Connect with us

Articles

ബജറ്റില്‍ ഇന്ത്യ എവിടെ? കേരളം എവിടെ?

Published

|

Last Updated

കന്നി ബജറ്റില്‍ തന്നെ ബി ജെ പി സര്‍ക്കാര്‍ അതിന്റെ തനിനിറം പുറത്ത് കാണിക്കുകയാണ്. റെയില്‍വേ ബജറ്റ് വിശകലനം ചെയ്യുമ്പോള്‍ രണ്ട് തലങ്ങളില്‍ അതിനെ സമീപിക്കേണ്ടതുണ്ട്. റെയില്‍വേയെ പുതിയ സര്‍ക്കാര്‍ സമീപിക്കുന്നത് എങ്ങനെയെന്നതാണ് ആദ്യത്തേത്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ നീതി പൂര്‍വകമായ വിതരണം സാധ്യമാക്കുന്നതില്‍ സദാനന്ദ ഗൗഡ എത്രത്തോളം വിജയിച്ചെന്നതാണ് അടുത്തത്. രണ്ട് കാര്യങ്ങളിലും തികഞ്ഞ ആശങ്കയാണ് നല്‍കുന്നത്.
മുന്‍ സര്‍ക്കാറിന്റെ ആഗോളവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി പിന്തുടരുമെന്ന് മാത്രമല്ല, റെയില്‍വേയില്‍ അത് വ്യാപിപ്പിക്കുമെന്ന് കൂടിയാണ് ബജറ്റ് നല്‍കുന്ന സന്ദേശം. റയില്‍വേയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനിവാര്യമാണെന്ന് സദാനന്ദ ഗൗഡ അടിവരയിടുന്നു. ഇതിനായി മന്ത്രിസഭയുടെ അനുമതി തേടും. റയില്‍വേയുടെ നടത്തിപ്പ് ഒഴികെയുള്ള മേഖലകളില്‍ എഫ് ഡി ഐ ആകാം. റയില്‍വേയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നാണ് മന്ത്രിയുടെ വാദം. യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിലോ പശ്ചാത്തല മേഖലയിലെ വികസനം ത്വരിതപ്പെടുത്തുന്ന കാര്യത്തിലോ അല്ല ഈ തിരുത്തലുകള്‍. മറിച്ച് നിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങള്‍ അനിവാര്യമെന്നാണ് ബജറ്റിലൂടെ മന്ത്രി പറയുന്നത്. ഇന്ധന വില ഉയരുന്നതിന് അനുസരിച്ച് നിരക്ക് സ്വമേധയാ വര്‍ധിപ്പിക്കുന്ന പുതിയ സംവിധാനവും ബജറ്റ് പരിചയപ്പെടുത്തുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒരു നിതീകരണവുമില്ലെന്നതാണ് മറ്റൊരു വസ്തുത. വോട്ടില്ലെങ്കില്‍ പുതുതായി ഒന്നുമില്ലെന്നാണ് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇന്ത്യയെന്ന രാജ്യം ബജറ്റില്‍ കാണുന്നില്ല. മറിച്ച് മന്ത്രിയുടെ കര്‍ണാടകയും ബി ജെ പിയെ തുണച്ച യു പിയും മോദിയുടെ ഗുജറാത്തും മഹാരാഷ്ട്രയും മാത്രമാണ് ബജറ്റിലുള്ള സംസ്ഥാനങ്ങള്‍.
പ്രീമിയവുമില്ല, എക്‌സ്പ്രസുമില്ല എന്നതാണ് കേരളത്തിന്റെ അവസ്ഥ. അഞ്ച് ജന്‍സാധാരണ്‍, അഞ്ച് പ്രമീയം, 27 എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് കാസര്‍കോട് ബൈന്തൂര്‍ പാസഞ്ചര്‍ സര്‍വീസ് ആണ്. ഒരിക്കലും കൂട്ടിമുട്ടാത്ത റയില്‍വേ പാളങ്ങള്‍ പോലെയാകുകയാണ് റയില്‍വേ വികസനത്തിനായുള്ള കേരളത്തിന്റെ മുറവിളിയും കേന്ദ്രത്തിന്റെ പ്രഖ്യാപനങ്ങളും. പാലക്കാട് കോച്ച് ഫാക്ടറി, ശബരിപാത തുടങ്ങി വന്‍കിട പദ്ധതികള്‍ക്ക് ഇത്തവണയും ശാപമോക്ഷമില്ല.
റെയില്‍വേ ബജറ്റില്‍കിട്ടയത് പോരാ എന്നായിരുന്നു യു പി എ സര്‍ക്കാറിന്റെ കാലത്ത് കേരളത്തിന്റെ പരാതി. എന്നാല്‍ ഇത്തവണ പരാതി മാത്രമേയുള്ളൂ. ഒന്നും കിട്ടിയില്ല. 58 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച മലയാളമറിയുന്ന റെയില്‍വേ മന്ത്രി സദാനന്ദഗൗഡ അയല്‍ക്കാര്‍ക്ക് നല്‍കിയത് ബൈന്ദൂര്‍ കാസര്‍കോഡ് പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ്. കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ പാതക്കുള്ള സര്‍വേയാണ് കേരളത്തിനുള്ള ബജറ്റിലെ മറ്റൊരു നീക്കിയിരിപ്പ്. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും പതിവ് വിഹിതം മാത്രം. പാലക്കാട് കോച്ച് ഫാക്ടറിക്ക് ബജറ്റിലെ വിഹിതം 25 ലക്ഷം രൂപയാണ്. കോച്ച് ഫാക്ടറിയുടെ ഭൂമിയേറ്റെടുക്കലിനായി 27ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതി മുന്‍ഗണനാ പട്ടികയില്‍ പെടുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനമില്ല. ശബരി പാതക്കും പ്രതീക്ഷിച്ച വകയിരുത്തലില്ല. കേരളത്തിലെ പാതയിരട്ടിപ്പിക്കലിന് ആകെ 60.85 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. കോഴിക്കോട് മംഗലാപുരം പാതക്കായി അഞ്ച് കോടി രൂപയും അമ്പലപ്പുഴ ഹരിപ്പാട്, കുറുപ്പന്തറ ചിങ്ങവനം പാതകള്‍ക്കായി 10 കോടി വീതവും എറണാകുളം കുമ്പളം പാതക്കായി രണ്ട് കോടിയും നീക്കിവെച്ചിട്ടുണ്ട്. കേരളത്തെ അവഗണിക്കുകയല്ല, അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ഈ പ്രഖ്യാപനത്തില്‍ വ്യക്തമാകും.
ദക്ഷിണ കോറിഡോറും പെനിസുലാര്‍ സോണും വേണമെന്ന കേരളത്തിന്റെ ആവശ്യം ഒരിക്കല്‍ കൂടി കേട്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. സ്വപ്‌ന പദ്ധതികളായ ആലപ്പുഴ റെയില്‍ വാഗണ്‍ ഫാക്ടറി, കഞ്ചിക്കോട് കോച്ച് ഫാക്ടറി, പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, പുതിയ പാതകള്‍, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പാതകള്‍ക്കുള്ള ധനസഹായം, സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍, കേരളം പകുതി ചെലവ് വഹിക്കുമെന്ന് അറിയിച്ച നിലമ്പൂര്‍- നഞ്ചന്‍കോട് പാത, മെഡിക്കല്‍ കോളജ്, സാറ്റലൈറ്റ് സ്റ്റേഷന്‍, ഷണ്ടിംഗ് യാര്‍ഡുകള്‍, ശബരിപാത, കോച്ചുകളുടെ പുനരുദ്ധാരണം തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളൊന്നും ബജറ്റ് കണ്ടില്ലെന്ന് വെക്കുന്നു.
പെനിസുലാര്‍ സോണ്‍ എന്ന കേരളത്തിന്റെ ആവശ്യത്തെ കുറിച്ചുള്ള പഠനം പോലും അംഗീകരിച്ചില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള ആവശ്യം ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സോണിനായുള്ള ആവശ്യം കേരളം ഉന്നയിച്ചു തുടങ്ങിയ ശേഷം അയല്‍ സംസ്ഥാനങ്ങളില്‍ പുതിയ സോണുകള്‍ അനുവദിച്ചിട്ടുണ്ട്. ചില സോണുകളില്‍ വിഭജിച്ചു പുതിയ സോണുകളും സൃഷ്ടിച്ചിരുന്നു. 2009-10ലെ ബജറ്റിലെ പ്രധാന പ്രഖ്യാപനമായിരുന്നു തിരുവനന്തപുരത്തെ പേട്ടയില്‍ മെഡിക്കല്‍ കോളജ്.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും ഇതുവരെ തുടര്‍ നടപടികളായിട്ടില്ല. ഇത്തവണ ബജറ്റിലും ഇതിനെ കുറിച്ചു പരാമര്‍ശമില്ല. 2010-11ലെ ബജറ്റിലെ പ്രധാന നിര്‍ദേശമായിരുന്നു ഒപിഡി ഡയഗ്നോസ്റ്റിക് കേന്ദ്രം. പ്രഖ്യാപനത്തിനു ശേഷം സ്ഥലം ലഭ്യമല്ലാത്തത് കൊണ്ടു പദ്ധതി നടപ്പാകില്ലെന്ന നിലപാട് റെയില്‍വേ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും പദ്ധതിയില്‍ നിന്നും റെയില്‍ മന്ത്രാലയം പിന്‍വലിഞ്ഞു.
2012-13ലെ പ്രധാന പ്രഖ്യാപനമായിരുന്നു ചേര്‍ത്തല വാഗണ്‍ ഫാക്ടറി. ഇതിനും സംസ്ഥാന സര്‍ക്കാര്‍ ഭൂമി വാഗ്ദാനം ചെയ്തു. 96 ലക്ഷം രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരുന്നത്. എന്നാല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നില്ല. ഇത്തവണ സാധ്യതാ പഠനത്തിനുള്ള പ്രഖ്യാപനമെങ്കിലുമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ റെയില്‍ മന്ത്രാലയം ഇതും പരിഗണിച്ചില്ല. ഓട്ടോകാസ്റ്റുമായി ചേര്‍ന്നുള്ള പദ്ധതി റെയില്‍വേ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുന്നു. 2010ല്‍ 86 കോടി രൂപ അനുവദിച്ച പദ്ധതിക്കായി ഒരു രൂപ പോലും ചെലവഴിച്ചില്ല. നേമത്തെ കോച്ച് യാര്‍ഡും കുപ്പിവെള്ള ഫാക്ടറിയും ഇന്നും പ്രഖ്യാപനമായി മാത്രം അവശേഷിക്കുന്നു. നേമം സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനാക്കി ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇതുവരെ ഇതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല. ഇത്തവണ ബജറ്റ് കണക്കുകളില്‍ പോലും ഈ പദ്ധതിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കിട്ടുന്ന 25 ലക്ഷം രൂപ കൊണ്ട് എത്ര ലോഡ് കല്ല് ഇറക്കാന്‍ കഴിയുമെന്ന് മാത്രം ആലോചിച്ചാല്‍ മതി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍ നിര്‍മാണം ഉള്‍പ്പടെയുള്ള നവീകരണം ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. എന്നാല്‍ സ്‌റ്റേഷന്‍ രാജ്യാന്തര നിലവാരത്തില്‍ ഉയര്‍ത്തുമെന്ന മുന്‍ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായി പണം ബജറ്റില്‍ നീക്കിവെച്ചിട്ടില്ല. നേമം- കൊച്ചുവേളി വികസനത്തിന്റെ കാര്യത്തിലും പതിവ് അവഗണന തുടര്‍ന്നു. ഏറെകാലങ്ങളായി ഉയരുന്ന തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനെ സംബന്ധിച്ച് പരാമര്‍ശം പോലും ബജറ്റില്‍ ഉണ്ടായില്ല.

Latest