Connect with us

National

ബി ജെ പിയും ശിവസേനയും ശ്രമിക്കുന്നത് രാജ്യത്തെ വെട്ടിമുറിക്കാനെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

പനജി: ബി ജെ പിയെയും ശിവസേനയെയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം വിഭജിക്കാനുള്ള ഈ രണ്ട് പാര്‍ട്ടികളുടെ ഹീനമായ തന്ത്രത്തെ ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്. ഗോവ ഉപമുഖ്യമന്ത്രിയുടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നുള്ള പ്രസ്താവനയോട് പ്രതികരിക്കവെ, ബി ജെ പിക്കും ശിവസേനക്കും ഇടയില്‍ യാതൊരു വ്യത്യാസമില്ലെന്നും ഇവര്‍ രണ്ട് പേരും ശ്രമിക്കുന്നത് രാജ്യത്തെ വിഭജിക്കാനാണെന്നും കോണ്‍ഗ്രസ് ഇതിനെതിരെയുള്ള പോരാട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദമായ പരാമര്‍ശം നടത്തിയ ഗോവ മുഖ്യമന്ത്രിയെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഗോവയില്‍ കോണ്‍ഗ്രസും എന്‍ സി പിയും ശക്തമാക്കിയിരിക്കുകയാണ്. ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നടപടിക്ക് മടിക്കുകയാണെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
ഗോവയിലെ കത്തോലിക് ചര്‍ച്ചും ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകളുടെ ഉത്തരവാദിത്വം ഇപ്പോഴത്തെ സര്‍ക്കാറിനാണെന്നും ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കിയിരിക്കെ, ഹിന്ദു രാഷ്ട്രമെന്ന് വിളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ മതേതരത്വം വളര്‍ത്തുന്നതിന് പകരം സര്‍ക്കാറിന്റെ ചര്‍ച്ചകള്‍ മുഴുവനും വിഭജനത്തിന് വേണ്ടിയാണെന്നും ജോണ്‍ ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.

Latest