Connect with us

Kerala

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍: ജെ ബി കോശി

Published

|

Last Updated

കൊച്ചി: ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരും അതുമായി രംഗത്തിറങ്ങുന്നവരും രാജ്യദ്രോഹികളാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ ബി കോശി. തുടരെ തുടരെ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളെ അധികാരത്തില്‍ കയറ്റില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “സേ നോ ടു ഹര്‍ത്താല്‍ ക്യാമ്പയിന്‍” കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ബദല്‍ എന്ന പേരില്‍ എണാകുളം ടൗണ്‍ ഹാളില്‍ നടന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹര്‍ത്താല്‍ രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള ദ്രോഹമാണ്. നിര്‍ബന്ധിത ഹര്‍ത്താല്‍ ബന്ദിന് തുല്യമാണ്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധമാണ്. ഒപ്പം കോടതിയലക്ഷ്യവും. ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നത് ഏതു പാര്‍ട്ടിയാണെങ്കിലും ശരി അവരെ അധികാരത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തണം.
രാജ്യം പിറകോട്ടടിക്കുകയാണ് ഹര്‍ത്താലിലൂടെ സംഭവിക്കുന്നത്. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന വിഷമങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രശ്‌നമല്ല. അവര്‍ അവരുടെ മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കും. എന്നിട്ട് ഇവിടെ സമരവും ഹര്‍ത്താലും നടത്തും. അനാവശ്യമായി സമരം നടത്തുന്നവരോടും ഹര്‍ത്താല്‍ നടത്തുന്നവരോടും ജനങ്ങള്‍ക്ക് വിരോധമാണ് ഉള്ളത്. ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പോടെ അത് കുറച്ചെങ്കിലും തെളിഞ്ഞു. ഹര്‍ത്താലിനെതിരെ നിരവധി കോടതി വിധികള്‍ ഉണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. നിര്‍ബന്ധിച്ച് ഒരാള്‍ക്ക് മറ്റൊരാളോട് ജോലി ചെയ്യരുതെന്ന് പറയാനോ ജോലി ചെയ്യുന്നത് തടയാനോ രാജ്യത്തെ നിശ്ചലമാക്കാനോ അവകാശമില്ല. ഹര്‍ത്താലിന്റെ പേരില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ആക്രമിച്ചിട്ട് എന്തു ഗുണമാണ് ലഭിക്കുന്നതെന്നും ജസ്റ്റിസ് ജെ ബി കോശി ചോദിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ എടുക്കുന്ന കേസില്‍ ജ്യാമ്യം ലഭിക്കണമെങ്കില്‍ നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന കോടതി വിധി സ്വാഗതാര്‍ഹമാണ്. ഡീസലിന്റെ വില കൂട്ടിയതിന്റെ പേരില്‍ ഇവിടെ ഹര്‍ത്താല്‍ നടത്തി ബസുകള്‍ തല്ലിപ്പൊട്ടിച്ചാല്‍ വര്‍ധിപ്പിച്ച വില കുറയില്ല. ഇതെല്ലാം രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തുന്ന പരിപാടികളാണ്. പത്തുപേര്‍ മാത്രമുള്ള പാര്‍ട്ടി വിചാരിച്ചാലും ഇവിടെ സമരം നടക്കുമെന്നതാണ് അവസ്ഥ. സദ്ദാം ഹുസൈന്‍ മരിച്ചപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ എക സ്ഥലം കേരളമാണ്. ആവശ്യമുള്ളതിനും ഇല്ലാത്തതിനുമെല്ലാം ഇവിടെ സമരമാണ്. ഏതെങ്കിലും ഹര്‍ത്താലുകൊണ്ട് എന്തെങ്കിലും പ്രയോജനം സമൂഹത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് ഇത് നടത്തുന്നവര്‍ ആലോചിക്കണമെന്നും ജസ്റ്റിസ് ജെ ബി കോശി ആവശ്യപ്പെട്ടു.

 

Latest