Connect with us

National

ഹാഫിസ് സഈദുമായി കൂടിക്കാഴ്ച: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ബാബാ രാം ദേവിന്റെ അനുയായി ജമാഅത്തുദ്ദഅ്‌വ മേധാവി ഹാഫിസ് സഈദുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ രാജ്യസഭയെ പിടിച്ച് കുലുക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഹാഫിസ് സഈദുമായി രാംദേവിന്റെ അടുത്ത സഹായി വേദ് പ്രതാപ് വൈദിക് ചര്‍ച്ച നടത്തുന്ന ചിത്രം നെറ്റിലെ സാമൂഹിക കൂട്ടായ്മയില്‍ പ്രചരിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്.
രാജ്യസഭ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധ സ്വരമുയര്‍ത്തുകയായിരുന്നു. ബഹളം തുടര്‍ന്നതോടെ 15 മിനുട്ട് നേരത്തേക്ക് സഭാ നടപടികള്‍ നിര്‍ത്തി വെച്ചു. വൈദിക്കിനെ സന്ദേശവാഹകനായി സര്‍ക്കാര്‍ അയച്ചതാണോ എന്ന് സഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. പത്രപ്രവര്‍ത്തകന്‍ കൂടിയായ വൈദിക് ഹാഫിസുമായി ചര്‍ച്ച നടത്തിയത് നിസ്സാരമായ കാര്യമല്ല. സര്‍ക്കാര്‍ അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കില്ല. എന്ത് ദൗത്യവുമായാണ് അദ്ദേഹം ഹാഫിസ് സഈദിനെ കണ്ടതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. അതേസമയം, ഹാഫിസ്- വൈദിക് ചര്‍ച്ചയില്‍ സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. സര്‍ക്കാര്‍ ആരെയും പ്രതിനിധിയായി അയച്ചിട്ടില്ല. ഒരു പത്രപ്രവര്‍ത്തകന്‍ സ്വന്തം നിലക്ക് നടത്തുന്ന കൂടിക്കാഴ്ചയില്‍ സര്‍ക്കാറിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ജെയ്റ്റ്‌ലി ചോദിച്ചു.
തെറ്റായി എന്തെങ്കിലും വൈദിക് ചെയ്തിട്ടുണ്ടെങ്കില്‍, നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങളെ ശാന്തമാക്കാന്‍ സഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി ശ്രമിച്ചെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല. ബഹളത്തിനിടക്ക് ചോദ്യോത്തര വേള തടസ്സപ്പെട്ടു. സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവെക്കുകയും ചെയ്തു.
ജൂലൈ രണ്ടിനാണ് താന്‍ ഹാഫിസ് സഈദിനെ കണ്ടതെന്ന് വൈദിക് പറഞ്ഞു. ലാഹോറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ യാതൊരു പങ്കും ഇല്ലെന്നും പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ സ്വാധീനം ഉപയോഗിച്ച് വ്യക്തിപരമായി നടന്ന കൂടിക്കാഴ്ച ആയിരുന്നു അതെന്നും വൈദിക് പറഞ്ഞു. “ഞാന്‍ ആരുടെയും ദൂതനായിരുന്നില്ല. ഏത് തരത്തിലുള്ള ആളുകളുമായും കൂടിക്കാഴ്ച നടത്താറുണ്ട്. പാക്കിസ്ഥാനിലെ പത്രപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ട്. അവരില്‍ ചിലര്‍ ഇത്തരമൊരു കൂടുക്കാഴ്ച ഒരുക്കാമെന്ന് പറഞ്ഞു. അത് സ്വീകരിച്ചത് വലിയ കാര്യമാണെന്ന് തോന്നുന്നില്ല. സാധാരണ കാര്യമായേ എനിക്ക് അനുഭവപ്പെട്ടുള്ളൂ. നേപ്പാളിലെ മാവോയിസ്റ്റുകളുമായും അഫ്ഗാനിസ്ഥാനിലെ താലിബാനുമായും അഭിമുഖം നടത്തിയിട്ടുണ്ട്”- വൈദിക് പറഞ്ഞു.
അതേസമയം, വൈദിക്കിനെ ന്യായീകരിച്ച് രാം ദേവ് രംഗത്തെത്തി. സഈദ് കൂടിക്കാഴ്ചയെക്കുറിച്ച് താന്‍ അദ്ദേഹത്തോട് ആരായും. എന്നാല്‍ അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടുണ്ടെങ്കില്‍ അതില്‍ യാതൊരു തെറ്റുമില്ല. കൃതഹസ്തനായ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഈദിന്റെ മനം മാറ്റാന്‍ വൈദിക് ശ്രമിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. ഒരു പത്രപ്രവര്‍ത്തകന്‍ ഒരു വ്യക്തിയെ കാണുമ്പോള്‍ അത് നല്ലതിന് വേണ്ടിയായിരിക്കണം. ഹാഫിസ് സഈദ് കറകളഞ്ഞ ദേശീയവാദിയായ വൈദിക്കിന്റെ സുഹൃത്താകില്ലെന്നുറപ്പാണെന്നും രാംദേവ് പറഞ്ഞു.
എന്നാല്‍ വൈദിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൂതനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് തുറന്നടിച്ചു.

---- facebook comment plugin here -----

Latest