Connect with us

Articles

പച്ചപ്പരമാര്‍ഥങ്ങള്‍

Published

|

Last Updated

പച്ചവത്കരണത്തിലൂടെ എന്നെ പച്ചയുടെ അനുകര്‍ത്താവും ആരാധകനും പ്രചാരകനും എല്ലാമാക്കി മാറ്റുന്ന പ്രക്രിയ തുടങ്ങി വെച്ചത് എന്റെ അമ്മ തന്നെയായിരുന്നു എന്നു ബോധ്യപ്പെടുത്തിയത് ആ ജില്ലാ വാര്‍ത്തയായിരുന്നു. ആശുപത്രിക്കും പച്ച നിറമടിക്കുന്നു എന്നോ മറ്റോ തലക്കെട്ടുള്ള, ഫോട്ടോത്തെളിവ് അകമ്പടിയായുള്ള ആ വാര്‍ത്ത മൂന്നാല് കോളം തലക്കെട്ടില്‍ ജില്ലാ വാര്‍ത്തയില്‍ കാലത്തെ പത്രമോടിച്ചു പിടിക്കലില്‍ ആണ് കണ്ണിന് ഒരേ സമയം കുളിര്‍മയും ‘ഭീകരതയുമായത്. അതായത്, സര്‍ക്കാര്‍ ആശുപത്രിയുടെ പുറം ചുമരാകെ പച്ചപ്പെയിന്റടിക്കുന്നതിലൂടെ, മുസ്‌ലിം ‘ഭീകരര്‍ ആശുപത്രിയും പിടിച്ചടക്കുന്നു എന്നൊക്കെയായിരിക്കണം ആ വാര്‍ത്തയുടെ വിവരണങ്ങളായി വരേണ്ട ത് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള അപകട‘ഭീഷണിയോടെയാണ് തലക്കെട്ടിന്റെ പ്രാധാന്യം ബോധ്യത്തിലേക്ക് കടന്നത്. ഇസിസ്‘ഭീകരര്‍ പിന്നീട് വിട്ടയക്കുന്നതിനു വേണ്ടി മലയാളി നഴ്‌സുമാരെ ‘ഭീതിയിലാഴ്ത്തി മൊസ്യൂളിലെ ആശുപത്രി പിടിച്ചടക്കിയ വാര്‍ത്ത ഉത്ഭവിച്ചിട്ടില്ലാത്ത കാലമായിരുന്നിട്ടും ഇത്തരം സ്റ്റീരിയോടൈപ്പ് മുസ്‌ലിം/പച്ച ‘ഭീതികള്‍ മനസ്സിലും തലച്ചോറിലും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ആരും അങ്ങനെ വായിച്ചതായി കരുതിപ്പോകും. അപ്രകാരമൊന്നുമുണ്ടായിരുന്നില്ല. പെയിന്റടി കരാറുകാരന്‍ ചുമരില്‍ പച്ചപ്പെയിന്റടിക്കുന്നു; ഇത് കേരള സംസ്ഥാനത്ത് അധികാരത്തിലുള്ള മുന്നണിയിലെ മുഖ്യ ഘടക കക്ഷിയുടെ ദുഃസ്വാധീനമാണ് എന്ന മട്ടിലൊക്കെയുള്ള ഒരു തല്ലിപ്പൊളി വാര്‍ത്തയായിരുന്നു അത്. ഒറ്റ ദിവസം കൊണ്ടു തന്നെ വായനക്കാരുടെ ഓര്‍മ/മറവി എന്ന ചവറ്റുകുട്ടയിലേക്ക് ആ വാര്‍ത്ത തമസ്‌കരിക്കപ്പെടുകയും ചെയ്തു. പക്ഷേ, അതോടൊപ്പം എന്നിലേക്ക് കുളിര്‍മയായി കടന്നു വന്ന ഒരു ബാല്യകാല സ്മരണ യാതൊരു കോട്ടവും തട്ടാതെ ഈ കുറിപ്പെഴുതുന്നതു വരേക്കും നിലനില്‍ക്കുകയാണ്. ഇനിയും നിലനില്‍ക്കുമായിരിക്കും.
അതിപ്രകാരമായിരുന്നു. കുട്ടിക്കാലത്ത് നാട്ടിന്‍പുറത്താണ് താമസിച്ചിരുന്നത്. സ്‌കൂളില്‍ പോകുമ്പോഴും റേഷന്‍ കടയില്‍ പോകുമ്പോഴും പാല്‍ മേടിക്കാന്‍ പോകുമ്പോഴും കളിക്കുമ്പോഴും കുളിക്കുമ്പോഴും ഒക്കെ നിരവധി ഇടവഴികളും നാട്ടുമണ്‍വഴികളും പാടവരമ്പുകളും തൊടികളും പൊളിഞ്ഞ വേലികളും എല്ലാം താണ്ടുമായിരുന്നു. സ്‌കൂള്‍ ബസ്സോ ഓട്ടോറിക്ഷകളോ ഉണ്ടായിരുന്നില്ല. നടപ്പു തന്നെ നടപ്പ്. പിന്നെ ഓട്ടവും. കാലിലും ദേഹത്തും കൈയിലുമെല്ലാം മുള്ള് കുത്തലും ആരു കേറലും കുപ്പിച്ചില്ല് തറക്കലും പതിവാണ്. അമ്മയാണ് അതെടുത്തു തരിക. ചികിത്സാ ലൈസന്‍സില്ലാത്ത അത്തരം പ്രാഥമിക ശുശ്രൂഷകള്‍ അക്കാലത്ത് നിരോധിക്കപ്പെട്ടിട്ടില്ലായിരുന്നു. അമ്മയുടെ ജാക്കറ്റില്‍ നിന്നെടുക്കുന്ന സേഫ്റ്റി പിന്‍ കൊണ്ടാണ് മുള്ളും ആരും കുപ്പിച്ചില്ലും മറ്റും എടുത്തു മാറ്റുക. മുള്ളും ആരും കുപ്പിച്ചില്ലും കയറിയതിന്റെ വേദന നിലവിലുണ്ടാകും. അതെടുത്തു മാറ്റുമ്പോഴുള്ള പ്രാണ വേദന ഇനി സഹിക്കുകയും വേണം. ഇത് മറികടക്കാന്‍ ലോക്കല്‍ അനസ്‌തേഷ്യയൊന്നുമില്ല. ആകെയുള്ളത്, ചുറ്റും തൊടിയിലും മുറ്റത്തുമുള്ള നിറഞ്ഞ പച്ചപ്പാണ്. പച്ചയിലേക്കു നോക്കിക്കോ, വേദനിക്കില്ല എന്ന സമാശ്വാസ നിര്‍ദേശത്തോടെയാണ് അമ്മ ശസ്ത്രക്രിയ ആരംഭിക്കുക. പച്ച വേദനസംഹാരിയായി അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു എന്ന് സാരം. ജില്ലാ ആശുപത്രിയെ ഭീകര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി പച്ച നിറമടിച്ചതോടെ, ഞാനവിടെ പോയി നോക്കി. നഗരകേന്ദ്രത്തിലാണ്. അവിടെയെങ്ങും ഒരൊറ്റ മരമോ പൂച്ചെടി പോലുമോ ഇല്ല. എതിര്‍ വശത്തായി നിലവാരമില്ലാത്ത ഒരു ബാര്‍ ഉണ്ട്. അതാണെങ്കില്‍ ആദര്‍ശവാദികള്‍ ചേര്‍ന്ന് പൂട്ടിക്കുകയും ചെയ്തു. ഇനി വേദനസംഹാരികളായി ഗുളികകള്‍, കുത്തിവെപ്പുകള്‍ ഇത്തരത്തിലുള്ള മറ്റനവധി മാര്‍ഗങ്ങളുണ്ടല്ലോ. പിന്നെയെന്തിന് പച്ചയടിച്ച് വേദനിക്കുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും അല്‍പ്പം ആശ്വാസം പ്രദാനം ചെയ്യണം? ആരവിടെ, ഈ‘ഭീകരനിറം ഉടനെ മായ്ച്ചുകളയുക.
അപ്പോഴെനിക്ക് മനസ്സിലായി. എന്റെ ബാല്യകാല സ്മരണകള്‍ തെറ്റാണ്. അപ്രകാരമൊന്നും സംഭവിച്ചിട്ടില്ല. അഥവാ സംഭവിച്ചു എന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ പിന്നെ എനിക്ക് ബാല്യകാലം തന്നെ ഇല്ല എന്ന നിലപാടിലേക്കെത്തേണ്ടിവരും. എന്നാലും സാരമില്ല. ആശുപത്രിയെ‘ഭീകര കേന്ദ്രമാക്കാതിരുന്നാല്‍ മതി. സ്‌കൂളുകളെ അപ്രകാരമാക്കിക്കൊണ്ടിരിക്കുകയാണ്. കറുപ്പടിച്ച്, ബ്ലാക്ക് ബോര്‍ഡ് എന്ന മനോഹരമായ പേരും പ്രതിനിധാനവുമുണ്ടായിരുന്ന ബോര്‍ഡുകളാകെ പച്ചയാക്കാന്‍ ആരെപ്പോള്‍ തീരുമാനിച്ചു? മറുപടി പറയൂ മൂരാച്ചികളേ, മുദ്രാവാക്യം മുഴങ്ങട്ടെ. ഭീകരത തുലയട്ടെ.
എവിടെ നിന്നാണ് ഇപ്പോഴത്തെ പച്ച വിവാദത്തിന്റെ തുടക്കം? ദളിത് വിഭാഗത്തില്‍ പെട്ട പ്രധാനാധ്യാപിക മന്ത്രിയെ പരസ്യമായി വിമര്‍ശിച്ചു എന്നതിന് ഉടനടി സ്ഥലം മാറ്റിയ തികച്ചും സ്വേച്ഛാധിപത്യപരമായ നടപടിയാണ് മോങ്ങാനിരുന്നവന്റെ തലയില്‍ തേങ്ങാ വീണതു പോലെ ആരംഭമായത്. എന്നാല്‍, അത്ര ലളിതമാണോ കാര്യങ്ങള്‍? മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ജൂലൈ 6-12 ലക്കത്തില്‍ മനില സി മോഹന്‍ എഴുതിയ ട്രൂ കോപ്പിയില്‍ പറയുന്നതു പോലെ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ജാതിയുടെ പേരില്‍ ഒരു പഞ്ചവാദ്യ കലാകാരനെ ഇറക്കി വിട്ടപ്പോള്‍ ഉണ്ടായതില്‍ നിന്നും മൂര്‍ച്ച കൂടിയ ചര്‍ച്ചകളും പ്രതികരണങ്ങളും കോട്ടണ്‍ ഹില്‍ സംഭവത്തില്‍ ഉണ്ടായി എന്നത് എന്താണ് വ്യക്തമാക്കുന്നത്? വാദിയെന്നതു പോലെ പ്രതിയും ജാതീയ, രാഷ്ട്രീയ ‘ഭൂരിപക്ഷത്തിന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരാണെന്നതു തന്നെ. ഇതിന്റെ പിറകെ പച്ച വിവാദം നീറിപ്പടരുകയും ചെയ്തു. പത്ര, ചാനല്‍ ഫോട്ടോഗ്രാഫര്‍മാര്‍, പച്ചയും തിരഞ്ഞ് തലങ്ങും വിലങ്ങും പാച്ചിലായി. ലൗ ജിഹാദും കുട്ടിക്കടത്ത് വിവാദവും എല്ലാം കൂടി കുഴച്ചു മറിച്ച പിളര്‍പ്പിലേക്കാണ് പച്ച ബോര്‍ഡും കടന്നുവന്നിരിക്കുന്നത്. മൃദുഹിന്ദുത്വവാദികളുടെയും തീവ്ര ഹിന്ദുത്വവാദികളുടെയും അര്‍മാദിക്കലിനിടയില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ചില പച്ചക്കുറിപ്പുകള്‍ മാത്രമാണ് ആശ്വാസമായത്:
മഴവില്ലില്‍ നിന്ന് പച്ച നിറം നിരോധിച്ചിരിക്കുന്നു. ഇനി മുതല്‍ വിബ്ജിയോര്‍ ഇല്ല, വിബ്‌യോര്‍ മതി. മിസ്റ്റര്‍ സൂര്യന്‍ ആന്‍ഡ് ടെക്‌നീഷ്യന്‍സ് ഓഫ് മഴവില്ല് ഷുഡ് നോട്ട് ദിസ് പോയിന്റ്. കേരളത്തില്‍ മഴവില്ല് നിര്‍മിക്കുമ്പോള്‍ ഈ ഉത്തരവ് ഓര്‍മയുണ്ടായിരിക്കണം (ഒളിയമ്പുകള്‍- മാരീചന്‍).
ചാറ്റ് ബോക്‌സില്‍ ആര് ഓണ്‍ലൈന്‍ വന്നാലും പച്ച നിറം. മുസ്‌ലിം ലീഗിന്റെ ഗൂഢാലോചന. അടിയന്തരമായി നിറം മാറ്റുക(സെബിന്‍ ഏബ്രഹാം ജേക്കബ്).
പച്ച അത്ര വെറുക്കപ്പെടേണ്ട നിറമല്ല. പ്രബുദ്ധ ജനതയെന്നു മേനി നടിക്കുന്ന കേരളീയരുടെ മുന്‍വിധികള്‍ പരിതാപകരമാണ്. സ്‌കൂളുകളില്‍ ബോര്‍ഡുകള്‍ പച്ച നിറത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ആയിക്കോട്ടെ. അതിലിപ്പോള്‍ എന്തായിത്ര തെറ്റ്? പ്രൊഫഷനല്‍ കോളജുകളില്‍ പണ്ടേക്കു പണ്ടേ ബോര്‍ഡുകളെല്ലാം പച്ച നിറമാണ് എന്ന് ഒരു വട്ടമെങ്കിലും അവിടേക്ക് എത്തിനോക്കിയവര്‍ക്ക് അറിയാം. അല്ലാതെ സകലതിലും രാഷ്ട്രീയം കലര്‍ത്തി വിവാദമുണ്ടാക്കി വിളവെടുക്കുന്ന മാധ്യമ രീതികള്‍ ‘ഭീകരമാണ്. അതെങ്ങനെ, പ്രസ ്ക്ലബ്ബില്‍ പോയി പേരിനൊരു ഡിപ്ലോമയും തരപ്പെടുത്തി പൊള്ളയായ മാധ്യമ ബോധവുമായി ന്യൂസ് റൂമുകളില്‍ പാഞ്ഞു കയറിയാല്‍ ഇത്രയൊക്കെയേ പ്രതീക്ഷിക്കാവൂ. ഒറ്റവാക്കില്‍ ഉത്തരമെഴുതാന്‍ മാത്രം സ്വദേശാഭിമാനി എന്ന “വാക്ക്’ കാണാപ്പാഠം പഠിക്കുന്നത്രയും ബാലിശമായ ചരിത്രബോധമേ ഇപ്പറഞ്ഞ കൂട്ടര്‍ക്കുള്ളൂ. പറഞ്ഞുവന്നത് പച്ച അത്ര വെറുക്കപ്പെടേണ്ട നിറമല്ല. കറുപ്പിനേക്കാള്‍ പച്ച തന്നെയാണ് എന്തുകൊണ്ടും നല്ലത്. അല്ലാതെ രാജാവ് മന്ദബുദ്ധി ആണെന്നു വെച്ച് നാട്ടില്‍ സൂര്യനുദിച്ചു കൂടാ എന്നൊക്കെ നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ (ഉണ്ണികൃഷ്ണന്‍ കാസ്റ്റ്‌ലെസ്സ്).
പച്ച ബോര്‍ഡിനെന്താ തടസ്സം? തടസ്സം പറയുന്നവരുടെ തലക്ക്“പച്ച നെല്ലിക്കാത്തളം’ വെക്കണമെന്ന് പറഞ്ഞാല്‍ അതും റബ്ബിന്റെ മേക്കിട്ട് കയറാന്‍ ഉള്ള വഹയാക്കുമോ എന്റെ റബ്ബേ! പച്ച അത്ര മോശം നിറമോ. അതിനോട് തൊട്ടുകൂടായ്മയോ? ക്ലാസ് മുറികളിലെ ബോര്‍ഡ് പച്ചയാക്കുന്നു എന്നത് പിടിച്ച് വാര്‍ത്തയാക്കുന്നതിനു മുമ്പെ എന്താണ് ഈ മേഖലയിലെ മാറ്റം എന്ന് ഒന്ന് ഓടിച്ചു നോക്കുക എങ്കിലും ചെയ്യേ ണ്ടത് അനിവാര്യമാണ്. അല്‍പ്പബുദ്ധികളെ വെച്ച് കൊണ്ടിരുന്നാല്‍ അതിനെ ജേര്‍ണലിസം എന്നാണോ ജീര്‍ണലിസം എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല. പച്ച ബോര്‍ഡ് ഗ്രൗണ്ട് ഗ്ലാസ് ഉപയോഗിക്കുന്നതാണ്. കണ്ണിന് നല്ലത് എന്നതു പോലെ തന്നെ പൊടി പറക്കില്ല എന്ന മെച്ചവുമുണ്ട്. ബ്ലാക്ക് ബോര്‍ഡിലെ പൊടിശല്യം കാരണം, ബോര്‍ഡ് ഉപയോഗിക്കാത്ത അധ്യാപകരുടെ എണ്ണവും കുറവല്ല എന്നതും ഓര്‍ക്കണം. ഡസ്റ്റ്ഫ്രീ ചോക്കും ഇന്ന് വിപണിയില്‍ ലഭ്യമാണ്, മിക്ക പച്ച ബോര്‍ഡുകളിലും ഈ ചോക്കും ഉപയോഗിക്കാറുണ്ട്്. എങ്ങും തൊടാതെ പച്ച, പച്ച എന്നെഴുതുക അല്ല വേണ്ടത്. ആ പച്ച ബോര്‍ഡ് നല്ലതാണെങ്കില്‍ അത് കാര്യകാരണസഹിതം ഒരു വരിയെങ്കിലും എഴുതണം. ഇനി പച്ച ബോര്‍ഡ് കൊള്ളില്ലെങ്കില്‍ അതിന്റെ കാരണവും എണ്ണിപ്പറയണം. ഇല്ലെങ്കില്‍ സമീപകാല പച്ച വാര്‍ത്താ പ്രളയത്തിലമര്‍ന്നു പോകും ഈ വാര്‍ത്ത. തൊണ്ണൂറുകളില്‍ വന്ന പുതിയ ഒരു സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം പഠിച്ചിരുന്നു. അന്ന് അവിടെ ബ്ലാക്ക് ബോര്‍ഡ് ആയിരുന്നില്ല, എല്ലാം പച്ച ബോര്‍ഡുകള്‍. അന്ന് ഭരണത്തില്‍ പച്ച പാര്‍ട്ടിയും അല്ലായിരുന്നു. ചുവപ്പ് പാര്‍ട്ടി ആയിരുന്നു! ഇക്കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ സ്വാശ്രയമായും അല്ലാതെയും എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെമ്പാടും ഉണ്ടായി. അവിടെ ഏറിയ കൂറും പച്ച ബോര്‍ഡ് ആണല്ലോ. ഇങ്ങനെയൊരു കോളജില്‍ മൂന്നര വര്‍ഷം പഠിപ്പിച്ചു. അവിടെയും പച്ച ബോര്‍ഡ് എന്നതായിരുന്നു അനുഭവം. വിരാമതിലകം: സമാനമായ ഒരു വാര്‍ത്ത ആറു മാസം മുന്നെ വന്നിരുന്നു. അന്ന് പച്ച (ഹരിത) എം എല്‍ എ വി ടി ബല്‍റാം പച്ചക്ക് എഴുതിയത് ഇങ്ങനെ: എന്റെ മണ്ഡലത്തില്‍ നടപ്പാക്കുന്ന സ്‌മൈയില്‍ തൃത്താല സമഗ്ര—വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായും ക്ലാസ് മുറികളില്‍ ബ്ലാക്ക് ബോര്‍ഡിനു പകരം പച്ച ബോര്‍ഡ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്്. വിവാദങ്ങളെയും ആക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്നു. (വി കെ ആദര്‍ശ്).
സ്ഥലപരിമിതി മൂലം മറ്റ് അനവധി ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും എടുത്തെഴുതാന്‍ കഴിയില്ല. എങ്കിലും പല കോണുകളില്‍ നിന്ന് ഇത്തരത്തില്‍ സമചിത്തത നഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നത് ഏറെ ആശ്വാസമായിരുന്നു. പച്ചക്കു പറഞ്ഞാല്‍ മനസ്സിനും ബോധത്തിനും കുളിര്‍മ പകര്‍ന്നു തന്നു എന്നു ചുരുക്കം. കാര്യം പിടി കിട്ടിയില്ലേ? വസ്തുവിന്റെ നിറമല്ല പ്രശ്‌നം, കണ്ണടയുടെ നിറമാണ്!

 

---- facebook comment plugin here -----

Latest