Connect with us

Kerala

ഹയര്‍ സെക്കന്ററി: മന്ത്രിസഭയില്‍ ഭിന്നത

Published

|

Last Updated

chandy ministryതിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത.പുതിയ സ്‌കൂള്‍ അനുവദിക്കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ധനവകുപ്പ് നിലപാടിനെ മുസ്‌ലിം ലീഗ് മന്ത്രിമാര്‍ എതിര്‍ത്തു. സര്‍ക്കാര്‍ മുസ്‌ലിം ലീഗ് സമ്മര്‍ദത്തിന് വഴങ്ങുന്നെന്ന് ഒരു വിഭാഗം മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിച്ചു. പ്ലസ് വണ്‍ ഇല്ലാത്ത പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നേരത്തെ തയ്യാറാക്കിയ പട്ടികക്ക് അംഗീകാരം നല്‍കണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യം. എന്നാല്‍ സ്‌കൂളുകള്‍ അനുവദിക്കുന്നതിലൂടെ 243 കോടി രൂപയുടെ അധിക വാര്‍ഷിക ബാധ്യത ഉണ്ടാകുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. അതുകൊണ്ട് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകൂ എന്നാണ് ധന വകുപ്പിന്റെ നിലപാട്.

148 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്ടു അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ ഹയര്‍ സെക്കന്ററികള്‍ തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയത്. പത്താം ക്ലാസില്‍ നിന്ന് വിജയിച്ച കുട്ടികള്‍ക്ക് പഠിക്കാന്‍ മാത്രം പര്യാപ്തമല്ല നിലവിലുള്ള പ്ലസ് ടു സീറ്റുകള്‍. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ഉന്നത പഠനത്തിന് അര്‍ഹത നേടിയ കുട്ടികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.

Latest