Connect with us

International

ഗാസയില്‍ ആക്രമണം തുടരുന്നു; ജൂലാന്‍ കുന്നുകളില്‍ റോക്കറ്റ് പതിച്ചു

Published

|

Last Updated

ഗാസ/ ജറൂസലം: അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് ഗാസക്ക് മേല്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. വ്യോമാക്രമണത്തിനു പുറമെ കരയാക്രമണവും ഇസ്‌റാഈല്‍ ശക്തമാക്കിയിരിക്കുകയാണ്. ഏഴാം ദിവസവും തുടരുന്ന ആക്രമണത്തില്‍ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സം ബ്രിഗേഡ്‌സിന്റെ മൂന്ന് പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്‌റാഈല്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. തീരദേശ ഗാസയില്‍ നടന്ന ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല.
ഗാസാ മുനമ്പിന്റെ തെക്കന്‍ ഭാഗത്തും വടക്കന്‍ നഗരമായ ജെബലിയയിലും ഇന്നലെ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസാ മുനമ്പിന്റെ വടക്കുള്ള ബെയ്ത് ലാഹിയയില്‍ വ്യാപകമായ ഷെല്ലാക്രമണം നടന്നു. വടക്കന്‍ ഗാസയിലുള്ളവരോട് ഉടന്‍ പ്രദേശം വിട്ടു പോകണമെന്നും വ്യോമാക്രമണം ശക്തമാക്കുമെന്നും ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമ സേന വിതരണം ചെയ്ത ലഘുലേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മേഖലയില്‍ ഷെല്ലാക്രമണം രൂക്ഷമായത്.
ഏഴ് ദിവസമായി തുടരുന്ന ആക്രമണത്തില്‍ 172 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. 1,230 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഗാസാ നഗരത്തില്‍ യു എന്‍ നിയന്ത്രണത്തിലുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ പതിനേഴായിരത്തോളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയതിനു ശേഷം ഇതാദ്യമായി സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള ജൂലാന്‍ കുന്നുകളില്‍ റോക്കറ്റ് ആക്രമണമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നേരത്തെ ലബനാന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് നാല് റോക്കറ്റുകള്‍ ഇസ്‌റാഈലില്‍ പതിച്ചിരുന്നു. ഇക്കാര്യം ലബനാന്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. അതിനിടെ, ഹമാസിന്റെ ആളില്ലാ വിമാനം തകര്‍ത്തുവെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.
അതേസമയം, പ്രശ്‌നപരിഹാരത്തിന് അന്താരാഷ്ട്രതലത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമായിട്ടുണ്ട്. പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ആക്രമണം നിര്‍ത്തണമെന്നും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും കെറി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest