Connect with us

National

ആത്മഹത്യയില്‍ സ്ത്രീകളേക്കാള്‍ മുന്നില്‍ പുരുഷന്മാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്‍മാരുടെ എണ്ണം സ്ത്രീകളേക്കാള്‍ കൂടുതലെന്ന് പഠന റിപോര്‍ട്ട്. 2013ല്‍ മൊത്തം 1.34 ലക്ഷം ആളുകളാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ പുരുഷന്‍മാരുടെ എണ്ണം 64,098 ആണ്. സ്ത്രീകളുടെത് 29,491ഉം. നാഷനല്‍ ക്രൈം ബ്യൂറോയുടെ (എന്‍ സി ആര്‍ ബി) 2013ലെ കണക്ക് പ്രകാരമാണ് ഇത്. 2012ല്‍ സ്ത്രീകളായിരുന്നു ആത്മഹത്യക്ക് മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ 2013 ആയപ്പോഴേക്കും ആത്മഹത്യ ചെയ്യുന്ന പുരുഷന്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും സ്ത്രീ ആത്മഹത്യകളുടെ എണ്ണം കുത്തനെ കുറയുകയും ചെയ്തു.
എല്ലാ വര്‍ഷവും ശരാശരി ഒരു ലക്ഷത്തിലധികം പേര്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 2013ല്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആത്മഹത്യാ കണക്ക് നോക്കുകയാണെങ്കിലും ആണ്‍കുട്ടികള്‍ തന്നെയാണ് മുന്നില്‍. ആത്മഹത്യ ചെയ്തവരില്‍ 80,000 പേരും 15നും 44നും ഇടക്ക് പ്രായമുള്ളവരാണ്. 15മുതല്‍ 29 വരെയും 30മുതല്‍ 34വരെയും ഉള്ളവരാണ് ആത്മഹത്യയില്‍ ആദ്യ സ്ഥാനത്തുള്ളത്. മൊത്തം ആത്മഹത്യ ചെയ്തവരില്‍ 34.4 ശതമാനവും യുവാക്കളാണ്. 15നും 29നും ഇടയിലുള്ളവര്‍ ആത്മഹത്യ ചെയ്തത് 33.8 ശതമാനം വരും.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 15 ആത്മഹത്യകള്‍ നടക്കുന്നുവെന്നാണ് പഠനം. 48.6ശതമാനം കേസുകളിലും ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. പല ആത്മഹത്യകളും റിപോര്‍ട്ട് ചെയ്യപ്പെടുന്നുമില്ല. മരണത്തിലേക്ക് നയിക്കുന്ന ആത്മഹത്യക്ക് മുമ്പ് 10 പ്രാവശ്യമെങ്കിലും ആത്മഹത്യക്ക് ശ്രമിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
പുരുഷന്‍മാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം മദ്യത്തിന്റെ ഉപയോഗമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Latest