Connect with us

Ongoing News

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് 45 വര്‍ഷം

Published

|

Last Updated

വാഷിംഗ്ടണ്‍: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയിട്ട് ഇന്നേക്ക് 45 വര്‍ഷം പൂര്‍ത്തിയായി. 1969 ജൂലൈ 20ന് രാത്രി 10.56നാണ് നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ കാലുകുത്തി ചരിത്രം സൃഷ്ടിച്ചത്. “ഇത് ഒരു മനുഷ്യന്റെ ചെറിയ കാല്‍വെപ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ ഒരു വന്‍കുതിച്ചുചാട്ടവും”” ചന്ദ്രനില്‍ കാല്‍കുത്തമ്പോള്‍ ആംസ്‌ട്രോങ് വിളിച്ചുപറഞ്ഞു. മനുഷ്യരാശിയുടെ ചരിത്രത്തിലെ എക്കാലത്തെയും തിളക്കാമാര്‍ന്ന അധ്യായമായാണ് ചാന്ദ്രസ്പര്‍ശത്തെ കാണുന്നത്.

1969 ജൂലൈ 16ന് ഫ്‌ലോറിഡയില്‍ നിന്നാണ് രണ്ട് ബഹിരാകാശ യാത്രികരുമായി അമേരിക്കന്‍ ദൗത്യമായ അപ്പോളോ 11 ചന്ദനിലേക്ക് കുതിച്ചത്. ഈഗിള്‍ എന്ന ചാന്ദ്രപേടകത്തില്‍ ജൂലൈ 20ന് ആംസ്‌ട്രോങ്, ആള്‍ഡ്രിന്‍ എന്നിവര്‍ ചന്ദ്രനില്‍ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവര്‍ ഇറങ്ങിയത്. 21 മണിക്കൂര്‍ 31 മിനിറ്റ് സമയം ഇവര്‍ ചന്ദ്രോപരിതലത്തില്‍ ചിലവഴിച്ചു. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തില്‍ കോളിന്‍സ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24ന് മൂവരും ഭൂമിയില്‍ തിരിച്ചെത്തി.

ഏതാണ്ട് ഏഴ് മണിക്കൂറോളം വാഹനത്തിനുള്ളില്‍ കഴിച്ചു കൂട്ടിയശേഷം പ്രത്യേകതരം കുപ്പായങ്ങളും ശിരോവേഷ്ടനങ്ങളും ധരിച്ച്, ആംസ്‌ട്രോങ് എട്ട് മണിക്ക് ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. ഏതാനും നേരം ചാന്ദ്രപ്രതലത്തില്‍ നടന്നശേഷം ആംസ്‌ട്രോങ് തിരിച്ചുവന്ന് ആല്‍ഡ്രിനെ ഏണിവഴി ഇറങ്ങാന്‍ സഹായിച്ചു. ഇത്രയും സമയം ആല്‍ഡ്രിന്‍ ആംസ്‌ട്രോങിന്റെ ഫോട്ടോയെടുത്തു ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ചേര്‍ന്ന് യു.എസ്സിന്റെ കൊടി ചന്ദ്രനില്‍ നാട്ടി. യു.എസ്സിലേയും മുന്‍ യു.എസ്.എസ്. ആറിലേയും നിര്യാതരായ ശൂന്യാകാശ സഞ്ചാരികളുടെ മെഡലുകളും ഒരു ലോഹത്തകിടും അവിടെ നിക്ഷേപിച്ചു. ലോഹത്തകിടില്‍ ഇങ്ങനെ എഴുതിയിരുന്നു. ഇവിടെ ഭൂഗ്രഹത്തില്‍നിന്നുള്ള മനുഷ്യര്‍ ചന്ദ്രനില്‍ ആദ്യമായി കാല്കുത്തി. എ.ഡി. 1969 ജൂലൈ.; സമസ്തമാനവര്‍ക്കുമായി സമാധാനപരമായി എത്തിച്ചേര്‍ന്നു. (ഒപ്പ്) എന്‍.എ. ആംസ്‌ട്രോങ്, മൈക്കല്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍, റിച്ചാര്‍ഡ് എം. നിക്‌സണ്‍ (പ്രസിഡന്റ്, യു.എസ്.എ.)”.

Latest