Connect with us

International

കുരുതിക്ക് അറുതി വേണമെന്ന് അറബ് ലീഗ് സമ്മേളനം

Published

|

Last Updated

കൈറോ: ഇസ്‌റാഈല്‍ ഗാസയില്‍ നടത്തുന്ന കിരാതമായ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രാ സമൂഹം ഇടപെടണമെന്ന് അറബ് ലീഗ്. മന്ത്രിതല സമ്മേളനത്തിന് മുമ്പായി പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് അറബ് ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ അയവ് വരാത്ത സാഹചര്യത്തിലാണ് അറബ് ലീഗ് സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 172 നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1230ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, ഇസ്‌റാഈലിന്റെ കിരാതമായ നടപടിക്കെതിരെ യു എന്‍ ഇടപെടണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്‌റാഈല്‍ നടത്തുന്നത് ക്രൂരമായ ആക്രമണമാണ്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ഇന്നു തന്നെ ഫലസ്തീനികളെ സംരക്ഷിക്കാന്‍ യു എന്‍ ഇടപെടണമെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
നിരപരാധികളായ ഫലസ്തീനികളുടെ ചോര ചിന്തുന്നത് തടയുന്നത് ലക്ഷ്യം വെച്ചും ഗാസ വിഷയത്തില്‍ അറബ് രാജ്യങ്ങള്‍ക്കിടിയല്‍ പൊതുവായ ധാരണയിലെത്തുന്നതിനും ആണ് അറബ് ലീഗ് കൂടുന്നതെന്ന് ഈജിപ്തിലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2012 നവംബറില്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ വെടിനിര്‍ത്തല്‍ കരാറിന് നേതൃത്വം നല്‍കിയത് ഈജിപ്തായിരുന്നു. എന്നാല്‍ മുര്‍സിക്ക് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോക നേതാക്കള്‍, ഈജിപ്തിലെ നിലവിലെ ഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്‌റാഈലിനും ഫലസ്തീനിനും ഇടയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ലോക നേതാക്കള്‍ ഈജിപ്തുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇതിനിടെ ഗാസക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇസ്‌റാഈല്‍ ശക്തിപ്പെടുത്തി. പല സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ മുന്നറിയിപ്പുണ്ട്. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതിയും വെള്ളവും തടസ്സപ്പെട്ടു. പതിനായിരങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Latest