Connect with us

Kerala

ഇനി അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്താം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാറിന്റെ വിവിധ അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ സ്വയം സാക്ഷ്യപ്പെടുത്താം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലക്ക് അറ്റസ്റ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെയും തീരുമാനം. ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയത്. നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമാകുന്ന ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുക, ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ജനപ്രിയ നടപടി. നോട്ടറിയില്‍ നിന്നും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തു കിട്ടണമെങ്കില്‍ 100 മുതല്‍ 500 വരെ രൂപ അപേക്ഷകര്‍ നല്‍കേണ്ടി വരുന്ന സാഹചര്യവും സാധാരണയാണ്. മതിയായ രേഖകള്‍ സമയത്ത് ഹാജരാക്കാത്തതിനാല്‍ പലര്‍ക്കും സമയത്തിന് ഡോക്യുമെന്റുകള്‍ അറ്റസ്റ്റ് ചെയ്ത് കൊടുക്കാന്‍ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല എന്നതും ഉദ്യോഗാര്‍ഥികളെ വലച്ചിരുന്നു. അതേസമയം, നിയമനം പോലുള്ള സര്‍ക്കാര്‍ നടപടികളിലും മറ്റും അവസാന ഘട്ടത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. അറ്റസ്റ്റേഷനില്‍ മാത്രമാണ് ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നടപ്പാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ലോകബേങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി പദ്ധതിയുടെ നടത്തിപ്പ്, അവലോകനം എന്നിവക്കായി പ്രൊജക്ട് സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം നല്‍കി. സര്‍ക്കാര്‍ കോളജുകള്‍ ഇല്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളജ് തുടങ്ങുന്ന പദ്ധതിയുടെ ഭാഗമായി ഒല്ലൂരില്‍ സര്‍ക്കാര്‍ കോളജിന് അനുമതി നല്‍കി. ബി കോം, ബി ബി എ, ബി എ ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് കോഴ്‌സുകളാണ് കോളജിന് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ 50 പേരടങ്ങുന്ന ആദ്യ സംഘം ടുനീഷ്യ വഴി ഇന്ന് യാത്രതിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലിബിയയില്‍ ഏകദേശം 1,500 മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇതില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് എംബസിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടവര്‍ 118 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ട്രിപ്പോളിയുടെ സമീപ നഗരമായ മിത്തഗ വഴി നഴ്‌സുമാരെ കൊണ്ടുവരാന്‍ എളുപ്പമാണെങ്കിലും ട്രിപ്പോളിയില്‍ നിന്നുള്ള ആക്രമണം ഭയന്ന് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest