Connect with us

Kerala

കാര്‍ത്തികേയനെ മന്ത്രിയാക്കുന്നതിനെതിരെ തങ്കച്ചന്‍; അനുകൂലിച്ച് സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിസഭാ പുന:സംഘടന കീറാമുട്ടിയാകുന്നു. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജിവെച്ചാല്‍ മന്ത്രിയാക്കണമെന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. മന്ത്രിസഭയില്‍ വ്യാപകമായ അഴിച്ചുപണി നടത്തുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഗണേഷിന്റെ കാര്യത്തില്‍ നീക്കു പോക്ക് ആകാം. പാര്‍ട്ടിയുമായി ആലോചിച്ചല്ല കാര്‍ത്തികേയന്റെ രാജി പ്രഖ്യാപനമെന്നും കാര്‍ത്തികേയന്‍ സ്ഥാനമോഹിയാണെന്ന് കരുതുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. പാര്‍ട്ടിക്കാര്യം പറയേണ്ടത് തങ്കച്ചനല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതിനിടയില്‍ കെ സുധാകരന്‍ കാര്‍ത്തികേയനെ അനുകൂലിച്ച് രംഗത്തെത്തിയത് ഐ ഗ്രൂപ്പിന് തിരിച്ചടിയായി. ജി കാര്‍ത്തികേയന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് കെ സുധാകരന്‍ പറഞ്ഞു.പാര്‍ട്ടിയിലോ മന്ത്രിസഭയിലോ അദ്ദേഹത്തിന് ഉചിതമായ സ്ഥാനം തന്നെ നല്‍കണം. കാര്‍ത്തികേയനെ പോലെ ഒരാളെ സ്പീക്കര്‍ ആക്കാന്‍ പാടല്ലായിരുന്നു എന്നും സുധാകരന്‍ പറഞ്ഞു.

മന്ത്രിസഭ പുന:സംഘടിപ്പിക്കാനുള്ള പൂര്‍ണ്ണ അധികാരം മുഖ്യമന്ത്രിക്കാണെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. എങ്കിലും മുഖ്യമന്ത്രി പാര്‍ട്ടയുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ് കരുതുന്നതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

എംഎല്‍എ ആയ ആര്‍ക്കും മന്ത്രിയാകാമെന്നും സ്പീക്കര്‍ സ്ഥാനം രാജിവെച്ച് മന്ത്രിമാരായ ചരിത്രം ഉണ്ടെന്നും മന്ത്രി കെ ബാബു പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി 29ന് ഡല്‍ഹിയിലേക്ക് പോകും