Connect with us

Ongoing News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ടിന്റു ലൂക സെമിയില്‍

Published

|

Last Updated

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ മലയാളി താരമായ ടിന്റു ലൂക്ക സെമിയില്‍ കടന്നു. അതേ സമയം വനിതകളുടെ ലോംഗ്ജമ്പില്‍ മലയാളി താരം മയൂഖ ജോണിക്ക് ഫൈനലിലെത്താനായില്ല. ടിന്റു ലൂക്ക മൂന്നാമത്തെ ഹീറ്റ്‌സില്‍ 2:02.74 സെക്കന്‍ഡില്‍ നാലാമതായാണ് ഫിനീഷ് ചെയ്തത്. യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ആറാമത്തെ സമയമാണ് ടിന്റുവിന്റേത്. 2:01.73 സെക്കന്‍ഡില്‍ ഓടിയെത്തിയ കാനഡയുടെ മെലിസ്സ ബിഷപ്പിന്റേതാണ് ഏറ്റവും മികച്ച സമയം.
നാല് ഹീറ്റ്‌സ് മത്സരങ്ങളില്‍ നിന്നും വിജയിച്ച 12 പേര്‍ക്ക് പുറമെ ഓരോ ഹീറ്റ്‌സിലും മികച്ച സമയം കുറിച്ച നാല് പേരെക്കൂടി സെമിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെയാണ് ടിന്റുവും സെമിയിലെത്തിയത്.
യോഗ്യത റൗണ്ടില്‍ 6.11 മീറ്റര്‍ ചാടിയ മയൂഖയ്ക്ക് എട്ടാം സ്ഥാനത്ത് മാത്രമെ എത്താനായുള്ളു. ആദ്യ ശ്രമത്തില്‍ 6.11 മീറ്റര്‍ ചാടിയ മയൂഖയ്ക്ക് പിന്നീട് ആറ് മീറ്ററും 5.89 മീറ്ററുമാണ് താണ്ടാനായത്.പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍പ്രതീക്ഷയുണ്ട്. 64.32 മീറ്റര്‍ എറിഞ്ഞ ഇന്ത്യയുടെ വികാസ് ഗൗഡയുടേതാണ് യോഗ്യതാറൗണ്ടിലെ ഏറ്റവും മികച്ച ദൂരം. രണ്ടാമത്തെ മികച്ച ദൂരം കണ്ടെത്തിയ സൈപ്രസ് താരത്തേക്കാള്‍ മൂന്ന് മീറ്റര്‍ കൂടുതലാണ് വികാസിന്റെതെന്നത് സുവര്‍ണപ്രതീക്ഷ നല്‍കുന്നു.

Latest