Connect with us

Ongoing News

കനിവ് കിനിയട്ടെ

Published

|

Last Updated

ഈയടുത്ത് കുണ്ടൂരിലെ അലിയെ കണ്ടു. ഇരു കൈകാലുകളും തളര്‍ന്ന് ശയ്യാവലംബിയായ യുവാവ്. ഏഴാം വയസ്സില്‍ പിടികൂടിയ പനിയാണ് ജീവിതം മാറ്റിമറിച്ചത്. തുടര്‍ന്ന് ശരീരത്തിന് ബലക്ഷയം സംഭവിച്ചു തുടങ്ങി. ക്രമേണ ഇരുകാലുകളും തളര്‍ന്ന്, പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പ്രയാസപ്പെടുന്ന അവസ്ഥ.
അലിയുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിമ്പടം വീണു. ജീവിതം ഒരു കൊച്ചുമുറിയിലേക്ക് ചുരുണ്ടുകൂടി. ദീര്‍ഘമായ മുപ്പത് വര്‍ഷമായി വിധിയുടെ തടവറയില്‍ മനസ്സിന്റെ ഏതോ ഒരു കോണില്‍ കത്തുന്ന പ്രതീക്ഷയുടെ തിരിവെട്ടവുമായി അവന്‍ ജീവിതം ഉന്തി നീക്കുകയാണ്. പരിസരത്തെ ചിലരുടെ കനിവില്‍ നിന്ന് ഒരു തുള്ളി കിനിഞ്ഞാല്‍ മതി അലിക്ക് പുറം ലോകത്തേക്ക് ഒരു വഴി തുറന്നുകിട്ടും. നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ശ്രമമുണ്ടായാല്‍ ഏത് കാരുണ്യ പ്രവര്‍ത്തനവും വിജയിക്കും. എത്ര എത്ര അലിമാര്‍ നമുക്ക് ചുറ്റും തീ തിന്നുന്നു? എത്ര ദരിദ്രര്‍ നരകിക്കുന്നു? എത്ര വിധവകള്‍ വിശന്നു കരയുന്നു? എത്ര രോഗികള്‍ വേദന കൊണ്ട് പുളയുന്നു? ഒരു വാക്ക്, ഒരു നോക്ക്, ഒരു സ്പര്‍ശം, ഒരു പുഞ്ചിരി, സാന്ത്വനം, സ്‌നേഹം, ഇടം, അന്നം, മരുന്ന്, വിരിപ്പ്, വഴി, വാഹനം, പലര്‍ക്കും പലതാണ് വേണ്ടത്.
എത്ര മാനവികമാണ് നമ്മുടെ മതം? രോഗിയെ ശുശ്രൂഷിക്കാന്‍ ജുമുഅ ഉപേക്ഷിക്കാമെന്ന് പറയുന്നു, ജമാഅത്ത് നടന്നുകൊണ്ടിരിക്കേ റോഡില്‍ ബസപകടം (ഉദാ) ഉണ്ടായതറിഞ്ഞാല്‍ അപകട സ്ഥലത്തേക്ക് ഓടിയെത്തണം എന്ന് കല്‍പ്പിക്കുന്ന, ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ പിറകിലുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കും വിധം സൂറത്തുകള്‍ നീട്ടി ഓതുന്നത് നിരോധിക്കുന്ന മതം! നാട്ടിലെ അശരണരുടെ വേദനകളില്‍ പങ്ക ്‌ചേരേണ്ടത് സമ്പന്നരായ മുസ്‌ലിംകളുടെ നിര്‍ബന്ധിത ബാധ്യതയാണ്.
തന്റെ നാട്ടില്‍ അന്നം കിട്ടാതെ, ശുദ്ധജലം കുടിക്കാന്‍ സൗകര്യങ്ങളില്ലാതെ, വിശ്രമിക്കാന്‍ കിടപ്പാടമില്ലാതെ ചികിത്സക്കാവശ്യമായ പണമില്ലാതെ, മയ്യിത്ത് സംസ്‌കരണത്തിന് ശേഷിയില്ലാതെ ആരെങ്കിലും കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് ദിമ്മിയ്യായ കാഫിറാണെങ്കില്‍പോലും പണക്കാരന്‍ കുറ്റക്കാരനാകും. അപ്പോള്‍ നാട്ടില്‍ ഒരാള്‍ അവശതയനുഭവിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അവശത തീര്‍ക്കാനാവശ്യമായ പണം കൈയിലുള്ള വ്യക്തി അതിന് മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍ ആ പണം കൊണ്ട് അദ്ദേഹത്തിന്റെ അവശത തീര്‍ക്കുകയാണ് വേണ്ടത്. അതിനുള്ള പണം നീക്കിവെച്ചാല്‍ അയാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാവശ്യമായ പണം തികയുകയില്ലെങ്കില്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല! ദുര്‍ബലര്‍ക്കിടയില്‍ എന്നെ അന്വേഷിക്കുവിന്‍ എന്നാണ് മുത്ത്‌നബി നമ്മെ പഠിപ്പിച്ചത്. അവിടുന്ന് ജനങ്ങളില്‍ വെച്ചേറ്റവും ഉദാരനായിരുന്നു. റമസാന്‍ മാസത്തില്‍ ഇതര മാസങ്ങളിലേതിനേക്കാള്‍ അവിടുന്ന് ദാനം ചെയ്തിരുന്നു…(ബുഖാരി)

Latest