത്താന്‍ സ്‌കൊളാരി മറുതന്ത്രം മെനയും. ഇത് തന്നെയാണ് ജര്‍മനിയുടെ ഭയം. കൊളംബിയയുടെ അഴകുള്ള കളിയെ ബ്രസീല്‍ നശിപ്പിച്ചത് ലോകം കണ്ടതാണ്. 31 ഫൗളുകള്‍, അതില്‍ കഴിഞ്ഞു കൊളംബിയ. ഫ്രാന്‍സിന്റെ മികച്ച ആക്രമണ ഫുട്‌ബോളിനെ പരിചയ സമ്പത്ത് കൊണ്ട് മറികടന്ന ജര്‍മനിക്ക് ബ്രസീലിനെ സൂക്ഷിക്കേണ്ടതുണ്ട്. ഓരോ മത്സരത്തിലും വ്യത്യസ്ത ഹീറോകളെ സമ്മാനിക്കുന്ന നിരയാണ് മഞ്ഞപ്പടയുടേത്. നെയ്മറുടെ അസാന്നിധ്യത്തില്‍ മറ്റൊരാള്‍. ജര്‍മന്‍ കോച്ച് ജോക്വം ലോ അത്തരമൊരു അപകടം മുന്നില്‍ക്കാണുന്നു. പക്ഷേ, ജര്‍മനിയുടെ സാധ്യതകള്‍ ഒരു തട്ട് മുകളില്‍ തന്നെ. സെറ്റ് പീസുകളിലെ ഹെഡര്‍ ഗോളുകളില്‍ ലോയുടെ ടീം അനായാസം മത്സരഗതി മാറ്റും. സ്‌കൊളാരി നിശബ്ദനായി നില്‍ക്കുകയാണ്. എല്ലാം കളത്തില്‍ കാണാമെന്ന ഭാവത്തില്‍.

നയിക്കാന്‍ ഡേവിഡ് ലൂയിസ്
നെയ്മറും തിയാഗോ സില്‍വയുമില്ലാത്ത മഞ്ഞപ്പടയെ ജര്‍മനിക്കെതിരെ മുന്നില്‍ നിന്ന് നയിക്കേണ്ടത് തീര്‍ച്ചയായും ആ ജനുസ്സില്‍പ്പെട്ട ഒരു പോരാളി തന്നെ. അതേ, ഡേവിഡ് ലൂയിസ് എന്ന ലോകോത്തര ഡിഫന്‍ഡര്‍ക്കാണ് സ്‌കൊളാരിയുടെ നറുക്ക്. ക്യാപ്റ്റന്റെ ആം ബാന്‍ഡണിയുക ലൂയിസാവും. പ്രതിരോധത്തില്‍ തിയാഗോ സില്‍വക്കൊപ്പം ഉറച്ചു നിന്നുള്ള ലൂയിസിന്റെ പ്രകടനം ശ്രദ്ധേയമാണ്. ചിലപ്പോള്‍ സില്‍വയെ പ്രതിരോധച്ചുമതലയേല്‍പ്പിച്ച് ലൂയിസ് കയറിക്കളിക്കും. വെറുതയൊരു കയറല്‍ ആയിരിക്കില്ല അത്. പന്ത് കാലിലുണ്ടാകും. ബോക്‌സ് വരെ ആ കുതിപ്പ് തടയുക പ്രയാസം. നെയ്മറും ഫ്രെഡും ഓസ്‌കറുമൊക്കെ ലൂയിസിന്റെ വരവ് കണ്ടാല്‍ ആക്രമണത്തിന് കോപ്പ് കൂട്ടി പൊസഷന്‍ ചെയ്ത് നില്‍ക്കും.
പന്ത് കൈവിട്ടാല്‍ ലൂയിസ് പ്രതിരോധത്തിലേക്ക് കുതിച്ചെത്തും. സ്വര്‍ണത്തലമുടിയിളക്കിയുള്ള ലൂയിസിന്റെ പന്തടക്കത്തിന് തന്നെയൊരു ചന്തം. ഗോളടിക്കണോ, എത്ര ദൂരെ നിന്ന് വേണമെങ്കിലും താരം റെഡി. കൊളംബിയക്കെതിരെ ലൂയിസ് മിസൈല്‍ ലോകം കണ്ടു. സെറ്റ് പീസുകളില്‍ ഹെഡറിനായി ലൂയിസ് വായുവില്‍ പറക്കും. ആളൊരു ഗോള്‍ദാഹിയാണ്. ബ്രസീല്‍ ഗോളടിച്ചാല്‍ ഏറ്റവും ആവേശം കൊള്ളുന്ന ഫോട്ടോയെടുക്കാന്‍ പ്രസ് ഫോട്ടാഗ്രഫര്‍മാര്‍ ലൂയിസിലേക്കാണ് നോക്കുക. ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയിനിലേക്ക് ഇതിനകം കൂടുമാറ്റം പൂര്‍ത്തിയാക്കി ഡേവിഡ് ലൂയിസ്. 85 ദശലക്ഷം ഡോളറിന്റെ ട്രാന്‍സ്ഫര്‍ ! ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ ഡിഫന്‍ഡര്‍ എന്ന വിശേഷണമാണ് ഈ കരാറോടെ ലൂയിസിന് സ്വന്തമായത്.
ഇന്ന് ജര്‍മനിക്കെതിരെ ലൂയിസിന്റെത് നാല്‍പ്പത്തിരണ്ടാം രാജ്യാന്തര മത്സരം. നെയ്മര്‍ പുറത്തായതോടെ ലോകകപ്പില്‍ ബ്രസീല്‍ നിരയുടെ അടുത്ത മുഖം ലൂയിസാണ്. പരസ്യവിപണിയിലും മാര്‍ക്കറ്റുള്ള ലൂയിസിനും പോസ്റ്റര്‍ബോയ് പ്രതിച്ഛായയാണ്.
ജര്‍മനിയെ കുറിച്ച് ലൂയിസിന് മികച്ച ധാരണയുണ്ട്. അവര്‍ മികച്ച ടീമാണ്. ജോക്വം ലോ ബ്രസീലിനെ നേരിടാന്‍ പ്രത്യേക തന്ത്രം തന്നെ ആവീഷ്‌കരിച്ചിട്ടുണ്ടാകും – ലൂയിസ് പറഞ്ഞു.

ബ്രസീലിന്റെ പരുക്കന്‍ കളി ഭയന്ന് ജോക്വം ലോ
സാന്റോ ആന്ദ്രെ: സെമിഫൈനലില്‍ കളിയുടെ ഒഴുക്കിനെ തടസപ്പെടുത്തും വിധം ഫൗളുകള്‍ നടന്നാല്‍ റഫറി കൈയ്യും കെട്ടി നോക്കി നില്‍ക്കരുത്. കാര്‍ഡെടുക്കണം. കടുത്ത ശിക്ഷ തന്നെ ഫൗള്‍ ചെയ്യുന്നവര്‍ക്ക് നല്‍കണം – ജര്‍മനിയുടെ കോച്ച് ജോക്വം ലോയുടെ ശക്തമായ ആവശ്യം. ബ്രസീല്‍ – കൊളംബിയ ക്വാര്‍ട്ടര്‍ മത്സരം കണ്ട് ജര്‍മന്‍ കോച്ച് പകച്ചു പോയി. ഫൗളുകളുടെ പരമ്പര തന്നെയാണവിടെ കണ്ടത്. പന്തെടുക്കുമ്പോഴേക്കും ദേഹത്തേക്ക് ഇടിച്ചു കയറുന്ന തരത്തില്‍ ആക്രമിക്കുക. പലപ്പോഴും പിറകില്‍ നിന്നുള്ള അപകടകരമായ ഇടിച്ചിടല്‍. ഇത് വെച്ചുപൊറുപ്പിക്കരുതെന്ന് ജോക്വം ലോ അഭിപ്രായപ്പെടുന്നു.
കൊളംബിയക്കെതിരെ 31 ഫൗളുകള്‍ നടത്തിയ ബ്രസീലിന്റെ കടന്നാക്രമണത്തെ ലോ അത്രമേല്‍ ഭയക്കുന്നുണ്ട്. ഫൈനല്‍ പ്രതീക്ഷയിലാണ് ലോ. ബ്രസീലിനെതിരെ കളിച്ചു കഴിയുമ്പോള്‍ തന്റെ കളിക്കാര്‍ക്ക് അടുത്ത മത്സരം കളിക്കാനുളള ആരോഗ്യമുണ്ടാകുമോ എന്നും കോച്ച് ഭയപ്പെടുന്നു. ഫൗളിന്റെ കണക്കുകള്‍ തന്നെയാണ് ഈ ഭയത്തിന്റെ കാതല്‍. ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ജര്‍മനി നടത്തിയ ഫൗളുകള്‍ 57 എണ്ണം. അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് ഇതിലുള്‍പ്പെടുന്നത്. ബ്രസീലാകട്ടെ 96 ഫൗളുകള്‍ ചെയ്ത് കഴിഞ്ഞു. നാലെണ്ണം കൂടിയായാല്‍ സെഞ്ച്വറി ! പത്ത് മഞ്ഞക്കാര്‍ഡുകള്‍ വേറെ.
ബ്രസീലുകാര്‍ എന്തിനാണിങ്ങനെ ഫൗള്‍ ചെയ്യുന്നത്. അവര്‍ക്കവരുടെ പരമ്പരാഗത കലാചാതുര്യമുള്ള ഗെയിം കളിച്ചൂടെ. ലോകം മുഴുവന്‍ ആ ശൈലി ആസ്വദിച്ചതാണ്. ഇപ്പോള്‍ അവരത് കൈവിട്ടു. ഫിസിക്കല്‍ ഫുട്‌ബോളാണ് കാഴ്ചവെക്കുന്നത്. എതിരാളികളെ പരുക്കേല്‍പ്പിക്കുന്നതാണവരുടെ തന്ത്രമെന്നും ജോക്വം ലോ കുറ്റപ്പെടുത്തി.
കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിനെ തുടര്‍ച്ചയായി ഫെര്‍നാണ്ടിഞ്ഞോ ഫൗള്‍ ചെയ്തു. ഇതിലൊന്ന് കടുത്തതായിരുന്നു. റഫറി കാര്‍ഡെടുത്തില്ല. മനോഹരമായ ഫുട്‌ബോളിന് ഈ ലോകകപ്പില്‍ സ്ഥാനമില്ല. അത്തരം ഗെയിമുമായി കപ്പ് ജേതാക്കളാവുക അസാധ്യം. കാരണം, ബുദ്ധിപരമായുള്ള ആക്രമണങ്ങളെല്ലാം എതിരാളികള്‍ ശാരീരികമായി തടയുകയാണ്. ശരിക്കും പ്രയാസകരമായ സാഹചര്യമാണിത് – ലോ പറഞ്ഞു.
നെയ്മര്‍ ഇല്ലാത്ത ബ്രസീലിനെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. സഹതാരങ്ങള്‍ നെയ്മറിന് വേണ്ടി മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലായിരിക്കും. തീര്‍ച്ചയായും നെയ്മര്‍ ഒരു നഷ്ടം തന്നെയാണ്- ലോ പറഞ്ഞു.
ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഷൈ്വന്‍സ്റ്റിഗറും ബ്രസീലിന്റെ ശൈലിയെ വിമര്‍ശിച്ചു. പന്തില്‍ മാന്ത്രികത കാണിക്കുന്നതായിരുന്നു ബ്രസീലിന്റെ ഫുട്‌ബോള്‍. അവര്‍ക്കത്തരം പ്രതിഭകള്‍ക്ക് പഞ്ഞമില്ല. എന്നിട്ടും ബ്രസീല്‍ ക്രൂരമായ ഗെയിം കളിക്കുന്നു – ഷൈ്വന്‍സ്റ്റിഗര്‍ പറഞ്ഞു. സെമിയില്‍ വലിയ വെല്ലുവിളിയാകും ഇത്. റഫറിമാര്‍ തുണച്ചില്ലെങ്കില്‍ ജര്‍മന്‍ കളിക്കാരുടെ നില ഗുരുതരമാകുമെന്നും ഷൈ്വന്‍സ്റ്റിഗര്‍.

Latest