Connect with us

Business

കുരുമുളക് വില മുക്കാല്‍ ലക്ഷത്തിലേക്ക്

Published

|

Last Updated

കൊച്ചി: കുരുമുളക് വില മുക്കാല്‍ ലക്ഷത്തിലേക്ക്. കൊപ്രയുടെ ലഭ്യത ചുരുങ്ങിയതോടെ മില്ലുകാര്‍ ചരക്കിനായി വീണ്ടും തമിഴ്‌നാട്ടില്‍. വിപണിയില്‍ റബ്ബര്‍ കൂടുതല്‍ സമ്മര്‍ദത്തിലേക്ക്. സ്വര്‍ണ വില ചാഞ്ചാടി; പവന്റെ വില കുറഞ്ഞു.
കുരുമുളക് വില ചരിത്രത്തില്‍ ആദ്യമായി ക്വിന്റലിനു മുക്കാല്‍ ലക്ഷം രൂപയിലേക്ക് ഉയര്‍ന്നു. രൂക്ഷമായ ചരക്ക് ക്ഷാമം തന്നെയാണ് വിപണിയെ ഉയരങ്ങളില്‍ എത്തിച്ചത്. ഹൈറേഞ്ചില്‍ നിന്ന് കാര്യമായി കുരുമുളക് വിപണിയിലേക്ക് നീങ്ങിയില്ല. ഉത്തരേന്ത്യക്കാര്‍ രംഗത്തുണ്ടെങ്കിലും വന്‍ വില കണക്കിലെടുത്ത് അവര്‍ സംഭരണ തോത് കുറച്ചു. വിദേശ വ്യാപാര രംഗവും മാന്ദ്യത്തിലാണ്. വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 13,050 ഡോളര്‍. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളകിനു 75,000 രൂപയുമാണ്.
സംസ്ഥാനത്ത് റബ്ബര്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വില കണ്ടു. നാലാം ഗ്രേഡ് റബ്ബര്‍ 14,100 രൂപയില്‍ ഓപണ്‍ ചെയ്‌തെങ്കിലും ഈ നിരക്കില്‍ കച്ചവടങ്ങളില്‍ ഏര്‍പ്പെടാന്‍ വ്യവസായികള്‍ മടിച്ചു. ഇതോടെ ഏറെ നിര്‍ണായകമായ 13,900 ലെ താങ്ങും തകര്‍ത്ത് വില 13,800 ലേക്ക് ഇടിഞ്ഞു. നിരക്ക് താഴ്ന്നിട്ടും കമ്പനിക്കാര്‍ ഷീറ്റില്‍ താത്പര്യം കാണിച്ചില്ല. അഞ്ചാം ഗ്രേഡ് 13,300 രൂപയില്‍ നിന്ന് 13,100 രൂപയായി. ഒട്ടുപാല്‍ 8700 ലേക്കും ലാറ്റക്‌സ് 9800 ലേക്കും ഇടിഞ്ഞു.
കൊച്ചി, കോട്ടയം, മലബാര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും വിട്ടു നിന്നു. മഴ മൂലം റബ്ബര്‍ ടാപിംഗ് രംഗം തളര്‍ച്ചയിലാണ്. ഷീറ്റ് വില അനാകര്‍ഷകമായത് കര്‍ഷകരെ റബ്ബര്‍ വെട്ടില്‍ നിന്ന് പിന്തിരിപ്പിച്ചു.
നാളികേരോത്പന്നങ്ങളുടെ വില വീണ്ടും ഉയര്‍ന്നു. കൊച്ചിയില്‍ വെളിെച്ചണ്ണ വില 15,300 രൂപയായി. മാസാരംഭത്തില്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വീണ്ടും ചുട് പിടിക്കുമെന്ന കണക്കുകൂട്ടലിലാണ് മില്ലുകാര്‍. മഴ മൂലം നാളികേര വിളവെടുപ്പ് സജീവമല്ല. കൊച്ചിയില്‍ കൊപ്ര 10,600 രൂപയിലും കോഴിക്കോട് 10,800 ലും തൃശൂരില്‍ 10,310 ലുമാണ്.
ഉത്തരേന്ത്യയില്‍ നിന്ന് ചുക്കിനു ഓര്‍ഡറില്ല. ആ സംസ്ഥാനങ്ങള്‍ മഴയുടെ പിടിയില്‍ പെട്ട സാഹചര്യത്തില്‍ ഓര്‍ഡറുകള്‍ എത്താന്‍ ഇടയുണ്ട്. മീഡി യം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്.
കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നു. പവന്‍ 21,160 രൂപയില്‍ നിന്ന് 20,800 ലേക്ക് ഇടിഞ്ഞു. ശനിയാഴ്ച നിരക്ക് 21,000 ലാണ്. ഒരു ഗ്രാമിന്റെ വില 2625 രൂപ. ലണ്ടനില്‍ സ്വര്‍ണം ഓപണിംഗ് വേളയില്‍ ഔണ്‍സിനു 1310 ഡോളറിലായിരുന്നെങ്കിലും ഒരവസരത്തില്‍ 1289 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗ് നടക്കുമ്പോള്‍ 1309 ഡോളറായി..