Connect with us

Kerala

പ്ലസ് ടുവില്‍ അഴിമതി ആരോപിക്കുന്നവര്‍ തെളിവ് ഹാജരാക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതില്‍ അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിക്ക് യാതൊരിടവും നല്‍കാത്ത തരത്തിലുള്ള പാക്കേജാണ് വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്നത്. ഈ വിഷയത്തില്‍ ഇപ്പോഴുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അധിക ബാച്ച് ലഭിക്കാത്തവരാണ് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബാച്ചുകള്‍ കൂടിയെന്നും പുതിയവ വേണമെന്നും പരാതി ലഭിച്ചിട്ടുണ്ട്. പുതിയ ബാച്ച് ആരംഭിക്കാന്‍ തത്കാലം ആലോചിച്ചിട്ടില്ല. എല്ലാത്തിലും വിവാദങ്ങളുണ്ടാക്കി നല്ല കാര്യങ്ങളെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. േ
സാളാര്‍ തട്ടിപ്പിന്റെ പേരില്‍ എത്ര ദിവസമാണ് വിവാദങ്ങള്‍ ഉണ്ടാക്കിയത്. പിന്നീട് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചപ്പോള്‍ തെളിവ് നല്‍കാന്‍ പോലും ആരുമെത്തിയില്ല. ഒടുവില്‍ നിയമസഭയില്‍ സര്‍ക്കാര്‍ പറഞ്ഞതും പത്രങ്ങളിലെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി കമ്മീഷന്‍ അന്വേഷണം തുടങ്ങി.
പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിക്കു പോലും അവസരം നഷ്ടപ്പെടരുതെന്ന് കരുതിയാണ് സര്‍ക്കാര്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചത്. അഴിമതി വേണമെന്ന് ആഗ്രഹിച്ചാല്‍ പോലും നടക്കാത്ത പാക്കേജാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതുവഴി 400 കോടിയുടെ നാലില്‍ ഒന്നു പോലും അധികബാധ്യത സര്‍ക്കാറിനു ഉണ്ടായിട്ടില്ല. 10 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകള്‍ നിര്‍ത്തുന്നതു സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഇത്തരത്തിലുള്ള 200ഓളം സ്‌കൂളുകളുണ്ട്. 25ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ അടുത്ത വര്‍ഷം മുതല്‍ 25ന് മുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അന്യസംസ്ഥാന ലോട്ടറി വില്‍പ്പനക്കാരന്‍ സാന്റിയാഗോ മാര്‍ട്ടിനെ മൂന്ന് വര്‍ഷം കേരളത്തിന് പുറത്ത് നിറുത്തിയത് ഈ സര്‍ക്കാറാണ്. തുടര്‍ന്നും സാന്റിയാഗോ മാര്‍ട്ടിനെ പുറത്തുനിര്‍ത്താനുള്ള നടപടിയാകും സര്‍ക്കാര്‍ സ്വീകരിക്കുക. ലോട്ടറിക്ക് മാനുഷിക മുഖം നല്‍കുകയും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി അതില്‍ നിന്ന് ഫണ്ട് കണ്ടെത്തി വിനിയോഗിക്കുകയും ചെയ്തു.
വിവാദങ്ങള്‍ക്ക് ഇടനല്‍കാത്ത സമീപനമാണ് ലോട്ടറി രംഗത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്നു ഇതേ സമീപനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ലോട്ടറി കേസില്‍ ഇപ്പോഴുണ്ടായ സുപ്രീം കോടതിയുടെ വിധി കേരളത്തിനെതിരല്ല. കേന്ദ്ര നിയമങ്ങളുടെ സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിധിയാണ് ഉണ്ടായിട്ടുള്ളത്. സുപ്രീം കോടതിയുടെ വിധി പഠിച്ചശേഷം നിയമ നടപടിയും കേന്ദ്ര നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടാനുള്ള ഭരണപരമായ നടപടിയും സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മൂന്നാര്‍ വിഷയത്തിലെ കോടതിവിധിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.