Connect with us

National

യു പി ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ വിഷാംശം

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ മുപ്പതോളം ഗ്രാമങ്ങളിലെ ഭൂഗര്‍ഭജലത്തില്‍ കടുത്ത വിഷാംശം അടങ്ങിയിട്ടുള്ളതായി പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി റിസര്‍ച്ച് നടത്തിയ പരിശോധനകളിലാണ് ഈ കണ്ടെത്തല്‍. ജലത്തില്‍ അനുവദനീയമായതിലും (0.01മില്ലിഗ്രാം/ ലിറ്റര്‍) കൂടുതല്‍ ആര്‍സനിക്കിന്റെ സാന്നിധ്യമാണ് പഠനങ്ങളില്‍ തെളിഞ്ഞത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മുപ്പതോളം ഗ്രാമങ്ങളില്‍ നിന്നുള്ള ജല സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചിരുന്നത്. ഇവയില്‍ 20 ഗ്രാമങ്ങളില്‍ സ്ഥിതി അത്യന്തം രൂക്ഷമാണ്. 0.05 മില്ലിഗ്രാം/ ലിറ്ററിലും അധികമാണ് ഈ പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച ജലത്തില്‍ ആര്‍സനിക് സാന്നിധ്യം. അനുവദനീയമായതിന്റെ അഞ്ച് മടങ്ങ് വരും ഇത്.
ഫൈസാബാദ്, കാണ്‍പൂര്‍ നഗര്‍, സീതാപൂര്‍, ബല്യ, ലക്ഷ്മിപൂര്‍-ഖേരി, ബഹ്‌രൈച്, ഗാസിപൂര്‍, ഗോരാപൂര്‍, സിദ്ധാര്‍ഥനഗര്‍, ബസ്തി, ചന്ദൗലി, മുറാദാബാദ്, സന്ത് കബീര്‍ നഗര്‍, സന്ത് രവിദാസ് നഗര്‍, ഗോന്ദ, ബിജ്‌നൂര്‍, മിര്‍സാപൂര്‍, ബലരാമപൂര്‍ തുടങ്ങിയവയാണ് സ്ഥിതി രൂക്ഷമായ ഗ്രാമങ്ങള്‍. ഇവയില്‍ത്തന്നെ ഫൈസാബാദ്, കാണ്‍പൂര്‍നഗര്‍, സീതാപൂര്‍ എന്നീ പ്രദേശങ്ങള്‍ കടുത്ത വിഷഭീതിയാണ് നേരിടുന്നത്. 0.04 മുതല്‍ 0.05 മില്ലിഗ്രാം/ ലിറ്റര്‍ വരെയാണ് ഇവിടങ്ങളിലെ ജലസാമ്പിളുകളില്‍ ആര്‍സനിക്കിന്റെ അളവ് സ്ഥിരീകരിച്ചത്. ഇവ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാകും പ്രദേശവാസികളില്‍ ഉണ്ടാക്കുക. അംബേദ്കര്‍ നഗര്‍, ബഘ്പത്, ബുദൗന്‍, ലക്‌നോ, പിലിഭിത്ത് എന്നിവിടങ്ങളിലെ ജലസാമ്പിളുകളിലും ആശങ്കാജനകമായ രീതിയിലാണ് വിഷാംശത്തിന്റെ അളവ് കണ്ടെത്തിയിട്ടുള്ളത്. 0.04 വരെ വരും ഇത്. റിപ്പോര്‍ട്ട് പ്രകാരം, ബല്യ, ലക്ഷ്മിപൂര്‍- ഖേരി പ്രദേശത്തെ ഭൂഗര്‍ഭജലത്തിലെ ആര്‍സനിക് സാന്നിധ്യം ഏറ്റവും അപകടകരമായ സ്ഥിതിയിലാണ്. ബല്ലിയയിലെ റിയോത്തി, ബെല്ലാരി, ദുഭന്ദ് മേഖലകളിലും ലക്ഷ്മിപൂരിലെ നിഘാസന്‍, ഇസാനഗര്‍, പലിയ, റമിയാ ബെഹര്‍ എന്നിവിടങ്ങളിലുമാണ് ഈ സ്ഥിതിയുള്ളത്.
ഹിമാലയത്തില്‍ കണ്ടുവരുന്ന ആര്‍സനിക് മൂലകം അടങ്ങിയ പാറക്കഷണങ്ങള്‍ ദ്രവിച്ച് നദീതീരങ്ങളില്‍ നിക്ഷേപിക്കപ്പെട്ടതാകാം ഉത്തര്‍പ്രദേശിലെ കിഴക്കന്‍ മേഖലകളിലെ ഭൂഗര്‍ഭജലത്തില്‍ ഇത്രയധികം ആര്‍സനിക് സാന്നിധ്യം കലരാന്‍ ഇടയാക്കിയത് എന്നാണ് കരുതുന്നത്.