Connect with us

Editorial

സ്ത്രീധനവിരുദ്ധ നിയമത്തിന്റെ ദുരുപയോഗം

Published

|

Last Updated

ഭരണകൂടവും നീതിപീഠങ്ങളും സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രത്യേക പരിരക്ഷ ചൂഷണം ചെയ്യുന്നതായും പുരുഷന്മാര്‍ക്കെതിരെ ആയുധമാക്കുന്നതായുമുള്ള വ്യാപകമായ പരാതിയെ സാധൂകരിക്കുന്നതാണ് സ്ത്രീധനവിരുദ്ധ നിയമവുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിന് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍. സ്ത്രീധന നിയമത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ നല്ലൊരു ഭാഗവും വ്യാജമാണെന്നാണ് കോടതിയുടെ വീക്ഷണം. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിക്കുന്നത് തടയാനായി ആവിഷ്‌കരിച്ച ഈ നിയമം അസംതൃപ്തരായ ഭാര്യമാര്‍ “”പരിച” എന്നതിനേക്കാള്‍ “ആയുധം” എന്ന നിലയില്‍ ഉപയോഗിക്കുന്നതായും കോടതി അഭിപ്രായപ്പെടുന്നു. വനിതാ കമ്മീഷന്‍ നേതാക്കളായിരുന്ന ജസ്റ്റിസ് ശ്രീദേവിയും സുഗതകുമാരിയും പുരുഷപീഡനം വര്‍ധിച്ചു വരുന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്
സ്ത്രീധന പീഡന പരാതികളും നിയമ നടപടികളും രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഭര്‍ത്താവോ ബന്ധുക്കളോ സ്ത്രീധനത്തിനു വേണ്ടി സ്ത്രീയെ പീഡിപ്പിച്ചാല്‍ അവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴ ശിക്ഷയും നിര്‍ദേശിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ പ്രകാരം 2012ല്‍ രാജ്യത്ത് രണ്ട് ലക്ഷത്തോളം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ രേഖകള്‍ കാണിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് കീഴില്‍ മൊത്തം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ആറ് ശതമാനം വരുമിത്. മോഷണവും പരുക്കേല്‍പ്പിക്കലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം സ്ത്രീധന പീഡന കേസുകള്‍ക്കാണ്. ഈയിനം കേസുകളില്‍ 93.6 ശതമാനത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ കുറ്റം തെളിയുന്നത് 15 ശതമാനത്തില്‍ മാത്രമാണെന്ന് ജസ്റ്റിസ് സി കെ പ്രസാദ്, ജസ്റ്റിസ് പി സി ഘോഷ് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് ചൂണ്ടിക്കാട്ടി. ഇത് പരാതികളില്‍ ഏറെയും വ്യാജമായതു കൊണ്ടാണെന്നാണ് കോടതി നിഗമനം. 498 എ വകുപ്പനുസരിച്ചു 2012ല്‍ അറസ്റ്റ് ചെയ്യപ്പെട്ട 1,97,762 പേരില്‍ നാലിലൊന്നും ഭര്‍ത്താവിന്റെ മാതാവ്, സഹോദരിമാര്‍ തുടങ്ങി സ്ത്രീകളാണെന്നതും ഇവരില്‍ രോഗം മൂലം ശയ്യാവലംബികളായ ഭര്‍ത്താവിന്റെ മാതാപിതാക്കളും വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിമാര്‍ പോലുമുണ്ടെന്നതും ഈ നിഗമനത്തിനു ഉപോദ്ബലകമായി ചുണ്ടിക്കാണിക്കപ്പെടുന്നു.
സ്ത്രീധന പ്രശ്‌നങ്ങള്‍ മാത്രമല്ല, ഭാര്യയുടെ സ്വഭാവ ദൂഷ്യം, അനുസരണക്കേട്, വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളും കുടംബ വഴക്കിനും ഛിദ്രതക്കും കാരണമാകാറുണ്ട്. ഇത്തരം വഴക്കുകളും കോടതിയിലെത്തുന്നത് മിക്കവാറും സ്ത്രീധന പീഡന നിയമത്തിന്റെ മറവിലാണ്. കുടുംബ കോടതി നിയമങ്ങളിലും ഗാര്‍ഹിക പീഡന നിയമങ്ങളിലും സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയാണ് നിയമത്തിന്റെ ദുരുപയോഗത്തിന് അവര്‍ക്ക് പ്രചോദനമാകുന്നത്. ഇക്കാരണത്താല്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാകുകയും ജയിലിലടക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളായ പുരുഷന്മാര്‍ നിരവധിയാണ്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുക മുലം സമൂഹത്തിന് മുമ്പില്‍ അപമാനിതനാകുന്നതിനാല്‍ ഗുരുതരമായ മാനസിക രോഗം ബാധിച്ചു ജീവിതം തന്നെ തകര്‍ന്നവരും വിരളമല്ല. പുരുഷന്‍ അകാരണമായി പീഡിപ്പിക്കപ്പെടുന്ന ഈ സ്ഥിതിവിശേഷം ഒഴിവാക്കാന്‍ സ്ത്രീധന പീഡന പരാതി ലഭിക്കുമ്പോഴേക്കും കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുന്ന പ്രവണത നിയമപാലകര്‍ അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുന്നു. കുറ്റാരോപിതനായ വ്യക്തിയുടെ സ്വഭാവം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അയാളില്‍ ക്രിമിനല്‍ സ്വഭാവവും പശ്ചാത്തലവും ഉണ്ടെന്ന് കണ്ടെത്തിയാലേ നിയമ നടപടികളിലേക്ക് നീങ്ങാവൂ. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മതിയായ കാരണം കാണിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കോടതി ആവശ്യപ്പെടുകയുമുണ്ടായി.
പ്രതികാര നടപടി എന്ന നിലയില്‍ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീധനക്കേസില്‍ കുറ്റാരോപിതരെ പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥയില്‍ ഭേദഗതി വേണമെന്ന് കേന്ദ്ര നിയമ കമ്മീഷനും നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. സ്ത്രീധന കുറ്റം ജാമ്യം ലഭിക്കുന്ന കുറ്റമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. നിലവില്‍ ഇത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. സ്ത്രീകളുടെ സുരക്ഷക്കും സ്ത്രീപീഡനങ്ങള്‍ തടയാനും നിയമങ്ങളുള്ളത് പോലെ പുരുഷ പീഡനം തടയാനും പുരുഷനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനും നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. കേരളത്തിലെ കുടുംബ കോടതികള്‍ സ്ത്രീകളുടെ പരാതികളും വാദഗതികളുമാണ് മുഖവിലക്കെടുക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതക്കും സാമൂഹിക നീതി ഉറപ്പാക്കാനും ഈ നിലപാടില്‍ മാറ്റം അനിവാര്യമാണ്.

---- facebook comment plugin here -----

Latest