Connect with us

Malappuram

ഇഫ്താറിന് കതീന വെടിയും അത്താഴ സമയമറിയിക്കാന്‍ നഗാരയടിയും

Published

|

Last Updated

വണ്ടൂര്‍: കാലമേറെ പുരോഗമിക്കുകയും തത്സമയ വിവരങ്ങളറിയാന്‍ നിരവധി സംവിധാനങ്ങളുണ്ടെങ്കിലും പള്ളിയില്‍ നിന്നുള്ള കതീന വെടിയുടെ ശബ്ദം കേട്ടാണ് ചില സ്ഥലങ്ങളില്‍ ഇപ്പോഴും നോമ്പുതുറക്കുന്നത്.
മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പള്ളിക്കുന്നിലെ പഴയ ജുമാമസ്ജിദിലും പെരിന്തല്‍മണ്ണ അങ്ങാടിയിലെ ജുമാമസ്ജിദിലും പഴയകാലത്തെ ഈ ആചാരം ഇപ്പോഴും തുടര്‍ന്ന് വരികയാണ്. മൈക്ക് കണ്ടുപിടിക്കാത്ത കാലത്ത് മലബാറിലെ പള്ളികളിലെല്ലാം ബാങ്കിന്റെ നേരം അറിയിക്കാന്‍ ആരംഭിച്ചുപോന്ന രീതിയായിരുന്നു ഇത്. വണ്ടൂര്‍ പള്ളിക്കുന്ന് ജുമാമസ്ദിലുള്ള നഗാരയടിയുടെ മുഴക്കം കേട്ടാണ് അഞ്ചു നേരവും ഈ പ്രദേശത്തുകാര്‍ നമസ്‌കാര സമയമറിയുന്നത്. മൈക്കിലൂടെ ബാങ്ക് വിളിക്കുന്ന രീതി ഇവിടെ ഇപ്പോഴുമില്ല. കതീന വെടിക്ക് പുറമെ നഗാരം എന്ന ഉപകരണവും ഇവിടെ ഉപയോഗിച്ച് വരുന്നുണ്ട്.
അര്‍ധ രാത്രി പന്ത്രണ്ടരയോടെയാണ് അത്താഴത്തിനുള്ള നഗാരയടി കേള്‍ക്കുക. കൂടാതെ മറ്റു നിസ്‌കാര സമയങ്ങളിലുമെല്ലാം ഇവിടെ നഗാരമടിക്കും. അയനിക്കോട്, ചെറുകോട്, തിരുവാലി തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ളവരെല്ലാംന ഇവിടത്തെ കതീനവെടിയുടെ ശബ്ദത്തിന് വേണ്ടി കാത്തിരുന്ന കാലമുണ്ടായിരുന്നു.

 

Latest