Connect with us

International

ഹമാസ് വെടിനിര്‍ത്തലിന്: ആക്രമണം നിര്‍ത്താതെ ഇസ്‌റാഈല്‍

Published

|

Last Updated

ഗാസാ സിറ്റി/ ജറൂസലം: ഗാസയില്‍ ഇരുപത്തിനാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. യു എന്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനം എടുക്കുന്നതിനും ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നതിനാലുമാണ് വെടിനിര്‍ത്തലിന് തയ്യാറാകുന്നതെന്ന് ഹമാസ് വക്താവ് പറഞ്ഞു. പ്രാദേശിക സമയം ഇന്നലെ ഉച്ചക്ക് രണ്ട് മണി മുതലാണ് വെടിനിര്‍ത്തലിന് ഹമാസ് തയ്യാറായത്. എന്നാല്‍, ഇതിനോട് ഇസ്‌റാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്‌റാഈല്‍ ഇരുപത്തിനാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്‌റാഈല്‍ ആക്രമണം വീണ്ടും ശക്തമാക്കിയത്. ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്മാറാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്ന നിലപാടായിരുന്നു ഹമാസ് നേരത്തെ സ്വീകരിച്ചിരുന്നത്. ഇസ്‌റാഈല്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ല.
പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്‌റാഈലും ഹമാസും ശനിയാഴ്ച തയ്യാറായിരുന്നു. പിന്നീട് ഇത് നാല് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ ഇസ്‌റാഈല്‍ മന്ത്രിസഭ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, സൈന്യത്തെ ഗാസയില്‍ നിന്ന് പിന്‍വലിക്കില്ലെന്നും ഹമാസിന്റെ തുരങ്കങ്ങളില്‍ ആക്രമണം നടത്തുമെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കിയിരുന്നു. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നോട്ടു വെച്ചത് ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശമായിരുന്നു. ആ ഘട്ടത്തില്‍ തന്നെ ഇസ്‌റാഈല്‍ സൈനിക സാന്നിധ്യം ഗാസാ മുനമ്പില്‍ ഉണ്ടാകും. ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഹമാസ്.
ഹമാസ് വെടിനിര്‍ത്തലിനു തയ്യാറായ ശേഷവും ഗാസയില്‍ ശക്തമായ ആക്രമണം നടക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളിലാണ് ശക്തമായ ആക്രമണം നടക്കുന്നത്. ആക്രമണം പുനഃസ്ഥാപിച്ച ഇസ്‌റാഈല്‍ സൈന്യം, കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആക്രമണം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ശക്തമായ ആക്രമണമാണ് ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.
നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപത് ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ആയിരത്തിലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഒരേസമയം കര, വ്യോമ, നാവിക ആക്രമണങ്ങള്‍ തുടരുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ ഷെല്ലാക്രമണം നടക്കുമ്പോള്‍ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നാവികസേന ആക്രമണം തുടരുകയാണ്. ഇതിനൊപ്പം ശക്തമായ വ്യോമാക്രമണവും നടക്കുന്നുണ്ട്. മധ്യ ഗാസയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പ്രാദേശിക, അന്ത്രാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകളും തകര്‍ന്നിട്ടുണ്ട്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള അല്‍ അഖ്‌സ ടി വിയുടെ ഓഫീസും ഇതില്‍ ഉള്‍പ്പെടും. മാധ്യമ ഓഫീസുകള്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു.
ഇരുപതോളം റോക്കറ്റ് ആക്രമണങ്ങള്‍ ഇസ്‌റാഈലിനു നേരെ നടത്തിയതായി ഹമാസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1,054 പേരാണ് ഗാസയില്‍ ഇതുവരെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന സാധാരണക്കാരാണെന്ന് യു എന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറായിരത്തിലധികം പേര്‍ക്കാണ് പരുക്കേറ്റത്. 43 ഇസ്‌റാഈല്‍ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

 

Latest